ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സംഘർഷത്തിൽ കൈയിലേറ്റ  പരുക്ക് വ്യാജമെന്നാരോപിച്ചു സിപിഎം അഴിച്ചുവിട്ട പ്രചാരണത്തിനെതിരെ കെ.കെ.രമ നിയമനടപടി സ്വീകരിക്കും. ആരോപണം ആദ്യം ഉന്നയിച്ച കെ.എം.സച്ചിൻ ദേവ് എംഎൽഎയ്ക്കും അതിനെ പിന്തുണച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അടക്കമുള്ളവർക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്നു കെ.കെ.രമ ‘മലയാള മനോരമ’യോടു പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പാർട്ടി അംഗങ്ങൾ പാലിക്കേണ്ട മര്യാദ സംബന്ധിച്ച സിപിഎം മാർഗരേഖ ലംഘിച്ചാണു രമയ്ക്കെതിരെ അപവാദ പ്രചാരണം നടന്നതെന്ന ചർച്ച സിപിഎമ്മിൽ  ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അണികളെ തിരുത്തേണ്ട നേതാക്കൾ  തന്നെ  പ്രചാരണത്തിനു ശക്തി പകർന്നതിലും നേതൃതലത്തിൽ ഭിന്നാഭിപ്രായമുണ്ട്. രമയുടെ കയ്യിലെ ലിഗമെന്റിനു തകരാർ ഉണ്ടെന്നും അതിനുള്ള ചികിത്സാർഥമാണു പ്ലാസ്റ്റർ ഇട്ടതെന്നും ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. ആദ്യം  ഇട്ട പ്ലാസ്റ്റർ മാറ്റി രണ്ടാമതും ഇടുകയും എംആർഐ സ്കാൻ  നിർദേശിക്കുകയും ചെയ്തു. ഇതോടെ, ബോധപൂർവം വ്യക്തിഹത്യ നടത്താനായി നേതാക്കളുടെ  ആശീർവാദത്തോടെ സൈബർ സംഘങ്ങൾ ഇറങ്ങിയെന്ന ആക്ഷേപമാണു സിപിഎം നേരിടുന്നത്.

പ്രതിപക്ഷം കഴിഞ്ഞ 15നു നടത്തിയ സ്പീക്കർ ഓഫിസ് ഉപരോധത്തിനിടെ വാച്ച് ആൻഡ്  വാർഡ് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണു രമയുടെ വലതു കൈയ്ക്കു പരുക്കേറ്റത്. നിയമസഭയിലെ ഡോക്ടറെ കണ്ടപ്പോൾ ജനറൽ ആശുപത്രിയിലേക്കു റഫർ ചെയ്തു. അവിടെ ഓർത്തോ വിഭാഗം ഡോക്ടർ പരിശോധിച്ചശേഷം പ്ലാസ്റ്റർ ഇടാൻ നിർദേശിച്ചു. എന്നാൽ ‘കൈമാറി പ്ലാസ്റ്ററിട്ടു’ എന്നു പരിഹസിച്ചു സച്ചിൻദേവ് ഫെയ്സ്ബുക്കിൽ അന്നു തന്നെ സൈബർ ആക്രമണത്തിനു തുടക്കമിട്ടു. 

‘സൈബർ ഇടത്തിൽ പാർട്ടിയുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന വിധത്തിലാകണം പാർട്ടി അംഗങ്ങൾ പ്രവർത്തിക്കേണ്ടത്’ എന്നാണ് 2018 മേയ് രണ്ടിനു ചേർന്ന സമൂഹമാധ്യമ ഇടപെടൽ രേഖ നിർദേശിച്ചിരിക്കുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കു വിലക്കുണ്ട്. എന്നാൽ നിയമസഭാംഗം കൂടിയായ രമ അഭിനയിക്കുകയും നാടകം കളിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ചു നൂറുകണക്കിനു പോസ്റ്റുകൾ സിപിഎം സൈബർ ഇടങ്ങളിൽ നിറഞ്ഞു. കൈയ്ക്കു പൊട്ടലേറ്റതു കൊണ്ടാണു പ്ലാസ്റ്റർ ഇട്ടതെന്നു രമ എവിടെയും പറഞ്ഞില്ലെങ്കിലും ‘പൊട്ടൽ’ ആരോപിച്ചു.  പൊട്ടൽ ഇല്ലെന്നു തെളിയിക്കാനായി മറ്റാരുടെയോ എക്സ്റേ പ്രചരിപ്പിക്കുകയും ചെയ്തു.

സിപിഎമ്മിന്റെ നിലവാരത്തെക്കുറിച്ചോർത്ത് സഹതാപം

ഇല്ലാത്ത പരുക്ക് അഭിനയിക്കുന്ന, നിലവാരം കുറഞ്ഞ ഒരു സ്ത്രീയായി, ഈ ദുരിതകാലമെല്ലാം കടന്നുവന്ന എന്നെ സിപിഎം  ചിത്രീകരിക്കുമ്പോൾ അവർ എത്തിപ്പെട്ട നിലവാരത്തെക്കുറിച്ച് ഓർത്ത് എനിക്ക് സഹതാപമുണ്ട്.           

കെ.കെ. രമ, എംഎൽഎ

English Summary: KK Rema to file defmation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com