12 മണിക്കൂർ കാത്തുനിന്നിട്ടും പൊലീസ് മൊഴിയെടുത്തില്ല, രാത്രിയിൽ പരാതി കേട്ട് കോടതി; മകൻ അറസ്റ്റിൽ

HIGHLIGHTS
  • ദുരനുഭവം നേരിട്ടത് വീട്ടിൽ കയറി അതിക്രമം നടത്തിയവരെക്കുറിച്ചു പരാതി പറയാനെത്തിയ അറുപതു വയസ്സുകാരി, കേസിൽ പരാതിക്കാരിയുടെ മകൻ അറസ്റ്റിൽ
1248-crime-arrest
SHARE

മണ്ണാർക്കാട് (പാലക്കാട്) ∙ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതി പറയാൻ സ്റ്റേഷനിലെത്തിയ അറുപതു വയസ്സുകാരി 12 മണിക്കൂർ കാത്തുനിന്നിട്ടും മൊഴിയെടുക്കാൻ പൊലീസ് തയാറായില്ലെന്നു പരാതി. പരാതിക്കാരി രാത്രി കോടതിയെ സമീപിച്ചതിനെത്തുടർന്നു മജിസ്ട്രേട്ട് നിർദേശിച്ചപ്പോഴാണു പൊലീസ് മൊഴിയെടുത്തത്. അതേസമയം, വീട്ടിലെത്തിയവരെ ആക്രമിച്ചെന്ന പരാതിയെത്തുടർന്ന് ഇവരുടെ മകനെ പൊലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു, കോടതി ഇയാളെ റിമാൻഡ് ചെയ്തു.

ആലുംകുന്നിൽ വാടകയ്ക്കു താമസിക്കുന്ന എടത്തനാട്ടുകര ചിരട്ടക്കുളം ആലുംകുന്ന് മേലാത്ര രുഗ്മിണിയാണു കോടതിയെ സമീപിച്ചത്. രുഗ്മിണിയും മകൻ ഷാജിയും രുഗ്മിണിയുടെ മകളുടെ മകളും താമസിക്കുന്ന വീട്ടിലായിരുന്നു അക്രമം. ബുധൻ രാത്രി താനും ഷാജിയും കുടുംബകാര്യം സംസാരിക്കുന്നതിനിടെ ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നു രുഗ്മിണി പറയുന്നു.

എന്തിനാണ് ഉറക്കെ സംസാരിക്കുന്നതെന്നു ചോദിച്ചു തന്നെ വടി കൊണ്ട് അടിക്കുകയും കൊച്ചുമകളെ പിടിച്ചു തള്ളുകയും ചെയ്തു. തടയാൻ ശ്രമിച്ച ഷാജിയെയും ആക്രമിച്ചു. തങ്ങളെ ആക്രമിക്കുന്നതു തുടർന്നപ്പോൾ ഷാജി മടവാൾ എടുത്തു വീശിയതിനെത്തുടർന്ന് അക്രമിസംഘത്തിലെ ചിലർക്കു പരുക്കേറ്റു. ആത്മരക്ഷാർഥമാണു ഷാജി മടവാൾ വീശിയതെന്നും രുഗ്മിണി പറഞ്ഞു. എടത്തനാട്ടുകര മഠത്തൊടി മനോജ്കുമാറിനു (39) തലയ്ക്കും സുഹൃത്ത് സുരേഷ് ബാബുവിനു കൈപ്പത്തിക്കും പരുക്കേറ്റു. ഇവരുടെ മൊഴിപ്രകാരം വധശ്രമത്തിന് അറസ്റ്റിലായ ഷാജിയെ കോടതി റിമാൻഡ് ചെയ്തു. 

വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണു രുഗ്മിണി പരാതിയുമായി നാട്ടുകൽ പൊലീസ് സ്റ്റേഷനിലെത്തിയത്. വൈകിട്ട് 6 മണിയായിട്ടും പൊലീസ് പരാതി രേഖപ്പെടുത്താത്തതിനെത്തുടർന്ന് ഇവർ രാത്രി അഭിഭാഷകൻ എ.സന്തോഷ് മുഖേന മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. രാത്രി 10നു കോടതിയിലെ ചേംബറിലെത്തിയ ജഡ്ജി രുഗ്മിണിയുടെ മൊഴിയെടുക്കാൻ പൊലീസിനു നിർദേശം നൽകി. മുകളിലത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്ന ഷാജി താഴെയിരുന്നവരെ അസഭ്യം പറഞ്ഞതാണു പ്രകോപനത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.

English Summary : Complaint that sixty year old had to wait for 12 hour in police station for police to take statement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA