തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിക്ക് എതിരായ കോടതി വിധിയിലും എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസും കെഎസ്‌യുവും രാജ്ഭവനിലേക്കു നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു. ലാത്തിച്ചാർജിൽ സാരമായി പരുക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിയടിയിൽ 3 പേരുടെ തല പൊട്ടി ചോരയൊഴുകി. സമീപകാലത്തൊന്നും കാണാത്ത വിധത്തിലാണു പൊലീസ് പ്രവർത്തകർക്കു നേരെ തിരിഞ്ഞത്.

നേരത്തെ രാജ്ഭവനു മുന്നിൽ ഇരു സംഘടനകളും ശക്തമായ പ്രതിഷേധമാണു തീർത്തത്. വെള്ളയമ്പലം ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണു പൊലീസ് പ്രകോപിതരായത്. പ്രവർത്തകർക്കു നേരെ പൊലീസ് 6 തവണ ജലപീരങ്കി പ്രയോഗിച്ചു.

ഒരു പ്രകോപനവും കൂടാതെയായിരുന്നു പ്രവർത്തകർക്കു നേരെ പൊലീസിന്റെ ആക്രമണം ഉണ്ടായതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു. മാരകമായ ലാത്തിച്ചാർജാണു നടന്നത്. പിണറായി വിജയനു നേരെ മുൻപു സമരം നടത്തിയപ്പോഴൊന്നും ഇത്തരത്തിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ല. മോദിക്കെതിരെ പ്രതിഷേധിച്ചപ്പോഴാണു പിണറായിയുടെ പൊലീസ് ക്രൂരമായി പ്രവർത്തകരെ മർദിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെയും പിണറായിക്കെതിരെയും ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Congress Protest in Rahul Gandhi disqualification issue