ADVERTISEMENT

കൊച്ചി ∙ കേരള സർവകലാശാലാ സെനറ്റിൽനിന്നു 15 അംഗങ്ങളെ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാൻസലറുടെ നിയമനത്തിനു സേർച് കമ്മിറ്റി രൂപീകരിച്ചതും അതിൽ സ്വന്തം നോമിനിയെ കൺവീനറായി നിയമിച്ചതുമായ ചാൻസലറുടെ ഉത്തരവുകളും ജസ്റ്റിസ് സതീഷ് നൈനാൻ റദ്ദാക്കി.

സെനറ്റ് അംഗങ്ങൾക്കെതിരെ ചാൻസലർ ‘ഡോക്ട്രിൻ ഓഫ് പ്ലഷർ’ (സമ്മതി സിദ്ധാന്തം) പ്രയോഗിച്ചത് ഏകപക്ഷീയമായാണോ, ദുരുദ്ദേശ്യത്തോടെയാണോ എന്നീ കാര്യങ്ങളാണു കോടതി പരിശോധിച്ചത്. ചാൻസലറുടെ നടപടി ദുരുദ്ദേശ്യപരമാണെന്ന വാദം ഹർജിക്കാർക്കില്ല. എന്നാൽ നടപടി ഏകപക്ഷീയമാണെന്നു കോടതി വിലയിരുത്തി.

എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തിയുടെ പേരിലോ വ്യക്തമായ കാരണത്താലോ അല്ല, മുൻവിധിയുടെ അടിസ്ഥാനത്തിലാണു സെനറ്റ് അംഗങ്ങളെ ചാൻസലർ പുറത്താക്കിയത്. താൻ നാമനിർദേശം ചെയ്ത അംഗങ്ങൾ തന്റെ താൽപര്യത്തിനു വിരുദ്ധമായി പ്രവർത്തിച്ചെന്നും അതിനാൽ സർവകലാശാലാ നിയമത്തിലെ സമ്മതി സിദ്ധാന്തം സംബന്ധിച്ച വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അവരുടെ നാമനിർദേശം പിൻവലിച്ചെന്നുമാണു ചാൻസലറുടെ വാദം. എന്നാൽ സർവകലാശാലാ നിയമത്തിലെ ‘നോമിനി’ മേലധികാരിയുടെ വക്താവോ ഏജന്റോ അല്ല. നോമിനിയുടെ ചുമതലയെക്കുറിച്ചു ചാൻസലർക്കു തെറ്റിദ്ധാരണയുണ്ട്. എക്സ് ഒഫീഷ്യോ അംഗങ്ങളുടെ നോമിനേഷൻ സമ്മതിസിദ്ധാന്തം പ്രകാരം പിൻവലിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എക്സ് ഒഫീഷ്യോ അംഗങ്ങളായ ഡോ. കെ.എസ്.ചന്ദ്രശേഖർ, ഡോ. കെ.ബിന്ദു, ഡോ. സി. എ.ഷൈല, ഡോ. ബിനു ജി.ഭീംനാഥ് എന്നിവരും മറ്റു വിഭാഗങ്ങളിൽനിന്നുള്ള എസ്.ജോയ്, ‍ഡോ. എൻ.പി.ചന്ദ്രശേഖരൻ, ജി. പത്മകുമാർ, ഷെയ്ഖ് പി.ഹാരിസ്, ഡോ. പി.അശോകൻ, സുരേഷ് ബാബു, ടി.എസ്.യമുനാദേവി, ജി.കെ.ഹരികുമാർ, വി.അജയകുമാർ, ജി.മുരളീധരൻ, ബി.ബാലചന്ദ്രൻ എന്നിവരും നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.

തുടർച്ചയായി മൂന്നാം തവണയാണു ഗവർണർക്കു തിരിച്ചടി നേരിടുന്നത്. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമെന്ന പേരിൽ വിവിധ വിസിമാർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകിയതിൽ തുടർനടപടി കോടതി സ്റ്റേ ചെയ്തിരുന്നു. പിന്നീട് കെടിയുവിൽ താൽക്കാലിക വിസിയെ നിയമിച്ച നടപടി റദ്ദാക്കിയില്ലെങ്കിലും സർക്കാർ നൽകുന്ന പാനലിൽനിന്നാകണം നിയമനമെന്നു നിർദേശം നൽകി.

വിസി സേർച് കമ്മിറ്റി: ചാൻസലറുടെ വിജ്ഞാപനം ആശ്ചര്യകരമെന്ന് കോടതി

വിസി നിയമനത്തിനായി സേർച് കമ്മിറ്റി രൂപീകരിച്ചതും അതിൽ കൺവീനറെ നിയമിച്ചതും സർവകലാശാലാ നിയമത്തിന്റെ 10(1) വകുപ്പു പ്രകാരമല്ലെന്നു വിലയിരുത്തിയാണ് ചാൻസലറുടെ വിജ്ഞാപനം കോടതി റദ്ദാക്കിയത്. സേർച് കമ്മിറ്റിയിലേക്കു സെനറ്റ് നാമനിർദേശം ചെയ്ത ഡോ. വി.കെ.രാമചന്ദ്രൻ 2022 ഓഗസ്റ്റ് നാലിനു തന്റെ വിസമ്മതം അറിയിച്ചിരുന്നു. അന്നുതന്നെ ചാൻസലറെ വിവരം അറിയിക്കുകയും പുതിയ ആളെ നിർദേശിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നിട്ടും തൊട്ടടുത്ത ദിവസം രണ്ടംഗ കമ്മിറ്റി രൂപീകരിച്ചു ചാൻസലർ വിജ്ഞാപനം ഇറക്കിയത് ആശ്ചര്യകരമാണെന്നു കോടതി ചൂണ്ടിക്കാട്ടി. സർവകലാശാലാനിയമപ്രകാരം മൂന്നംഗ കമ്മിറ്റിയാണു വേണ്ടത്.

നിയമപ്രകാരമുള്ള സേർച് കമ്മിറ്റി രൂപീകരിക്കാനായി ചാൻസലറോട് അദ്ദേഹത്തിന്റെ വിജ്ഞാപനം പിൻവലിക്കണമെന്നു ആവശ്യപ്പെടാൻ ഓഗസ്റ്റ് 20നു സെനറ്റ് തീരുമാനിച്ചു. ഇതു തന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നാണു ചാൻസലർ കരുതിയത്. 10 ദിവസത്തെ മുൻകൂർ നോട്ടിസ് എന്ന വ്യവസ്ഥ പോലും പാലിക്കാതെ ചാൻസലറുടെ നിർദേശപ്രകാരം പ്രത്യേക സെനറ്റ് യോഗം ചേർന്നെങ്കിലും ക്വോറം തികഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

English Summary: HC revoke Kerala University senate members expel order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com