ADVERTISEMENT

തിരുവനന്തപുരം∙ വ്യവസായ സംരംഭങ്ങൾക്കു ഭൂപരിധിയിൽ ഇളവു നൽകുമ്പോൾ 15 ഏക്കറിൽ അധികമുള്ള ഏക്കർ ഒന്നിനു 10 കോടി രൂപയുടെ അധിക നിക്ഷേപവും 20 തൊഴിലും വേണമെന്ന വ്യവസ്ഥയിൽ ഇളവു നൽകണമെന്ന ചീഫ് സെക്രട്ടറിതല ശുപാർശ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. സിപിഐക്ക് ഇക്കാര്യത്തിലുള്ള എതിർപ്പിനെ തുടർന്നാണ് അജൻഡയിൽ ഉണ്ടായിട്ടും മന്ത്രിസഭ പരിഗണിക്കാതിരുന്നത്. എന്നാൽ, റിപ്പോർട്ട് മന്ത്രിസഭ സാങ്കേതികമായി തള്ളിയിട്ടില്ല. 

വ്യവസായ സംരംഭകർക്കു ഭൂമി അനുവദിക്കുമ്പോൾ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി വരുത്തി അധികം അനുവദിക്കുന്ന ഓരോ ഏക്കറിനും 10 കോടിയുടെ അധിക നിക്ഷേപവും 20 തൊഴിലും വേണം എന്ന വ്യവസ്ഥ അപ്രായോഗികം ആയതിനാൽ ഇളവു നൽകണമെന്നായിരുന്നു ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാർശ.

ഇതിനു പകരം 10 കോടിയുടെ അധിക നിക്ഷേപമോ 20 തൊഴിലോ ഇവയിൽ ഏതെങ്കിലും ഒന്നു പരിഗണിക്കണമെന്ന റിപ്പോർട്ട് കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ എതിർപ്പിനിടയാക്കിയിരുന്നു. ഇതു നടപ്പാക്കുന്നതു മിച്ചഭൂമി ഇല്ലാതാക്കുമെന്നും ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കുമെന്നും സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി.

വ്യവസായ സംരംഭകർക്കു 15 ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കുന്നതിനു തയാറാക്കിയ മാനദണ്ഡങ്ങൾ അപ്രായോഗികമാണെന്നു ഭൂനിയമത്തിലെ ഇളവ് ആദ്യം പരിഗണിച്ച മന്ത്രിസഭാ യോഗത്തിൽ വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നു കൂടുതൽ ഇളവിനെക്കുറിച്ചു പഠിക്കാനാണു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വ്യവസായ, റവന്യു സെക്രട്ടറിമാർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചത്. ഈ സമിതിയാണ് ഏക്കർ ഒന്നിനു 10 കോടിയോ 20 തൊഴിലോ ഏതെങ്കിലും ഒന്നു മതിയെന്നു ശുപാർശ നൽകിയത്. ഈ റിപ്പോർട്ട് എൽഡിഎഫിൽ ചർച്ച ചെയ്യുകയും ശുപാർശയ്ക്ക് എതിരെ പ്രതിഷേധം ഉയരുകയും ആയിരുന്നു. 

വ്യവസായം,വിദ്യാഭ്യാസം,മെഡിക്കൽ സയൻസ്,ടൂറിസം,ഐടി തുടങ്ങിയ മേഖലകളിൽ സംരംഭകരെ ആകർഷിക്കാനാണു ഭൂപരിഷ്‌കരണ നിയമഭേദഗതി നടപ്പാക്കുന്നത്. ഇതിനായി 1963ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ 81(3)(ബി) വകുപ്പുകൾ ഭേദഗതി ചെയ്തു റവന്യു വകുപ്പു കഴിഞ്ഞ ഒക്ടോബർ 12ന് ഉത്തരവിറക്കിയിരുന്നു. അതിനു മുൻപ് നേരിട്ടു ലഭിച്ച അപേക്ഷകളും പരിഗണിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയുണ്ടായി. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മാത്രം പരിഗണിച്ചാൽ മതിയെന്നായിരുന്നു മുൻ തീരുമാനം.

English Summary : Kerala cabinet did not consider reduction recommendation in industrial land limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com