ADVERTISEMENT

തിരുവനന്തപുരം∙ ഹൈക്കോടതിയിൽ നിന്നു തുടർച്ചയായി മൂന്നാം തവണയും തിരിച്ചടി ലഭിച്ച സാഹചര്യത്തിൽ, ഇന്നു തിരിച്ചെത്തിയ ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ വിദഗ്ധരുമായി ചർച്ച നടത്തും. കേരള സർവകലാശാലാ സെനറ്റ് അംഗങ്ങളെ പിൻവലിച്ച കേസിൽ അപ്പീൽ പോകണമോ എന്ന് ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനിക്കുക. 

സർവകലാശാലകൾ സംബന്ധിച്ചു ഗവർണർ എടുത്ത തീരുമാനങ്ങൾക്കാണ് കോടതിയിൽ നിന്നു തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവർണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതി‍ൽ സംഭവിച്ച വീഴ്ചയും തിരിച്ചടിക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്. അതേസമയം, യുജിസി ചട്ടം ലംഘിച്ചു നിയമിച്ച വിസിമാരുടെ നിയമനം അസാധുവാകാതിരിക്കാൻ കാരണം കാണിക്കണമെന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ നോട്ടിസ് നൽകിയിട്ട് 5 മാസം ആയെങ്കിലും തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ കേസിൽ അന്തിമവിധി നീണ്ടു പോകുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ബംഗാളിൽ വിസിമാരെ പിരിച്ചു വിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

സാങ്കേതിക സർവകലാശാലയിൽ(കെടിയു) സർക്കാർ നിർദേശം തള്ളി ഡോ.സിസ തോമസിനു ഗവർണർ വിസിയുടെ ചുമതല നൽകിയത് ഹൈക്കോടതി അംഗീകരിച്ചെങ്കിലും സർക്കാർ നൽകുന്ന പാനലിൽ നിന്നു വിസിയെ നിയമിക്കണമെന്ന നിർദേശം കൂടി നൽകി. സിസയെ പുറത്താക്കിയില്ല എന്നതു മാത്രമാണ് ഗവർണർക്ക് ലഭിച്ച ആശ്വാസം. 

കെടിയുവിൽ വിസിയെ നിയന്ത്രിക്കാൻ ബോർഡ് ഓഫ് ഗവർണേഴ്സും സിൻഡിക്കറ്റും ചേർന്ന് ഉപസമിതി രൂപീകരിച്ചത് ഗവർണർ മരവിപ്പിച്ചതു കോടതി റദ്ദാക്കിയിരുന്നു. കേരള സർവകലാശാലയിൽ 15 സെനറ്റ് അംഗങ്ങളുടെ നാമനിർദേശം ഗവർണർ പിൻവലിച്ചതു റദ്ദാക്കിയ വിധിയാണ് ഏറ്റവും ഒടുവിൽ ലഭിച്ച തിരിച്ചടി. ഗവർണർ നാമനിർദേശം ചെയ്തവർ അദ്ദേഹത്തിന് എതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പിൻവലിച്ചത്. സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താതെ ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതു കോടതി റദ്ദാക്കിയതും തിരിച്ചടിയാണ്. 

ഇതേ രീതിയിൽ 2011ൽ സർക്കാർ നാമനിർദേശം ചെയ്ത 5 സെനറ്റ് അംഗങ്ങളെയും ഗവർണർ നാമനിർദേശം ചെയ്ത 3 പേരെയും പിൻവലിച്ചിരുന്നു. 2012ൽ മറ്റൊരു അംഗത്തെയും പിൻവലിക്കുകയുണ്ടായി. അവർ കേസിനു പോയെങ്കിലും അന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഗവർണറുടെ നടപടി ശരി വയ്ക്കുകയായിരുന്നു. 

English Summary : Kerala university senate issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com