ADVERTISEMENT

കോഴിക്കോട്∙ ‘തൈറോയ്ഡിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ശബ്ദമുണ്ടാക്കാൻ കഴിയാതെ, കയ്യും കാലും അനക്കാനാകാതെ, മരിച്ചതിനു തുല്യം കിടക്കുകയായിരുന്നു ഞാൻ. അനസ്തീസിയയുടെ മയക്കം പൂർണമായും വിട്ടിട്ടില്ല. ആ അവസ്ഥയിലും ഒരു സ്ത്രീയോട് മോശമായി പെരുമാറണമെങ്കിൽ അയാൾ മനുഷ്യനല്ല. ഏറ്റവും വലിയ ശിക്ഷ കിട്ടിയാലേ അയാളെപ്പോലെയുള്ള മൃഗങ്ങൾ പഠിക്കൂ’’– കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്നതിനിടെ ജീവനക്കാരന്റെ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതി വേദനയോടെ പറയുന്നു. പരാതി പിൻവലിപ്പിക്കാൻ പ്രതിയുടെ സഹപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ അവളെ അതിലുമേറെ വേദനിപ്പിക്കുന്നുണ്ട്. 

ഒരാഴ്ചയായി മെഡിക്കൽ കോളജിൽ അനുഭവിക്കുന്ന ശാരീരിക, മാനസിക വേദനകളെക്കുറിച്ചു യുവതി പറയുന്നു.

18നു രാവിലെ 6.30നു ശസ്ത്രക്രിയ കഴിഞ്ഞു. പത്തരയോടെ ഐസിയുവിലേക്കു മാറ്റി. ബോധം തിരിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് അയാളുടെ അതിക്രമം. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അയാൾ പോയി. കുറച്ചു കഴിഞ്ഞു മറ്റൊരു രോഗിയുമായി അയാൾ വീണ്ടും വന്നു. അതോടെ പേടിയായി. അവിടെ കിടക്കാൻ‍ ഭയമാണെന്നു ഡോക്ടർമാരോടു കരഞ്ഞു പറഞ്ഞു. മുറിയിലേക്ക് മാറ്റിയപ്പോൾ ഭർത്താവിനോടും ബന്ധുക്കളോടും വിവരം പറഞ്ഞു. അവർ ഉടൻ  മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

‘ഇത് അയാളുടെ ആദ്യത്തെ കുറ്റകൃത്യമാണെന്നു വിശ്വസിക്കാനാകില്ല. ആദ്യമായി അതിക്രമം ചെയ്യുന്ന ‌പോലെ ആയിരുന്നില്ല അയാളുടെ പെരുമാറ്റം. പലർക്കും അനസ്തീസിയയുടെ മയക്കം വിടാൻ മണിക്കൂറുകൾ എടുക്കും. ഞാനും അങ്ങനെ പൂർണമയക്കത്തിലാണെന്നാണ് അയാൾ കരുതിയത്’.

അയാൾ ചെയ്തതിനേക്കാൾ മോശമായാണ് അയാളുടെ സഹപ്രവർത്തകർ രണ്ടു ദിവസമായി എന്നോടു പെരുമാറിയത്. ആരോഗ്യം മോശമായിക്കിടക്കുന്ന, അതിക്രമം നേരിട്ട ഒരാളോട് ഒരു ദയയുമില്ലാതെ അവർ‌ പെരുമാറി.  പണം വേണമെങ്കിൽ വാങ്ങിത്തരാം, അയാൾക്കും കുടുംബമുണ്ട് എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. വഴങ്ങാതായപ്പോൾ അവരുടെ മട്ടുമാറി. വിവാഹം കഴിഞ്ഞതല്ലേ, ഇങ്ങനെയൊക്കെ സംഭവിച്ചാൽ കണ്ണടച്ചാൽ പോരേ എന്നായി. എനിക്കു മാനസിക രോഗമാണെന്നു വരെ ആരോപിച്ചു. പണത്തിനു വേണ്ടി കള്ളം പറയുകയാണെന്നു ബന്ധുക്കളോടും പറഞ്ഞു. അതോടെയാണു സൂപ്രണ്ടിനു പരാതി നൽകിയത്’.

‘ഇത്തരം ദുരനുഭവങ്ങളുണ്ടായ എല്ലാ സ്ത്രീകളും നേരിടേണ്ടി വരുന്ന പ്രശ്നമാണിത്. അയാൾക്കു കുടുംബമുണ്ടെന്ന് ഞാനല്ലല്ലോ, തെമ്മാടിത്തം ചെയ്യുന്നതിനു മുൻപ് അയാളല്ലേ ഓർക്കേണ്ടത്’– യുവതി ചോദിക്കുന്നു.

5 ജീവനക്കാരികൾക്ക് സസ്പെൻഷൻ; ഒരാളെ പിരിച്ചുവിട്ടു, ജാമ്യമില്ലാ വകുപ്പുകളിൽ കേസ്

കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരന്റെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 ജീവനക്കാരികളെ സസ്പെൻഡ് ചെയ്തു. ഒരാളെ പിരിച്ചുവിട്ടു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം 5 പേർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. 

7 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റൻഡർമാരായ പി.ഇ.ഷൈമ, ഷലൂജ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.

 

English Summary: Kozhikode medical college rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com