ADVERTISEMENT

തിരുവനന്തപുരം∙ ബ്രഹ്മപുരം കരാർ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

1. പ്രളയത്തിനു ശേഷം 2019 ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലൻഡ്സ്  സന്ദർശിച്ചപ്പോൾ സോണ്ട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയോ?

2. കേരളത്തിലെ വിവിധ കോർപറേഷനുകളിൽ ബയോ മൈനിങ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പു കരാർ സോണ്ട കമ്പനിക്കു ലഭിച്ചതെങ്ങനെ?

3. സിപിഎം നേതൃത്വം നൽകുന്ന കൊല്ലം കോർപറേഷനും കണ്ണൂർ കോർപറേഷനും സോണ്ടയെ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്തു  തുടരാൻ അനുവദിക്കുകയും വേസ്റ്റ് ടു എനർജി പദ്ധതി കൂടി നൽകാൻ തീരുമാനിച്ചതും എന്തിന്?    

4. സോണ്ടയ്ക്കു  വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് തദ്ദേശ സ്ഥാപനങ്ങളിൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിനു മറുപടിയുണ്ടോ? 

5. ബയോ മൈനിങ് കരാറിൽ കമ്പനി  ഗുരുതര വീഴ്ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടിസ് നൽകാത്തതെന്തുകൊണ്ട്?

6.കരാർ വ്യവസ്ഥയ്ക്കു വിരുദ്ധമായി സോണ്ട കമ്പനി ഉപകരാർ നൽകിയതു സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞോ? 

7. കരാർ പ്രകാരം പ്രവർത്തിച്ചില്ലെന്നു വ്യക്തമായതിനു ശേഷവും നോട്ടിസ് നൽകുന്നതിനു പകരം സോണ്ടയ്ക്ക് ഏഴു കോടിയുടെ മൊബിലൈസേഷൻ അഡ്വാൻസും പിന്നീടു നാലു കോടിയും  അനുവദിച്ചതെന്തിന്?

 സിബിഐ അന്വേഷണത്തിന് സർക്കാർ തയാറുണ്ടോ? കോൺഗ്രസുകാർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ  സിബിഐ അന്വേഷിക്കട്ടെ– സതീശൻ പറഞ്ഞു. 

 

സഭയിൽ സോണ്ട കമ്പനിയെ അനുകൂലിച്ചിട്ടില്ല:മന്ത്രി രാജേഷ്

തിരുവനന്തപുരം ∙ ബ്രഹ്മപുരത്തെ സോണ്ട കമ്പനിയെ അനുകൂലിച്ച് നിയമസഭയിൽ താൻ സംസാരിച്ചട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. അതു മാധ്യമങ്ങൾ നടത്തിയ വ്യാഖ്യാനമാണ്. അടിയന്തര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട് താൻ സംസാരിക്കുന്നതിനിടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് ചോദിച്ച ചോദ്യത്തിനു മറുപടി പറയുക മാത്രമാണു ചെയ്തത്. ബ്രഹ്മപുരത്തെ 2008 മുതലുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുകയാണ്. 3 വിഭാഗത്തിലുള്ള അന്വേഷണമാണു നടക്കുന്നത്. അതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും എം.ബി.രാജേഷ് പറഞ്ഞു.

 

 

ഉപകരാർ നൽകിയിട്ടില്ലെന്ന് സിപിഎം

തിരുവനന്തപുരം∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട്‌ ബിജെപി നേതാവ്‌ പ്രകാശ്‌ ജാവഡേക്കർ പ്രചരിപ്പിക്കുന്നത്‌ വസ്‌തുതയ്‌ക്ക് നിരക്കാത്ത കാര്യങ്ങളാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. ബ്രഹ്മപുരത്തെ മാലിന്യം തരം തിരിക്കുന്നതിന് ഉൾപ്പെടെ വിവിധ ജോലികൾക്ക്‌ ആഗോള ടെൻഡർ വിളിച്ചാണ്‌ കുറഞ്ഞ നിരക്ക്‌ ക്വോട്ട്‌ ചെയ്‌ത കമ്പനിക്ക് കരാർ നൽകിയത്‌. ആർക്കും ഉപകരാർ നൽകിയിട്ടില്ല. 

കരാർ എടുത്ത കമ്പനിക്കു യന്ത്രങ്ങൾ വാടകയ്ക്ക് എടുക്കാമെന്നു മാത്രമാണ് വ്യവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്‌. 

 

English Summary: VD Satheesan asks questions about Sonda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com