കോട്ടയം ∙ കൊലപാതകം നടന്ന പഴയിടത്തെ വീട്ടിലേക്കു പോയവരിൽ വിരലടയാള വിദഗ്ധരായ കെ.ആർ.ഷൈലജയും ജോസ് ടി.ഫിലിപ്പും ഉണ്ടായിരുന്നു. കിട്ടാവുന്നിടത്തു നിന്നെല്ലാം വിരലടയാളങ്ങൾ ശേഖരിച്ചു. മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് എന്തോ പൊതിഞ്ഞു കൊണ്ടുവന്ന കലണ്ടർ പേജ് മേശപ്പുറത്തു ചുരുട്ടിവച്ചിരിക്കുന്നതു ഷൈലജ കണ്ടത്. ചിറക്കടവ് സഹകരണ ബാങ്ക് പുറത്തിറക്കിയ 2012ലെ കലണ്ടറിലെ ഒക്ടോബർ മാസത്തെ പേജായിരുന്നു അത്.
പ്രതി പഴയ കലണ്ടർ പേജ് കീറിയെടുത്തു ചുറ്റിക പോലുള്ള ആയുധം പൊതിഞ്ഞു കൊണ്ടുവന്നതാകാം ഇതെന്ന സംശയം ഷൈലജ പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. കൊല ചെയ്യപ്പെട്ട തങ്കമ്മയുടെ വിരലടയാളവും ബൾബിലെ വിരലടയാളവും തമ്മിൽ സാമ്യമുണ്ടായിരുന്നു. തങ്കമ്മയുടെ രക്തബന്ധുക്കളാരെങ്കിലുമായിരിക്കും കൊലയ്ക്കു പിന്നിലെന്ന സംശയവും ഷൈലജ പൊലീസ് ഉദ്യോഗസ്ഥരോടു പങ്കുവച്ചിരുന്നു.
മറ്റൊരു കേസിൽ അരുൺ ശശി ഈസ്റ്റ് പൊലീസിന്റെ പിടിയിലായപ്പോൾ പ്രതിയുടെ വിരലടയാളവും ബൾബിലെ വിരലടയാളവും ഒന്നാണെന്നു തെളിഞ്ഞു. തെളിവെടുപ്പിനായി അരുണിനെ അയാളുടെ വീട്ടിൽ കൊണ്ടുപോയപ്പോൾ വീട്ടുചുമരിലെ കലണ്ടർ ഷൈലജ പരിശോധിച്ചു. 2012ലെ കലണ്ടറിൽ നിന്ന് ഒക്ടോബർ മാസത്തെ പേജ് വലിച്ചുകീറിയിരിക്കുന്നു. കേസിലെ പ്രധാന രേഖകളിലൊന്നായി അതുമാറി. മണിമല കങ്ങഴ ഇടയിരിക്കപ്പുഴ കൂവപ്പുഴ വീട്ടിൽ ഷൈലജ ഇപ്പോൾ തിരുവനന്തപുരത്തു ഫിംഗർ പ്രിന്റ് യൂണിറ്റിൽ ഡപ്യൂട്ടി ഡയറക്ടറാണ്.
English Summary: Finger print expert guess proved turning point in pazhayidom twin murder case