സുഹൃത്തിന്റെ കാർ ഉപയോഗിച്ചു; കോവളത്ത് വിദേശസഞ്ചാരിക്ക് ടാക്സി ഡ്രൈവറുടെ ക്രൂരമർദനം
Mail This Article
കോവളം(തിരുവനന്തപുരം)∙ ആയുർവേദ ചികിത്സാർഥം എത്തിയ നെതർലൻഡ്സ് സ്വദേശി കാൽവിൻ സ്കോൾട്ടണ് (27) പട്ടാപ്പകൽ ടാക്സി ഡ്രൈവറുടെ ക്രൂരമർദനം. ടാക്സി സവാരി വിളിക്കാതെ സ്വകാര്യവാഹനം ഉപയോഗിച്ചതിനാണ് ടാക്സിഡ്രൈവർ അക്രമമഴിച്ചു വിട്ടത്. ടാക്സി ഡ്രൈവർ വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ ടിസി 454ൽ ഷാജഹാനെ(40) കോവളം പൊലീസ് അറസ്റ്റ് ചെയ്തു.
ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ താമസിക്കുന്ന ഹോട്ടലിനു മുന്നിൽ നിന്നു കാൽവിൻ സുഹൃത്തിന്റെ കാറിൽ കയറവേ ബൈക്കിൽ എത്തിയ ഷാജഹാൻ വാഹനം വിലങ്ങനെ നിർത്തി കാൽവിനെ കാറിൽനിന്നു വലിച്ചിറക്കിയ ശേഷം ഡ്രൈവറെ മർദിക്കുകയായിരുന്നു. മർദനം തടയാൻ ശ്രമിച്ചപ്പോഴാണ് കാൽവിനു നേരെ ആക്രമണമുണ്ടായത്. തലയ്ക്കു പിന്നിലും കൈക്കും മർദനമേറ്റു. സ്വകാര്യ കാർ ഡ്രൈവർക്കും പരുക്കുണ്ട്.
സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് ആക്രമിക്കാനും മുതിർന്നെന്ന് കാൽവിന്റെ സുഹൃത്തായ മലയാളി യുവാവ് പറഞ്ഞു. ഷാജഹാനൊപ്പം വന്നവർ സംഘം ചേർന്നു ആക്രമിക്കും മുൻപ് പൊലീസ് എത്തിയതു രക്ഷയായി. കാൽവിൻ ചികിത്സ തേടി. കാറിലുണ്ടായിരുന്ന കാൽവിന്റെ പിതാവ് സ്കോൾട്ടണു നേരെ ആക്രമണമുണ്ടായില്ല.
വൈകിട്ടോടെ പൊലീസ് കാൽവിനുമായി സ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തി. ഫുട്ബോൾ കളിക്കാരനായ പിതാവും ടെന്നിസ് കളിക്കാരനായ കാൽവിനും ചികിത്സാർഥം കുറച്ചു നാൾ കേരളത്തിൽ ചെലവഴിക്കാനാണ് എത്തിയത്. ആക്രമണത്തെത്തുടർന്ന് ഭയന്നുപോയ ഇരുവരും വൈകാതെ മടങ്ങുമെന്നു സുഹൃത്തു പറഞ്ഞു. നടുക്കം മാറാത്ത കാൽവിൻ അക്രമത്തെ കുറിച്ചു പ്രതികരിക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്. രണ്ടു മാസം മുൻപ് കോവളം ഹവ്വാ ബീച്ചിൽ സ്വകാര്യ കാറിൽ വിദേശി കയറാൻ ശ്രമിച്ചപ്പോൾ ടാക്സി ഡ്രൈവർമാർ തടയുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.
English Summary: Foreigner attacked in Thiruvananthapuram