എല്ലാറ്റിനും ഒപ്പം നിന്നു, ഒടുവിൽ പിടിവീണു; ‘ജോസഫി’ലൂടെ സിനിമയിലും

pazhayidom-twin-murder-case-arun-sasi-8
അരുൺ ശശി (ഫയൽ ചിത്രം)
SHARE

പഴയിടം ഇരട്ടക്കൊലക്കേസിൽ ആദ്യം മുതൽ പൊലീസ് സംശയിച്ചത് ഏറ്റവും അടുത്ത ബന്ധുവിനെയാണ്. പക്ഷേ അത് അരുൺ ആകുമെന്നു പൊലീസും കരുതിയില്ല. കൊലപാതകം നാടറിഞ്ഞ സമയം മുതൽ എല്ലാക്കാര്യത്തിനും മുൻനിരയിൽ നിന്നതു തങ്കമ്മയുടെ സഹോദരപുത്രനായ അരുണായിരുന്നു. അന്നു പ്രതിക്ക് 30 വയസ്സ്. ബിഎസ്‌സി കെമിസ്ട്രി ബിരുദധാരി. വീട്ടിലും നാട്ടിലും നല്ല അഭിപ്രായം. സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തും പേരുദോഷമില്ല. 

സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്കു മരിച്ചവരുടെ ഫോട്ടോ ആൽബത്തിൽ നിന്ന് എടുത്തുകൊടുത്തതും അരുണാണ്. ആൺമക്കളില്ലാത്ത ദമ്പതികളുടെ മകന്റെ സ്ഥാനത്തു നിന്നു മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. പൊലീസ് നായ എത്തിയപ്പോൾ മാത്രം സ്ഥലത്തു നിന്നു മാറി. മരിച്ചവരുടെ മരുമക്കളെ സംശയിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും അരുൺ അഴിച്ചുവിട്ടു.

‘ജോസഫി’ലൂടെ സിനിമയിലും

കോട്ടയം ∙ ‘ജോസഫ്’ എന്ന ചിത്രത്തിലെ ആദ്യസീനിലുള്ള വീട് കണ്ടാൽ പഴയിടത്തെ ഇരട്ടക്കൊലപാതകം നടന്ന വീടല്ലേ ഇതെന്നു സംശയം തോന്നാം. പഴയിടം ഇരട്ടക്കൊലപാതകത്തിലെ ‘ക്രൈംസീൻ’ കണ്ട പൊലീസ് ഉദ്യോഗസ്ഥൻ ഷാഹി കബീറാണു ജോസഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥ തയാറാക്കിയപ്പോൾ മനസ്സിൽ നിന്നു മായാത്ത ആ രംഗം ഷാഹി പുനരാവിഷ്കരിക്കുകയായിരുന്നു. 

രക്തത്തിൽ കുളിച്ചു മൃതദേഹങ്ങൾ ഹാളിൽ കിടക്കുന്നു. മൃതദേഹത്തിനരികെ കോടാലിയും വെട്ടുകത്തിയും. ഭിത്തി പൊളിക്കാൻ ശ്രമിച്ചിരിക്കുന്നു. ചുരുട്ടിയ കലണ്ടർ മേശപ്പുറത്ത്... ഇതെല്ലാം സിനിമയിലും കാണാം. ഫിംഗർ പ്രിന്റ് യൂണിറ്റിലായിരുന്നു അന്നു ഷാഹിക്കു ജോലി. അങ്ങനെയാണു പഴയിടം ഇരട്ടക്കൊലപാതകം നടന്ന വീട്ടിൽ എത്തിയത്.

പ്രതിയുടെ പ്രതികരണം

കോട്ടയം ∙ ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമോ എന്ന ചോദ്യത്തിന് ‘വീട്ടുകാർ പോകുന്നെങ്കിൽ പോകട്ടെ’ എന്നായിരുന്നു അരുൺ ശശിയുടെ പ്രതികരണം. മകനാണു ബന്ധുക്കളെ നിഷ്ഠുരം കൊലപ്പെടുത്തിയതെന്ന് അറിഞ്ഞ ശേഷം അരുണിന്റെ മാതാപിതാക്കൾ ആകെ തളർന്നിരുന്നു. ആദ്യം അമ്മയും പിന്നീട് ഒരു വർഷം മുൻപ് അച്ഛനും മരിച്ചു.

∙ ‘സംരക്ഷിക്കേണ്ടവരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കു കോടതി യോജ്യമായ വിധി നൽകി. പണമായിരുന്നു പ്രതിയുടെ ലക്ഷ്യം. പൊലീസ് 10 സ്ക്വാഡുകൾ രൂപീകരിച്ച് ഫലപ്രദമായ അന്വേഷണം നടത്തി. പിന്നീടു പഴുതുകൾ അടച്ചുള്ള കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചു.’ – എസ്.സുരേഷ് കുമാർ (എസ്പി, ഇന്റലിജൻസ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം) (കേസ് അന്വേഷിച്ചത് അന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന സുരേഷ് കുമാറാണ്)

∙ ‘കോടതിവിധിയിൽ തൃപ്തരാണ്. ഇനി മറ്റൊരു കുടുംബത്തിനും ഇത്തരത്തിലൊരു ദുഃഖം ഉണ്ടാകരുത്. കേസിന്റെ ഭാഗമായി അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. അതൊക്കെ ഇല്ലാത്ത കഥകൾക്കു കാരണമായി.’ – ബിന്ദു, ബിനു (ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും മക്കൾ)

arun-sasi-bindhu-and-binu
(1) അരുൺ (2) കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളായ ബിന്ദു ഷാജിയും ബിനു രാജുവും വിധകേട്ട ശേഷം കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നു പുറത്തേക്കു വരുന്നു. ചിത്രം: മനോരമ

English Summary: Pazhayidom twin murder case Arun Sasi verdict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS