‘പഴയ കേസല്ലേ, വിട്ടേക്ക്..’; സാമ്പത്തിക ക്രമക്കേടിനു സസ്പെൻഷനിലായവരെ ന്യായീകരിച്ച് റിപ്പോർട്ട്

HIGHLIGHTS
  • 5 വർഷം മുൻപത്തെ സംഭവത്തി‍ൽ നടപടിയെടുക്കുന്നതു സേനയുടെ മനോവീര്യം തകർക്കുമെന്ന് അ‍‍ഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
government-file
ഫയൽചിത്രം.
SHARE

കോഴിക്കോട്∙ വനം വകുപ്പിന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം ജീവനക്കാരുടെ പ്രതിഷേധത്തിലേക്കു നയിച്ച ആര്യങ്കാവിലെ കൂട്ട സസ്പെൻഷൻ അനാവശ്യവും വകുപ്പിന്റെ മനോവീര്യം കെടുത്തുന്നതുമാണെന്നു ഭരണ വിഭാഗം അ‍‍ഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (എപിസിസിഎഫ്) റിപ്പോർട്ട്. 18 പേരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചു റേഞ്ച് ഓഫിസർമാരുടെ സംഘടന 27നു സമരം പ്രഖ്യാപിക്കുകയും അതു നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണു റിപ്പോർട്ട് പുറത്തു വരുന്നത്. ജീവനക്കാരെ രക്ഷിക്കാൻ വനം വകുപ്പു തന്നെ ഒരുക്കിയ വഴിയാണ് വനം അഡീഷനൽ ചീഫ് സെക്രട്ടറിക്കു കഴിഞ്ഞ 17ന് എപിസിസിഎഫ് നൽകിയ റിപ്പോർട്ടെന്നും സൂചനയുണ്ട്.

2018–19ൽ ആര്യങ്കാവിൽ ബെനാമി ജീവനക്കാരെ വച്ചു ശമ്പളം തട്ടിയതിനാണ് 18 പേരെ സർക്കാർ കഴിഞ്ഞ 9നു സസ്െപൻഡ് ചെയ്തത്. രാഷ്ട്രീയക്കളികൾക്കു തങ്ങളെ ഇരയാക്കുകയാണെന്ന് ആരോപിച്ചു ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടി വൻതോതിൽ പിരിവു നടക്കുന്നുണ്ടെന്നും സൂചന നൽകിക്കൊണ്ടായിരുന്നു റേഞ്ചർമാരുടെ പ്രതിഷേധം.

ഡൽഹിയിൽ അഖിലേന്ത്യാ റേഞ്ച് ഓഫിസർ സംഘടനയുടെ യോഗത്തിലും വിഷയം ചർച്ചയാവുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സംഘടന സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തു. വനം മന്ത്രി ചർച്ചയ്ക്കു വിളിക്കും എന്നു പ്രതീക്ഷിച്ചിരിക്കെയാണു സർക്കാർ സമരത്തിനെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചത്.

ഇതിനിടയിലാണ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് അനുകൂലമായി ഭരണവിഭാഗം എപിസിസിഎഫ് ഡോ.പി.പുകഴേന്തി വനം സെക്രട്ടറിക്കു നൽകിയ റിപ്പോർട്ട് പുറത്തു വന്നത്. ‘കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു മാറ്റി നിർത്തേണ്ട ആവശ്യമില്ല. അങ്ങനെയൊരു ശുപാർശ വനം വകുപ്പിൽ നിന്നു നൽകിയിട്ടുമില്ല. 5 വർഷം മുൻപു നടന്ന സംഭവത്തിൽ ഉൾപ്പെട്ടവർ ആരും ഇപ്പോൾ ആര്യങ്കാവിൽ ജോലി ചെയ്യുന്നില്ല. ആരെയും സ്വാധീനിക്കാനും പോകുന്നില്ല. കൃത്യവിലോപം മാത്രമേ അവരിൽ നിന്ന് ഉണ്ടായിട്ടുള്ളൂ. അതിന്റെ ഏറ്റക്കുറച്ചിൽ പോലും പരിഗണിക്കാതെ എല്ലാവർക്കുമെതിരെ ഒരേ നടപടി സ്വീകരിച്ചതു സ്വാഭാവിക നീതിയുടെ നിഷേധമാണ്. ഇത്തരം നടപടി ജീവനക്കാരുടെയും സേനയുടെയും മനോവീര്യം തകർക്കുകയും വിപരീത ഫലങ്ങൾ ഉളവാക്കുകയും ചെയ്യും’ – റിപ്പോർട്ടിൽ പറയുന്നു.

ക്രമക്കേട് നടന്നിട്ടുണ്ട്; എന്നാലും സസ്പെൻഷൻ പാടില്ല!

ഈ റിപ്പോർട്ടുമായി ജീവനക്കാർ കോടതിയെ സമീപിച്ചാൽ സർക്കാർ നടപടികൾ പ്രതിസന്ധിയിലാകും. സാമ്പത്തിക ക്രമക്കേടു പുറത്തു വന്നാൽ വിജിലൻസ് കേസും സസ്പെൻഷനും സ്വാഭാവിക നടപടിയാണ്. 82,500 രൂപയുടെ ക്രമക്കേട് നടന്നതായി വനം വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പണിമുടക്കിനെതിരെ ഡയസ്നോൺ ഉൾപ്പെടെ നടപടികൾ ഇനി സ്വീകരിച്ചാൽ, എപിസിസിഎഫിന്റെ റിപ്പോർട്ട് ജീവനക്കാർ കോടതിയിൽ ആയുധമാക്കിയേക്കും. നടപടിയുടെ മുൾമുനയിൽ നിർത്തി ജീവനക്കാരിൽ നിന്നു പണപ്പിരിവു നടത്താനുള്ള കുറുക്കുവഴികളാണ് അധികൃതർ കണ്ടെത്തുന്നത് എന്ന സംഘടനയുടെ ആരോപണത്തിനു ശക്തി പകരുന്നതാണ് എപിസിസിഎഫിന്റെ റിപ്പോർട്ട്.

English Summary: Report against mass suspension in forest department

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA