ADVERTISEMENT

തിരുവനന്തപുരം ∙ പതിമൂന്നാം വയസ്സുവരെ ചലനശേഷി സ്വപ്നം കണ്ടു കട്ടിലിൽ കഴിഞ്ഞിരുന്ന പാപ്പനംകോട് സ്വദേശിനി പഞ്ചമി സതീഷ് (25) ഇപ്പോൾ ബ്രിട്ടനിലെ കോവെൻട്രി സർവകലാശാല എജ്യൂക്കേഷൻ ഓഫിസർ പദവിയിൽ എത്തി നിൽക്കുമ്പോൾ പറയുന്നത് ഇത്ര മാത്രം: ശക്തമായ ഒരു മനസ്സുണ്ടെങ്കിൽ അത്രയെളുപ്പം പൊടിഞ്ഞു പോകുന്നതല്ല ഈ ജീവിതം! ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വിദ്യാർഥിയാണ് പഞ്ചമി. ഇതോടെ സർവകലാശാലയുടെ ബോർഡ് ഓഫ് ട്രസ്റ്റീസിലും അവർ അംഗമായി. സർവകലാശാലയിലെ മറ്റൊരു മലയാളി വിദ്യാർഥിയായ അഖിൽ ഷാ വെൽഫെയർ ഓഫിസറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

പരസഹായമില്ലാതെ ചലിക്കാനുള്ള ശേഷിയായിരുന്നു കുട്ടിക്കാലത്ത് പഞ്ചമിയുടെ സ്വപ്നം. ചികിത്സയ്ക്കൊപ്പം മനസ്സും ലക്ഷ്യവും അതിനു പിന്നാലെയായതോടെ എല്ലുകൾ പൊടിയുന്ന ഓസ്റ്റിയോ ജനിസസ് ഇംപെർഫെക്ട (ഗ്ലാസ് ബോൺ ഡിസീസ്) എന്ന അപൂർവരോഗം തെല്ലൊന്നു വഴിമാറിക്കൊടുക്കുകയായിരുന്നു. ‘എപ്പോഴാണ് എല്ലുകൾ പൊടിയുന്നതെന്നു പറയാനാവില്ല. തിരിഞ്ഞു കിടക്കുമ്പോഴാകാം. അല്ലെങ്കിൽ എഴുന്നേൽക്കുമ്പോൾ. ഏതെങ്കിലുമൊരു പ്രതലത്തിൽ തട്ടിയാൽ എല്ലു പൊട്ടും. ചിലപ്പോൾ ദേഹം തുളച്ചു പുറത്തു വരും. ഇതുവരെ 25 ലേറെ തവണ ഗുരുതരമായി എല്ലു തകർന്നിട്ടുണ്ട്. ഒട്ടേറെ ശസ്ത്രക്രിയകളും വേണ്ടിവന്നു’– പഞ്ചമി പറയുന്നു. 

പ്ലസുവിനു ശേഷം തിരുവനന്തപുരം നീറമൺകര എൻഎസ്എസ് കോളജിൽ നിന്നു ബിഎ ഇംഗ്ലിഷ് ബിരുദം നേടി. തുടർച്ചയായി ക്ലാസിൽ പോകാൻ സാധിച്ചിരുന്നില്ല. കോവൻട്രി സർവകലാശാലയിൽ എംഎസ്‌സി ഇന്റർനാഷനൽ ബിസിനസ് കോഴ്സിൽ ഉപരി പഠനത്തിനായി പോകുമ്പോൾ ചക്രക്കസേരയിൽ ഒറ്റയ്ക്കായിരുന്നു വിമാനയാത്ര. 

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയും ഷാർജയിൽ ബിസിനസുകാരനുമായ എം.സതീഷ്കുമാറിന്റെയും എം.എസ്.സിന്ധുമതിയുടെയും മകളാണു പഞ്ചമി. സഹോദരി പവിത്ര ലണ്ടനിൽ ബിബിഎ വിദ്യാർഥിയാണ്. 

English Summary: Panchami Satheesh Britain Coventry university education officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com