ADVERTISEMENT

ഏഴിൽ പഠിക്കുമ്പോൾ സ്കൂളിൽ പുതിയൊരു മലയാളം അധ്യാപകൻ വന്നു- നാരായണൻ മാഷ്. അദ്ദേഹത്തിന്റെ ക്ലാസിലും പതിവുപോലെ ഇന്നസന്റ് വികൃതി കാട്ടി. കുട്ടികൾ ആർത്തു ചിരിച്ചു. ചൂരലുമായി മാഷ് അടുത്തേക്കു വിളിച്ചു. ഇപ്പോൾ അടിപൊട്ടുമെന്ന ഘട്ടത്തിൽ മാഷ് ചൂരൽ വലിച്ചെറിഞ്ഞ് ഇന്നസന്റിന്റെ തോളിൽ കൈവച്ചു പറഞ്ഞു, ‘ഇന്നസന്റേ നിന്നെ ഞാൻ തല്ലുന്നതു ശരിയല്ല. മുതിർന്നവരെ തല്ലുന്നതു പാപമാണെന്നാ പ്രമാണം. നീ വല്ല സിനിമയിലും പോയിച്ചേര്...’

പരിഹാസത്തോടെയാണു മാഷ് പറഞ്ഞതെങ്കിലും തന്റെ മനസ്സിലെ രഹസ്യമോഹം മറ്റൊരാളിൽനിന്നു കേട്ടതിന്റെ സന്തോഷത്തിലായിരുന്നു ഇന്നസെന്റ്.

നടനാകാനുള്ള ആഗ്രഹം ആദ്യം പറഞ്ഞത് അപ്പനോടാണ്. അപ്പനു വലിയ സന്തോഷമായി. സ്കൂൾ നാടകങ്ങളിൽ മകനെ പങ്കെടുപ്പിക്കാൻ അപ്പൻ ശ്രമിച്ചു. പിൽക്കാലത്ത് ചലച്ചിത്ര സംവിധായകനായി പേരെടുത്ത മോഹനും ഇന്നസന്റും ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിൽ സഹപാഠികളായിരുന്നു. അക്കാലത്ത് ഇരിങ്ങാലക്കുടയിലുണ്ടായിരുന്ന ഡാൻസർ പരമശിവത്തിന്റെ ചരിത്ര നാടകങ്ങളിൽ ഇന്നസന്റ് നീറോ ചക്രവർത്തിയായും മോഹൻ പീലാത്തോസായും അഭിനയിച്ചു. അപ്പൻ അതുകണ്ടു കയ്യടിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ മീറ്റിങ്ങിനു രാത്രി പോകുമ്പോൾ അപ്പൻ ഇന്നസന്റിനെയും കൂട്ടും. മീറ്റിങ് കഴിഞ്ഞാൽ കെപിഎസി നാടകമുണ്ട്.

തീപ്പെട്ടിക്കമ്പനിയുടെ ആവശ്യത്തിനായി ശിവകാശിയിൽ പോയി മടങ്ങും വഴി ഒരിക്കൽ മദ്രാസിൽ എത്തിയ ഇന്നസന്റ് സിനിമാമോഹവുമായി അവിടെ കൂടുകയായിരുന്നല്ലോ. കോടമ്പാക്കത്തെ സിനിമക്കാരുടെ സ്ഥിരം താവളമായ ഉമാ ‌ലോഡ്ജിലാണ് ഇന്നസന്റും ചെന്നടിഞ്ഞത്. മാസം മുപ്പതുരൂപ വാടക. നടൻ വിൻസെന്റ്, ഗായകൻ അയിരൂർ സദാശിവൻ, സംവിധാനം പഠിക്കുന്ന സുഹൃത്ത് മോഹൻ, നാടകനടൻ ജോർജ് കണക്കശ്ശേരി, തൊടുപുഴ രാധാകൃഷ്ണൻ, തുടങ്ങി നിരവധി മലയാളികൾ അടുത്ത മുറികളിൽ.

മുഴുപ്പട്ടിണിയുടെ നാളുകളായിരുന്നു അത്. ആകെയുള്ള ഒരു ടെറിലിൻ ഷർട്ടും ഡബിൾ മുണ്ടും മുഷിയാതെ നോക്കുകയായിരുന്നു ശ്രമകരമായ ജോലി. ലിബർട്ടിയിൽനിന്ന് അശോക നഗറിലേക്ക് നാലഞ്ചു കിലോമീറ്റർ നടക്കും. 15 പൈസയുണ്ടെങ്കിൽ ബസ്സിനുപോകാം. കാശില്ല. അതാണു നടപ്പ്. ആ നടപ്പിനിടയിലാണ് ഡേവിഡ് കാച്ചപ്പിള്ളിയെ പരിചയപ്പെടുന്നത്.

1972 സെപ്റ്റംബർ 9നു റിലീസ് ചെയ്ത, എ.ബി.രാജ് സംവിധാനം ചെയ്ത ‘നൃത്തശാല’യിലാണ് ഇന്നസന്റ് ആദ്യമായി തിരശ്ശീലയിലെത്തിയത്. അന്നു മോഹൻ എ.ബി രാജിന്റെ സഹസംവിധായകനാണ്. അഭിനയിക്കാൻ അവസരം ലഭിക്കുമെന്നു പ്രതീക്ഷിച്ച് പ്രൊഡക്‌ഷൻ മാനേജരുടെ സഹായിയായി കൂടിയിരിക്കയായിരുന്നു ഇന്നസന്റ്. ശോഭന പരമേശ്വരൻ നായർ നിർമിച്ച ചിത്രത്തിൽ പ്രേംനസീറും ജയഭാരതിയും അടൂർഭാസിയുമായിരുന്നു പ്രധാന താരങ്ങൾ. തുടർന്ന് ‘ഉർവശിഭാരതി’, ‘ജീസസ്’, ‘നെല്ല്’ തുടങ്ങിയ ചിത്രങ്ങളിൽ ഏതാനും ചെറിയ വേഷങ്ങൾ കിട്ടി. ‘ജീസസി’ൽ താടിയൊക്കെവച്ച് വയസ്സൻ രാജഗുരുവായാണ് അഭിനയിച്ചത്. ഹെരോദാസ് രാജാവായി കെ.പി.ഉമ്മർ, ഡർബാർഹാളിൽ ശലോമി എന്ന നൃത്തക്കാരിയായി അഭിനയിച്ചതാകട്ടെ, പിൽക്കാലത്തെ തമിഴ്നാടു മുഖ്യമന്ത്രി ജയലളിത! ജീസസിൽ അഭിനയിച്ചതിന് പതിനഞ്ചു രൂപയായിരുന്നു പ്രതിഫലം.

ശോഭനാ പരമേശ്വരൻനായരുടെ ശുപാർശയിലാണ് രാമുകാര്യാട്ടിന്റെ ‘നെല്ല്’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. തിരുനെല്ലിയിലായിരുന്നു ഷൂട്ടിങ്. 1,500 രൂപ പ്രതിഫലം. കുറെ അലഞ്ഞപ്പോൾ പിന്നെയും ചില സിനിമകളിൽ കുഞ്ഞുകുഞ്ഞു വേഷങ്ങൾ കിട്ടി. ചായ കൊണ്ടുവരുന്ന ആളായിട്ടും വേലക്കാരനായിട്ടും ചില പാസിങ് ഷോട്ടുകൾ. എന്നിട്ടും സിനിമാ നടന്റെ ഗമയോടെ വളരെമാസങ്ങൾക്കു ശേഷം വീട്ടിൽ ചെന്നു. അപ്പൻ ചോദിച്ചു: ‘ഇന്നസന്റേ ചായകൊടുക്കലും കാപ്പികൊടുക്കലുമൊക്കെ സിനിമയിൽ മാത്രമാണോ? അതോ ഇതുതന്നെയാണോ അവിടെ നിന്റെ പണി? നിവൃത്തിയില്ലെങ്കിൽ ഇങ്ങോട്ടുപോരേ പട്ടിണികിടക്കരുത്.’

സിനിമയിൽ താൻ അഭിനയിച്ച വേലക്കാരൻ വേഷങ്ങളൊക്കെ കോളജിൽ പഠിക്കുന്ന സഹോദരിക്കും ബന്ധുക്കൾക്കുമെല്ലാം നാണക്കേടാണ് ഉണ്ടാക്കിയിരുന്നതെന്ന് സങ്കടത്തോടെ തിരിച്ചറിഞ്ഞ് ഇന്നസന്റ് വീണ്ടും മദ്രാസിലേക്കു മടങ്ങി. പക്ഷേ, പിന്നെയും കിട്ടിയ വേഷങ്ങൾ പഴയതുതന്നെ. 1978ൽ മോഹൻ സംവിധാനം ചെയ്ത ‘രണ്ടു പെൺകുട്ടികൾ’ എന്ന സിനിമയിലെ പ്യൂണിന്റെ വേഷത്തോടെയാണ് ഇന്നസന്റ് എന്ന നടനെ ലോകം അറിഞ്ഞുതുടങ്ങിയത്. എന്നിട്ടും പച്ചപിടിച്ചില്ല.

1985ൽ മദ്രാസിലെ കലാപരിപാടിയെല്ലാം പൊളിഞ്ഞ് നാട്ടിലേക്കു മടങ്ങാൻ സാധനങ്ങൾ കെട്ടിക്കൊണ്ടിരുന്നപ്പോഴാണ് സെഞ്ചുറി ഫിലിംസ് ഉടമ കൊച്ചുമോൻ വിളിക്കുന്നത്. സേതുമാധവൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ രണ്ടു സീനിൽ അഭിനയിക്കാൻ. മമ്മൂട്ടിയും മോഹൻലാലുമുള്ള സിനിമയാണ്-‘അവിടുത്തെപ്പോലെ ഇവിടെയും.’ സാമ്പത്തികമായി പടം പരാജയപ്പെട്ടെങ്കിലും തനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് പലരും പറഞ്ഞത് ആ ചിത്രം കണ്ടശേഷമായിരുന്നു എന്ന് ഇന്നസന്റ് അനുസ്മരിച്ചിട്ടുണ്ട്. ആ വേഷം തന്നെക്കൊണ്ടു ചെയ്യിക്കാൻ കാരണക്കാരായത് തിരക്കഥാകൃത്ത് ജോൺപോളും മമ്മൂട്ടിയുമാണെന്നും പിന്നീട് ഇന്നസന്റ് അറിഞ്ഞു. നടൻ ശ്രീനിവാസനുമായുള്ള അടുപ്പമാണ് പ്രിയദർശനിലേക്കും അതുവഴി ‘പുന്നാരം ചൊല്ലിച്ചൊല്ലി’ എന്ന സിനിമയിലേക്കും എത്തിച്ചത്. 1989ൽ പുറത്തിറങ്ങിയ ‘മഴവിൽക്കാവടി’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അതേവർഷമിറങ്ങിയ ‘റാംജി റാവ് സ്പീക്കിങ്ങോ’ടെ തലവര മാറി. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

1973ൽ ഇന്നസന്റ് അഭിനയിച്ചത് മൂന്നു സിനിമകളിലായിരുന്നെങ്കിൽ. എൺപതുകളുടെ മധ്യത്തിൽ കൈനിറയെ സിനിമകൾ ലഭിച്ചു. 1980നു ശേഷം ഇന്നസന്റ് അഭിനയിക്കാത്ത വർഷങ്ങൾ കുറവ്. 

റാംജിറാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായി, കാബൂളിവാലയിലെ കന്നാസ്, കിലുക്കത്തിലെ കിട്ടുണ്ണി, ദേവാസുരത്തിലെ വാര്യർ , ഗോഡ്ഫാദറിലെ സ്വാമിനാഥൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഇന്നസന്റിലൂെട അവിസ്മരണീയരായി. ഹാസ്യവും സ്വഭാവ നടന്റെ വേഷവും മാത്രമല്ല വില്ലൻ വേഷങ്ങളും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് ഇണങ്ങി. ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമ റിലീസായ കാലത്തെപ്പറ്റി ആത്മകഥയായ ‘ചിരിക്കു പിന്നിൽ’ എന്ന പുസ്തകത്തിൽ ഇന്നസന്റ് ഇങ്ങനെ കുറിച്ചു:

‘ഞാനും ആലീസും മോനും കൂടി തൃശൂരിൽ സിനിമയ്ക്കു കയറി. സിനിമ കണ്ട് ആളുകൾ കസേരയിൽ കയറിനിന്നു ചിരിക്കുകയാണ്. ചിരിയുടെ തിരമാലകൾക്കു നടുവിൽ ഒരാൾ മാത്രം ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു- ഞാൻ. ചിരിക്കു പകരം എന്റെ കണ്ണിൽനിന്നു കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. ഇതിനാണല്ലോ ദൈവമേ ഞാൻ ഇത്ര നാൾ അലഞ്ഞത്, പട്ടിണി കിടന്നത്, പരിഹസിക്കപ്പെട്ടത്, ഉടുതുണിക്കു മറുതുണിയില്ലാതെ ഒളിച്ചിരുന്നത്, ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്... അതോർത്തപ്പോൾ ആ ഇരുട്ടിൽ, അട്ടഹാസത്തിനും ചിരികൾക്കും നടുവിൽ ഇരുന്നു ഞാൻ തേങ്ങിക്കരഞ്ഞുപോയി. ആഘോഷത്തിനിടയിൽ പക്ഷേ, ആരും അതു കണ്ടില്ല’.

English Summary: Remembering Innocent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com