ADVERTISEMENT

കട്ടപ്പന ∙ പേഴുംകണ്ടത്ത് നഴ്സറി സ്കൂൾ അധ്യാപികയെ ഭർത്താവ് കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽച്ചുറ്റി വലിച്ചു നിലത്തിട്ടശേഷം കിടപ്പുമുറിയിലേക്കു വലിച്ചിഴച്ച്. ഇന്നലെ നടന്ന തെളിവെടുപ്പിലാണു പ്രതിയുടെ കുറ്റസമ്മതം. പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി (29) ആണ് ഭാര്യ പീരുമേട് പാമ്പനാർ പാമ്പാക്കട അനുമോളെ (വത്സമ്മ-27) കൊലപ്പെടുത്തിയത്.

കാഞ്ചിയാർ പള്ളിക്കവലയിലെ നഴ്സറി സ്കൂൾ അധ്യാപികയായ അനുമോൾ വിദ്യാർഥികളിൽ നിന്ന് ഈടാക്കി സൂക്ഷിച്ചിരുന്ന 10,000 രൂപ ബിജേഷ് വാങ്ങി ചെലവഴിച്ചശേഷം തിരികെ നൽകാതിരുന്നതും അനുമോൾ വനിതാ സെല്ലിൽ നൽകിയ പരാതിയിൽ ചർച്ച നടന്നപ്പോഴുണ്ടായ തർക്കവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

വനിതാ സെല്ലിൽ അനുമോൾ നൽകിയ പരാതിയിൽ മാർച്ച് 12നു ചർച്ച നടത്തിയശേഷം ബിജേഷ് വെങ്ങാലൂർക്കടയിലെ സ്വന്തം വീട്ടിലേക്കു പോയി. രണ്ടുദിവസം പേഴുംകണ്ടത്ത് താമസിച്ചശേഷം അനുമോൾ പിന്നീടു മാട്ടുക്കട്ടയിലെ ബന്ധുവീട്ടിൽ നിന്നാണു സ്കൂളിലേക്കു പോയിരുന്നത്. 17നു പകൽ ബിജേഷും രാത്രി ഏഴോടെ അനുമോളും പേഴുംകണ്ടത്തെ വീട്ടിലെത്തി. തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഇവരുടെ കുട്ടി (5 വയസ്സ്) ഉറങ്ങി.

രാത്രി ഒൻപതോടെ ഹാളിൽ കസേരയിൽ ഇരുന്ന അനുമോളെ ബിജേഷ് ഷാൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു. പിന്നോട്ടുവലിച്ചപ്പോൾ തലയിടിച്ച് അനുമോൾ നിലത്തുവീണു. കഴുത്തിൽ ചുറ്റിക്കിടന്ന ഷാളിൽ വലിച്ച് കിടപ്പുമുറിയിലേക്കു കൊണ്ടുപോയി. ആത്മഹത്യയാക്കിത്തീർക്കാൻ, കട്ടിലിൽ കയറ്റിക്കിടത്തിയശേഷം ബ്ലേഡ് കൊണ്ട് അനുമോളുടെ ഇടതു കൈത്തണ്ട മുറിച്ചു. 

കാഞ്ചിയാർ പേഴുംകണ്ടത്ത് അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭർത്താവ് ബിജേഷ് ബെന്നിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇവരുടെ കുടുംബചിത്രം കാട്ടി വിലപിക്കുന്ന അനുമോളുടെ മാതൃസഹോദരി ലില്ലിക്കുട്ടി ദേവസ്യ. അനുമോളെ കാണാനില്ലെന്നറിഞ്ഞ് വീട്ടിലെത്തി മൃതദേഹം ഒളിപ്പിച്ചിരുന്ന മുറിയിൽ കയറിയ ലില്ലിക്കുട്ടിക്ക് ഈ ചിത്രം എടുത്തു നൽകിയാണ് ബിജേഷ് ശ്രദ്ധതിരിച്ച് ഇറക്കിക്കൊണ്ടുപോയത്.
കാഞ്ചിയാർ പേഴുംകണ്ടത്ത് അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭർത്താവ് ബിജേഷ് ബെന്നിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഇവരുടെ കുടുംബചിത്രം കാട്ടി വിലപിക്കുന്ന അനുമോളുടെ മാതൃസഹോദരി ലില്ലിക്കുട്ടി ദേവസ്യ. അനുമോളെ കാണാനില്ലെന്നറിഞ്ഞ് വീട്ടിലെത്തി മൃതദേഹം ഒളിപ്പിച്ചിരുന്ന മുറിയിൽ കയറിയ ലില്ലിക്കുട്ടിക്ക് ഈ ചിത്രം എടുത്തു നൽകിയാണ് ബിജേഷ് ശ്രദ്ധതിരിച്ച് ഇറക്കിക്കൊണ്ടുപോയത്.

പിന്നീട് ഷാൾ ജനൽക്കമ്പിയിൽ കെട്ടിയശേഷം കഴുത്തി‍ൽ കുരുക്കി ജീവനൊടുക്കാൻ ബിജേഷ് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കൈത്തണ്ട മുറിക്കാനും ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ അനുമോളുടെ സ്വർണാഭരണങ്ങൾ ഊരിയെടുത്തശേഷം തൊട്ടടുത്ത മുറിയിൽ മകൾക്കൊപ്പം കിടന്നുറങ്ങി. പിറ്റേന്നു രാവിലെ മൃതദേഹം വലിച്ചു നിലത്തിട്ട് പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിലേക്കു മാറ്റി. പിന്നീട് അനുമോളുടെ ഫോൺ വിറ്റു. സ്വർണാഭരണങ്ങൾ പ്രതി 11,000 രൂപയ്ക്കു പണയപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൻ, കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി, കട്ടപ്പന പ്രിൻസിപ്പൽ എസ്ഐ കെ.ദിലീപ്കുമാർ എന്നിവരുൾപ്പെട്ട സംഘമാണു കേസ് അന്വേഷിച്ചത്. പ്രതിയെ കോടതി 6 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.

English Summary: Idukki Anumol Murder: Husband Bijesh sold Anumol's Phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com