ADVERTISEMENT

കാൻസർ കാരണമല്ല ഇന്നസന്റ് നമ്മെ വിട്ടുപിരിഞ്ഞത്. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് ആ മഹാ കലാകാരനെ തട്ടിയെടുത്തത്. പലരുടെയും ധാരണ കാൻസർ വീണ്ടും ഇന്നസന്റിനെ കീഴ്പ്പെടുത്തിയിരുന്നു എന്നതാണ്. സ്വർഗത്തിൽനിന്ന് ഇന്നസന്റ് ചിരിയോടെ പറയുന്നുണ്ടാകും: പേടിക്കേണ്ട, എന്റെ കാൻസർ മാറിയതാണ്.

വർഷങ്ങൾക്കു മുൻപ് ബയോപ്സിയുടെ ഫലം ഞാനാണ് ഇന്നസന്റിനെ വിളിച്ചറിയിക്കുന്നത്. അന്ന് അദ്ദേഹം ഒരു സിനിമയുടെ അവസാന സീനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇരുട്ടിലേക്കു പോകുന്നതായിരുന്നു ആ രംഗം. റിസൽറ്റ് അറിഞ്ഞദിവസം ഇന്നസന്റിന് താൻ ഇരുട്ടിലേക്കു പോകുകയാണോ എന്ന സന്ദേഹം ഉണ്ടായിരുന്നു. എന്നാൽ പിറ്റേദിവസം കാണാനെത്തിയതു മുതൽ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാൻസറിനെ നേരിട്ടത്.

സെലിബ്രിറ്റി തലത്തിലുള്ള ഇന്നസന്റിനെപ്പോലൊരാൾ തന്റെ രോഗബാധ തുറന്നു പറഞ്ഞതു സമൂഹത്തിനു മാതൃകയും മാനസികമായി തളർന്നിരുന്നവർക്ക് ആശ്വാസവുമായി. കാൻസർ മാറില്ലെന്നൊരു ബോധ്യത്തെ ഇന്നസന്റ് ചിരിയോടെ നേരിട്ടു വിജയം വരിച്ചത് ഏറെപ്പേർക്ക് ആത്മവിശ്വാസം നൽകി. ഇന്നസന്റിൽനിന്നു നമുക്കു പഠിക്കാനേറെയുണ്ട്. രോഗത്തെ ചിരിച്ചുനേരിട്ട അദ്ദേഹത്തിന്റെ പോസിറ്റീവ് മനസ്സാണ് ആദ്യത്തേത്.

ഇന്നസന്റിന് ഉറച്ച തീരുമാനങ്ങളുണ്ട്. പല സിനിമാതാരങ്ങളും അദ്ദേഹത്തിനു രോഗസംബന്ധമായ ഉപദേശങ്ങൾ നൽകുക പതിവായിരുന്നു. ഒറ്റമൂലികൾ, പച്ചമരുന്നുകൾ, ഫലമൂലാദികൾ എന്നിവ അവരിൽ പലരും ഇന്നസന്റിനു നൽകുമായിരുന്നു. എന്നാൽ, ശാസ്ത്രീയ ചികിത്സാമാർഗങ്ങൾ മാത്രമേ തേടൂ എന്ന നിശ്ചയദാർഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് കാൻസറിൽനിന്ന് അദ്ദേഹം മോചിതനായത്.

പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു. നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി.

കാൻസർ ബോധവൽക്കരണത്തിനായി ഇന്നസന്റ് പല യാത്രകളിൽ കൂടെ വന്നിട്ടുണ്ട്. തന്റെ പോസിറ്റീവ് ചികിത്സാനുഭവം മറ്റു രോഗബാധിതരോടു തുറന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നതിലും ഇന്നസന്റ് വളരെ കരുതലെടുത്തു. കീമോതെറപ്പിയുടെ സമയത്ത് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ കളിക്കൂട്ടം പോലുള്ള കൂട്ടായ്മകളിൽ ഇന്നസന്റ് പങ്കെടുക്കുകയും ക്യാംപുകൾക്കാകെ ഉണർവു പകരുകയും ചെയ്തു.

English Summary: Dr. V. P. Gangadharan disclosing reason of actor Innocent death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com