ADVERTISEMENT

തിരുവനന്തപുരം ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ  നിർമിക്കുന്ന 2 ജലശുദ്ധീകരണശാലകൾക്കായി വിളിച്ച 559 കോടി രൂപയുടെ കരാർ,  ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു നേരത്തേ റദ്ദാക്കിയവർക്കു തന്നെ ഉറപ്പിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ ചീഫ് എൻജിനീയറെ മാറ്റി ആരോപണവിധേയനായ സൂപ്രണ്ടിങ് എൻജിനീയർക്കു ചീഫ് എൻജിനീയറുടെ താൽക്കാലിക ചുമതല നൽകിയാണ് കരാർ ഉറപ്പിച്ചത്. ജലവിഭവ സെക്രട്ടറിയുടെയും എംഡിയുടെയും ഇടപെടലുകൾ മറികടന്നാണ് തിടുക്കപ്പെട്ട് ടെൻഡർ തുറന്നത്. 

ഉള്ള്യേരി, മൂടാടി പഞ്ചായത്തുകൾക്കും സമീപപ്രദേശങ്ങൾക്കുമായി പെരുവണ്ണാമൂഴിയിൽ 100 എംഎൽഡി ജലശുദ്ധീകരണശാല നിർമാണം, ജലവിതരണ പൈപ്പുകൾ എന്നിവയ്ക്കായി 321 കോടി രൂപയുടേതും ചാത്തമംഗലത്തിനു സമീപമുള്ള 7 പഞ്ചായത്തുകൾക്കായി 238 കോടി രൂപയുടേതുമാണു കരാർ. ജലശുദ്ധീകരണശാലയും വിതരണ പൈപ്പ് സ്ഥാപിക്കലും രണ്ടു കരാറായി വിളിക്കുന്നതാണു രീതിയെങ്കിലും ഇവിടെ രണ്ടിനും ഒറ്റ ടെൻഡർ വിളിച്ചതോടെ ജലശുദ്ധീകരണശാലകൾ നിർമിക്കാൻ വൈദഗ്ധ്യമുള്ള കരാറുകാരെല്ലാം പുറത്താവുകയായിരുന്നു.

ഒരാൾ മാത്രം കരാറിനു വന്നാൽ റീ ടെൻഡർ ചെയ്യേണ്ടി വരുമെന്നതിനാൽ ഒരേ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി രണ്ടു കരാറുകാരെ സജ്ജമാക്കിയ ശേഷമാണ് കരാർ വിളിച്ചത്. ശേഷം ടെൻഡർ നടപടികൾ വേഗം പൂർത്തിയാക്കി.  559 കോടിയുടെ പദ്ധതിക്ക് 10% തുക ഉയർത്തി 614 കോടിക്ക് ക്വോട്ട് ചെയ്തവർക്കാണു  കരാർ ലഭിച്ചത്. പദ്ധതി തുകയെക്കാൾ 10% തുക ചീഫ് എൻജിനീയർക്ക് വർധിപ്പിച്ചു നൽകാമെന്ന വ്യവസ്ഥ പ്രകാരം ചെയ്തു കരാർ വച്ചെന്നാണ് ആരോപണം. 10% കുറച്ച് തുക ക്വോട്ട് ചെയ്ത കരാറുകാർ പുറത്തായി. ഇതുവഴി 120 കോടിയെങ്കിലും സർക്കാരിന് അധികച്ചെലവാകുമെന്നാണ് ആരോപണം. 

ടെൻഡർ നടപടികൾക്കിടയിൽ, ഇല്ലാത്ത നിർമാണത്തിന്റെ പേരിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ നാലു കരാറുകാരെ അയോഗ്യരാക്കിയിരുന്നു. ഇവർ കോടതിയെ സമീപിച്ചു. ഹിയറിങ് നടത്താൻ വാട്ടർ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. ഇതിനിടയിൽ, എതിർപ്പുന്നയിച്ച ചീഫ് എൻജിനീയറെ തിരുവനന്തപുരത്തേക്കു മാറ്റി. ഹിയറിങ് നടത്താൻ കോടതി നിർദേശിച്ച ഉടൻ ഇഷ്ടക്കാർക്ക് കരാർ ഉറപ്പിച്ചു നൽകുകയും ചെയ്തു. ഇല്ലാത്ത ‘പ്രവൃ‍ത്തിപരിചയ സർട്ടിഫിക്കറ്റ്’ ഹാജരാക്കിയതിനാൽ അയോഗ്യരാക്കപ്പെട്ടവർക്കു തന്നെ കരാർ ലഭിച്ചു. 

മറ്റു കരാറുകാർ വകുപ്പ് സെക്രട്ടറിക്കും വാട്ടർ അതോറിറ്റി എംഡിക്കും പരാതി നൽകിയതിനെ തുടർന്ന് വാട്ടർ അതോറിറ്റി വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയറെ നിയോഗിച്ചു. വാട്ടർ അതോറിറ്റി  നിയമവിഭാഗം പരിശോധിക്കണമെന്ന് നിർദേശിച്ചെങ്കിലും ഇതു മറികടന്നാണ് ടെൻഡർ തുറക്കാൻ തീരുമാനിച്ചത്. ഇതും വിവാദമായി.

∙ ‘ഇൗ കരാറുകളെക്കുറിച്ച് നേരത്തേ പരാതി കിട്ടിയിരുന്നു. അന്വേഷിക്കാൻ വാട്ടർ അതോറിറ്റി എംഡിയെ ചുമതലപ്പെടുത്തി. പിന്നീട് രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ദൈനംദിനം  സെക്രട്ടറിതല പരിശോധന വേണ്ടിവരാറില്ല.’ – അശോക് കുമാർ സിങ് (ജല അതോറിറ്റി ചെയർമാൻ,

ജലവിഭവ സെക്രട്ടറി)

English Summary: Fraud in jalajeevan mission project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com