ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലർ നിയമന കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ സർക്കാരിനു വഴങ്ങി. ഡോ.സിസ തോമസ് ഈ മാസം 31നു വിരമിക്കുമ്പോൾ പകരം ആർക്കാണു വിസിയുടെ ചുമതല നൽകേണ്ടതെന്നു സർക്കാരിനോട് ഗവർണർ രേഖാമൂലം ആരാഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്.

വിസിയുടെ ചുമതല ഡിജിറ്റൽ സർവകലാശാലാ വിസി ഡോ.സജി ഗോപിനാഥിനു നൽകണമെന്നു നേരത്തേ സർക്കാർ ശുപാർശ ചെയ്തത് ഗവർണർ തള്ളിയിരുന്നു. വിസിയെ നിയമിക്കുന്നതിനു 3 പേരുടെ പാനൽ സമർപ്പിക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന ഹൈക്കോടതി വിധിയെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി 3 സീനിയർ പ്രഫസർമാരുടെ പാനൽ ഗവർണർക്കു നൽകുകയുണ്ടായി. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ–പ്രിൻസിപ്പൽ പദവികളിലുള്ള ഡോ.ടി.പി.ബൈജു ബായി, ഡോ.വൃന്ദ വി.നായർ, ഡോ.സി.സതീഷ്കുമാർ എന്നിവരുടെ പേരാണ് അന്നു നൽകിയത്.

ഡോ.സിസ തോമസിനെ മാറ്റണമെന്നു ഹൈക്കോടതി പറയാത്തതിനാൽ ഇവരെ ഗവർണർ പരിഗണിച്ചില്ല. ഡോ.സിസ വിരമിക്കുമ്പോൾ ഡോ.സജി ഗോപിനാഥിനോ പാനലിലുള്ള മൂന്നു പേരിൽ ആർക്കെങ്കിലുമോ ചുമതല നൽകാമെന്നും ആർക്ക് ചുമതല നൽകണമെന്ന് സർക്കാർ അറിയിക്കണം എന്നുമാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. സജിക്കു ചുമതല നൽകണമെന്നു സർക്കാർ മുൻപ് ആവശ്യപ്പെട്ട സമയത്ത് അദ്ദേഹത്തിനു ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ പിന്നീട് നോട്ടിസിൽ തുടർ നടപടി സ്വീകരിക്കുന്നതു കോടതി തടഞ്ഞു എന്നും കത്തിൽ പറയുന്നു. ഇതേപോലെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച എംജി വിസി ഡോ.സാബു തോമസിനു മലയാള സർവകലാശാലാ വിസിയുടെ ചുമതല ഈയിടെ നൽകിയിരുന്നു. ഡോ.സജിക്കു ചുമതല നൽകുന്നതിന് ഇപ്പോൾ തടസ്സമില്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു.

ഗവർണറുടെ കത്ത് പരിശോധിച്ച് ഉടൻ തന്നെ സർക്കാർ മറുപടി നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ആർക്കു ചുമതല നൽകണമെന്നു ഗവർണർ തീരുമാനിക്കുക. സർക്കാർ സമർപ്പിച്ച സീനിയർ പ്രഫസർമാരുടെ പാനലിൽ ഉള്ളവരും വൈകാതെ സർവീസിൽ നിന്നു വിരമിക്കുന്നവരാണ്. ഡോ.സിസ തോമസ് ഇന്നു ഗവർണറെ കാണുന്നുണ്ട്.

English Summary: Kerala Governor on University Vice Chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com