ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കേരളം ഏറ്റവും മുന്നിൽ തുടരുന്നു. കേന്ദ്രം ഇന്നലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് കേരളത്തിൽ 2471 ആക്ടീവ് കേസുകളുണ്ട്. രാജ്യത്താകെ 10300 ആക്ടീവ് കേസുകളാണുള്ളത്. ഇന്നലെ 867 കേസുകൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ഇന്നലെ 160 പേരിൽ വൈറസ് സ്ഥിരീകരിച്ചെങ്കിൽ 136 പേർ കോവിഡ് മുക്തരായി. സംസ്ഥാനത്ത് ഇന്നലെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നേരത്തേ മരിച്ച 2 പേർക്ക് കോവിഡ് ബാധിച്ചിരുന്നെന്നു സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കണക്കിൽ ഇന്നലെ ഗുജറാത്തും മഹാരാഷ്ട്രയുമായിരുന്നു കേരളത്തിനു മുന്നിൽ – യഥാക്രമം 161, 168 കേസുകൾ. കോവിഡ് പരിശോധനയുടെ വേഗം കൂട്ടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 10 ലക്ഷം പേരിൽ 140 പേരെ പരിശോധനയ്ക്കു വിധേയമാക്കുന്നതാണു നിലവിലെ അനുപാതം.

ആക്ടീവ് കേസുകൾ കൂടുതലാണെങ്കിലും കേരളം കണക്കുകളോ മറ്റു പ്രവർത്തനങ്ങളോ ഔദ്യോഗികമായി വിശദീകരിക്കുന്നില്ല. എത്ര പരിശോധന നടത്തിയെന്ന് ഉൾപ്പെടെയുള്ള കണക്കുകൾ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ വിവിധ മേധാവികളോട് ആരാഞ്ഞപ്പോൾ മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തരുതെന്നാണു മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശമെന്നായിരുന്നു മറുപടി.

വാക്സീൻ സ്വീകരിക്കുന്നവർ കുറവ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നെങ്കിലും അതനുസരിച്ച് വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാകില്ല. ഇന്നലെ സ്വകാര്യ ആശുപത്രികളിൽ നിന്നു 166 പേരും സർക്കാർ ആശുപത്രികളിൽ നിന്ന് 20 പേരുമാണ് വാക്സീൻ സ്വീകരിച്ചത്. ഇതിൽ ആദ്യ ഡോസ്: 23, രണ്ടാം ഡോസ്: 83, കരുതൽ ഡോസ്: 80. 

സംസ്ഥാനത്ത് ഇപ്പോൾ 3600 ഡോസ് കോവാക്സീൻ ഉണ്ട്. ഇതിന്റെ കാലാവധി 31ന് അവസാനിക്കും. പുതുതായി 5000 ‍ഡോസ് കോർബി വാക്സ് വാക്സീൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു 31ന് എത്തും. സർക്കാർ അനുവദിച്ചിട്ടുള്ള ഏതു പ്രായക്കാർക്കും കോർബി വാക്സ് വാക്സീൻ എടുക്കാം. മാത്രമല്ല, ഏതു വാക്സീൻ എടുത്തവർക്കും കരുതൽ ഡോസ് ആയി ഈ വാക്സീൻ സ്വീകരിക്കാം. സംസ്ഥാനത്ത് ഇതുവരെ 5.75 കോടി ഡോസ് വാക്സീനാണു നൽകിയത്. ആദ്യ ഡോസ്: 2.91 കോടി, രണ്ടാം ഡോസ്: 2.52 കോടി, കരുതൽ ഡോസ്: 30 ലക്ഷം.

English Summary : Kerala tops in daily covid cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com