ADVERTISEMENT

തിരുവനന്തപുരം∙ സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിൽ പാലിക്കേണ്ട ചട്ടങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി രാജ്ഭവൻ അധികൃതർ യുജിസിക്കു കത്ത് എഴുതി. 2018ലെ യുജിസി ചട്ടങ്ങളിൽ ചില കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതും ബന്ധപ്പെട്ട സർവകലാശാലാ നിയമങ്ങളിൽ വ്യത്യസ്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയതുമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നു കത്തിൽ പറയുന്നു. 

വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി ആരാണ് രൂപീകരിക്കേണ്ടത് എന്നതിൽ വ്യക്തത ഇല്ല. സംസ്ഥാനത്തെ ചില സർവകലാശാലകളുടെ നിയമത്തിൽ ചാൻസലർ ആണ് രൂപീകരിക്കേണ്ടതെന്നു വ്യക്തമായി പറയുന്നുണ്ട്. മറ്റു ചില സർവകലാശാലകളുടെ നിയമത്തിൽ ഇക്കാര്യം പറയുന്നില്ല. ഈ സാഹചര്യത്തിലാണ് മലയാള സർവകലാശാലാ വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണറും സർക്കാരും ഒരേസമയം നടപടി സ്വീകരിച്ചത്. 

വിസിയുടെ നിയമന അധികാരി ചാൻസലർ ആയതിനാൽ അദ്ദേഹമാണോ സേർച് കമ്മിറ്റി രൂപീകരിക്കേണ്ടത് എന്നു രാജ്ഭവൻ യുജിസി ചെയർമാനോട് ആരാഞ്ഞിട്ടുണ്ട്. സേർച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ടാകണമെന്നു മാത്രമേ യുജിസി ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളൂ .അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തണമെന്നാണ് യുജിസി പറയുന്നത്. അംഗങ്ങൾ ആരൊക്കെ ആകണമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. സർക്കാരുമായി ബന്ധമില്ലാത്തവർ മാത്രമേ സേർച് കമ്മിറ്റിയിൽ വരാവൂ എന്നും യുജിസി ചട്ടങ്ങളിൽ ഉണ്ട്. എന്നാൽ സംസ്ഥാനത്തെ പല സർവകലാശാലകളിലും സേർച് കമ്മിറ്റിയിൽ സർക്കാരുമായി ബന്ധമുള്ളവരെയാണ് ഇതുവരെ ഉൾപ്പെടുത്തിയിരുന്നത്. 

വിസി സ്ഥാനത്തേക്ക് യോഗ്യതയുള്ള 3 മുതൽ 5 വരെ ആളുകൾ അടങ്ങുന്ന പാനൽ സമർപ്പിക്കണമെന്നാണ് യുജിസി ചട്ടങ്ങളിൽ പറയുന്നത്. ഇതിനു പകരം ഒരാളുടെ പേരു മാത്രം നിർദേശിക്കുകയും നിയമിക്കുകയും ചെയ്തതാണ് സംസ്ഥാനത്തെ പല സർവകലാശാലകളിലും സമീപ കാലത്തു നിയമ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. 

English Summary: Rajbhavan writes letter to UGC regarding vice chancellor appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com