തിരുവനന്തപുരം ∙ സിപിഎം വനിതാ നേതാക്കളെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസംഗത്തിൽ അധിക്ഷേപിച്ചെന്ന് ആദ്യം പരാതി നൽകിയത് യൂത്ത് കോൺഗ്രസിന്റെ വനിതാ നേതാവാണെങ്കിലും കേസെടുത്തത് സിപിഎം വനിതാ നേതാവ് സി.എസ്.സുജാതയുടെ പരാതിയിൽ. പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് വീണാ എസ്.നായരെ കേസിൽ സാക്ഷിയാക്കി.
സിപിഎം നേതാവിന്റെ പരാതിയിൽ കേസെടുക്കുന്നതാണ് ഉചിതമെന്ന് തീരുമാനിച്ചതിനാലാണ് സി.എസ്.സുജാതയുടെ പേരിൽ കേസെടുത്തതെന്ന് കന്റോൺമെന്റ് എസ്എച്ച്ഒ പറഞ്ഞു. ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചു എന്നതിന് 354(എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
28ന് ഉച്ചയ്ക്ക് 2.39ന് ആണ് വീണാ എസ്.നായർ പരാതി ഡിജിപിക്ക് ഇമെയിൽ വഴി അയയ്ക്കുന്നത് . ഡിജിപി വൈകിട്ടോടെ ഇത് ഹൈടെക് സെല്ലിന് കൈമാറി. ചാനലുകളിൽ വന്ന പ്രസംഗമായതു കൊണ്ടാണ് ഹൈടെക് സെല്ലിനു കൈമാറിയത്. ഹൈടെക് സെൽ അത് സൈബർ പൊലീസ് സ്റ്റേഷനു കൈമാറി. ഇതിൽ സൈബർ കുറ്റകൃത്യങ്ങളൊന്നുമില്ലാത്തതിനാൽ സൈബർ പൊലീസ് ഇത് കന്റോൺമെന്റ് സ്റ്റേഷന് കൈമാറിയപ്പോൾ ഒരു ദിവസം കഴിഞ്ഞ് ഇന്നലെ രാവിലെയാണ് എത്തിയത്.
എന്നാൽ സിപിഎം നേതാവ് സി.എസ്.സുജാത 28ന് വൈകിട്ട് ഡിജിപിക്ക് ഇമെയിൽ വഴി നൽകിയ പരാതി ഡിജിപി നേരിട്ട് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനു തന്നെ കൈമാറി. അന്നു രാത്രി തന്നെ കേസുമെടുത്തു. ഇന്നലെ രാവിലെ എകെജി സെന്ററിനടുത്തുള്ള ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഓഫിസിലെത്തി സി.എസ്.സുജാതയുടെ മൊഴിയെടുത്ത് നടപടികൾ പൂർത്തിയാക്കി.
വൈകിട്ട് നാലരയോടെ സ്റ്റേഷനിൽ വരുത്തി വീണാ. എസ്.നായരുടെ മൊഴിയെടുത്തു. ഒരു സംഭവത്തിൽ ഒരു കേസെടുത്താൽ മതിയെന്നതിനാൽ സമാനപരാതിക്കാരെ സാക്ഷിയാക്കി ഉൾപ്പെടുത്തുകയാണ് രീതിയെന്ന് കന്റോൺമെന്റ് എസ്എച്ച്ഒ പറഞ്ഞു.
സ്ത്രീവിരുദ്ധമല്ല, പൂതനാപ്രയോഗത്തിൽതെറ്റില്ല: സുരേന്ദ്രൻ
കോഴിക്കോട് ∙ ‘സിപിഎമ്മിലെ വനിതാ നേതാക്കൾ അഴിമതി നടത്തി തടിച്ചുകൊഴുത്തു പൂതനകളായി’ എന്ന തന്റെ പരാമർശത്തിൽ സ്ത്രീവിരുദ്ധതയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്ത്രീശാക്തീകരണത്തിന്റെ പേരു പറഞ്ഞ് അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കൾക്കെതിരെയുള്ള പൊതുപ്രസ്താവന മാത്രമാണതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. അഴിമതി കാണിച്ചു തടിച്ചുകൊഴുക്കുക എന്നതു സാധാരണ ഉപയോഗിക്കുന്ന പ്രയോഗമാണ്. അസുരശക്തിയുടെ പ്രതീകമായി ഉപയോഗിക്കുന്ന വാക്കാണ് പൂതന. കോൺഗ്രസിനും സിപിഎമ്മിനും ഒന്നിക്കാനുള്ള വഴി മാത്രമാണ് വിവാദം. അതിൽ സ്ത്രീവിരുദ്ധതയില്ലെന്നു സിപിഎമ്മിനു മനസ്സിലായതാണ്. സിപിഎമ്മുകാരെ പ്രകോപിപ്പിച്ചു കോൺഗ്രസ് നടത്തിയ രാഷ്ട്രീയമാണ് ഇപ്പോൾ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
English Summary: Defamation case against K Surendran