തിരുവനന്തപുരം ∙ സംസ്ഥാനത്തു നിക്ഷേപം നടത്തുന്നവർക്കു പ്രോത്സാഹനവും കേരളത്തിലുള്ളവർക്കു തൊഴിൽ ഉറപ്പാക്കാൻ ഇൻസെന്റീവും ഉൾപ്പെടുന്ന സംസ്ഥാന വ്യവസായനയം മന്ത്രിസഭായോഗം അംഗീകരിച്ചു. 2018 നു ശേഷം ആദ്യമായി പ്രഖ്യാപിക്കുന്ന വ്യവസായ നയം ഏപ്രിൽ ഒന്നിനു നിലവിൽവരും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു 4% പലിശയ്ക്കു 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. മൂലധന നിക്ഷേപത്തിനുള്ള സബ്സിഡിയായി സൂക്ഷ്മ വിഭാഗത്തിനു 45 ലക്ഷം രൂപ വരെയും ചെറുകിട വിഭാഗങ്ങൾക്ക് ഒരു കോടി രൂപ വരെയും ഇടത്തരം വിഭാഗങ്ങൾക്കു 2 കോടി രൂപ വരെയും നൽകും. ഈ പദ്ധതികളുടെ ഇലക്ട്രിസിറ്റി ഡ്യൂട്ടി 5 വർഷത്തേക്കു പൂർണമായി ഒഴിവാക്കും.
സർക്കാർ, സ്വകാര്യ വ്യവസായ പാർക്കുകളിൽ നിർമാണയൂണിറ്റുകൾ ആരംഭിക്കുന്നതിനു ഭൂമിയോ കെട്ടിടമോ വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്താൽ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ചാർജും ഒഴിവാക്കും. സ്ത്രീകളും എസ്‌സി–എസ്‌ടി സംരംഭകരും വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി സംസ്ഥാനത്ത് എവിടെ ഭൂമിയോ കെട്ടിടമോ വാങ്ങിയാലോ പാട്ടത്തിനെടുത്താലോ ഇതേ ഇളവു നൽകും.
വൻകിട, മെഗാ സംരംഭങ്ങളിൽ 50 ശതമാനത്തിലധികം സ്ഥിരം തൊഴിലവസരങ്ങൾ സംസ്ഥാനത്തുള്ളവർക്കു നൽകിയാൽ അധികമായി ഉണ്ടായ ഓരോ തൊഴിലിന്റെയും മാസ വേതനത്തിന്റെ 25% (പരമാവധി ഒരാൾക്ക് 5000 രൂപ) ഒരു വർഷത്തേക്കു തൊഴിലുടമയ്ക്കു തിരികെ നൽകും. സ്ഥിരം ജീവനക്കാരിൽ 50 ശതമാനത്തിൽ അധികം സ്ത്രീകളായാലും ഇതേ ആനുകൂല്യം ലഭിക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കു തൊഴിൽ നൽകിയാൽ ഒരാൾക്ക് 7500 രൂപ നിരക്കിൽ ഒരുവർഷം തിരികെ നൽകുമെന്നും മന്ത്രി അറിയിച്ചു.
English Summary: New business policy in Kerala