തിരുവനന്തപുരം ∙ സാമ്പത്തിക വർഷം അവസാനിക്കാൻ മുന്നിൽ ഒരു ദിവസം മാത്രമുള്ളപ്പോൾ പദ്ധതിച്ചെലവുകളിൽ പതിവുള്ള അവസാന ലാപ്പിലെ കുതിച്ചു കയറ്റമില്ല. 22,322 കോടിയുടെ സംസ്ഥാന പദ്ധതി അടങ്കൽ തുകയിലെ ചെലവിടൽ കഴിഞ്ഞ ഒരാഴ്ചയായി 70 ശതമാനത്തിൽ താഴെ തുടരുകയാണ്. ഇന്നലെ വരെ 68.55% തുക ചെലവിട്ടെന്നാണ് ആസൂത്രണ ബോർഡിന്റെ കണക്ക്. ട്രഷറിയിൽ നിന്നു കാര്യമായി ബില്ലുകൾ പാസാകുന്നില്ലെന്നതിന്റെ സൂചനയാണിത്. ഇൗ സാമ്പത്തിക വർഷം ഇതുവരെ 15,301 കോടി രൂപ ചെലവിട്ടപ്പോൾ 7,020 കോടി രൂപ ചെലവിടാൻ ബാക്കിയാണ്. അതേസമയം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി അടങ്കലായ 8,048 കോടിയിൽ 86.76% തുക ചെലവിടാനായി. എങ്കിലും ബില്ലുകൾ സമർപ്പിക്കാൻ കഴിയുന്നില്ലെന്നും സമർപ്പിച്ചവ പാസാക്കുന്നില്ലെന്നുമുള്ള വ്യാപക പരാതിയുണ്ട്.
വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള ബില്ലുകൾ സ്വീകരിക്കുന്നത് ഇന്നലെ ട്രഷറി നിർത്തലാക്കി. സ്വീകരിച്ച ബില്ലുകൾ പാസാക്കുന്ന ജോലിയാണ് ഇന്നും നാളെയും. സാമ്പത്തിക വർഷത്തെ അവസാന ദിനമായ നാളെ രാത്രി 12 വരെ ട്രഷറികൾ പ്രവർത്തിക്കും. 5,300 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാരിനു കടമെടുക്കാൻ കഴിഞ്ഞെങ്കിലും ഇൗ തുക മുഴുവൻ ഇൗ മാസം ചെലവിടാൻ കഴിയാത്ത അവസ്ഥയാണ്.
കാരണം, മറ്റന്നാൾ മുതൽ ശമ്പളവും പെൻഷനും വിതരണം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള പണം ട്രഷറിയിൽ അവശേഷിപ്പിക്കണം. ഇതു കണക്കിലെടുത്ത് അടിയന്തര പ്രാധാന്യമുള്ള ബില്ലുകൾ പാസാക്കിയാൽ മതിയെന്ന നിർദേശം ട്രഷറിക്കു ധനവകുപ്പ് കൈമാറിയിട്ടുണ്ട്. നാളെ രാത്രി 12 വരെ പാസാക്കാൻ കഴിയാത്ത ബില്ലുകൾ അടുത്ത വർഷം ചെലവിടുന്നതിനായി ക്യൂവിലേക്കു മാറ്റും.
English Summary: Kerala government project implimitation