ADVERTISEMENT

ആലുവ ∙ സഹപാഠികൾക്കൊപ്പം തുരുത്ത് ഗവ. സീഡ് ഫാം സന്ദർശിക്കാനെത്തുമ്പോൾ ആടിന്റെ പ്രസവമെടുക്കേണ്ടി വരുമെന്നോ ആട്ടിൻകുട്ടിക്ക് തന്റെ പേരിടുമെന്നോ റോഷൻ കരുതിയില്ല. പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ രണ്ടാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥിയായ റോഷൻ എൻഎസ്എസ് അംഗങ്ങൾക്കൊപ്പം ജൈവകൃഷി രീതികൾ പരിചയപ്പെടാനാണു ഫാമിലെത്തിയത്.

Read also: നാളെ ഏപ്രിൽ 01: ഇന്ധനം, മണ്ണ്, മദ്യം, വണ്ടി, മരുന്ന് – ചെലവേറും, ജീവിതം മാറും; മാറ്റങ്ങൾ ഇങ്ങനെ

റോഷനും കൂട്ടുകാരായ ഫർസാനയും ആമിനയും ഫാമിലെ ശ്രീമൂലം ബംഗ്ലാവിന്റെ അരികിലൂടെ നടക്കുമ്പോഴാണ് ആടിന്റെ കരച്ചിൽ കേട്ടത്. പ്രസവമടുത്ത ആടിന്റെ കരച്ചിൽ കുട്ടിക്കർഷകൻ കൂടിയായ റോഷൻ പെട്ടെന്നു തിരിച്ചറിഞ്ഞു. ജീവനക്കാരെ ആരെയും അടുത്തെങ്ങും കണ്ടില്ല. ഫാം അധികൃതരെ വിളിക്കാൻ കൂട്ടുകാരെ അയച്ചശേഷം റോഷൻ ആടിന്റെ അടുത്തെത്തി. അപ്പോഴേക്കും കുഞ്ഞാടിന്റെ കാലുകൾ പുറത്തുവന്നിരുന്നു. തല ഉള്ളിൽ കുടുങ്ങിയിരിക്കുകയാണെന്നു മനസ്സിലാക്കിയ റോഷൻ കുഞ്ഞിനെ പെട്ടെന്നു വലിച്ചു പുറത്തെടുത്തു.

Read also: ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ

ഫാം അസി. ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട് എത്തിയപ്പോൾ ആട്ടിൻകുട്ടിയുമായി നിൽക്കുന്ന റോഷനെയാണു കണ്ടത്. അഭിനന്ദനങ്ങൾക്കൊപ്പം, കുഞ്ഞാടിന് റോഷന്റെ പേരിൽ ചെറിയ ഭേദഗതി വരുത്തി റോഷ്നി എന്ന് പേരിട്ടു. പാൽതു ജാൻവർ സിനിമയുടെ പ്രമോഷനൽ വിഡിയോയിലൂടെ പ്രശസ്തയായ ‘സ്നേഹ’യാണു പ്രസവിച്ചത്. 

കോതമംഗലം ചാത്തമറ്റം ചിരപ്പുറത്ത് പോളിന്റെയും ജിഷയുടെയും മകനാണ് റോഷൻ പോൾ. പ്ലസ് ടു വിദ്യാർഥിയായിരിക്കെ, പൈങ്ങോട്ടൂർ പഞ്ചായത്തിന്റെ കുട്ടിക്കർഷകനുള്ള പുരസ്കാരം നേടിയിരുന്നു. 6–ാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ സാറാക്കുട്ടി വളർത്താൻ നൽകിയ ആട്ടിൻകുട്ടിയാണ് റോഷനിലെ കർഷകനെ വളർത്തിയത്. ഇപ്പോൾ പശു, ആട്, കോഴി, താറാവ് എന്നിവയുടെ ചെറിയ ഫാം സ്വന്തമായുണ്ട്. 

English Summary : Roshan take delivery of goat while visiting Government seed farm 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com