നാലര വർ‌ഷത്തിനു ശേഷം ആശയക്കുഴപ്പം; ഹർജി പരിധിയിലാണോ?

HIGHLIGHTS
  • വാദമെല്ലാം കഴിഞ്ഞശേഷം കേസിന്റെ നിലനിൽപിൽ വീണ്ടുവിചാരം അത്യപൂർവം
pinarayi-vijayan-3
പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപണവിധേയരായ കേസിൽ‌ പൊതുപ്രവർത്തകൻ സമർപ്പിച്ച പരാതി ലോകായുക്ത ഫയലിൽ സ്വീകരിക്കുന്നു. പരാതിയിൽ കഴമ്പുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും തീരുമാനിക്കുന്നു. 3 വർഷത്തിനു ശേഷം കേസിൽ വാദം. വാദത്തിനൊടുവിൽ വിധി പറയാൻ തീരുമാനിക്കുന്നു. എന്നാൽ, വിധി അനന്തമായി വൈകുന്നതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ കേസിൽ‌ തിടുക്കപ്പെട്ട് വിധി പറയാൻ നിശ്ചയിക്കുന്നു.

ഒടുവിൽ, നാലര വർഷത്തെ വ്യവഹാരത്തിനു ശേഷം വന്ന വിധിയിൽ ഹർജി ലോകായുക്തയുടെ പരിധിയിൽ വരുമോ എന്ന കാര്യത്തിൽ ലോകായുക്തയ്ക്ക് ആശയക്കുഴപ്പം. പരാതിയിൽ കാര്യമുണ്ടെന്നു നിശ്ചയിച്ച് ലോകായുക്ത തന്നെ വിചാരണയ്ക്കെടുത്ത കേസ് നാലര വർഷത്തിനു ശേഷം വിചാരണയ്ക്കെടുക്കാമോ എന്നു തീരുമാനിക്കാനായി ഫുൾ ബെഞ്ചിനു വിടുന്നത് അത്യപൂർവമായിരിക്കുമെന്നു നിയമവിദഗ്ധർ പറയുന്നു.

ലോകായുക്തയിൽനിന്ന് എതിരെ വിധി വന്നാൽ അതിനെ നേരിടാൻ ലോകായുക്ത നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നതുതന്നെ ഇൗ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉത്കണ്ഠയും അങ്കലാപ്പും തുറന്നു കാട്ടുന്നതാണ്. നിയമഭേദഗതിയിൽ‌ ഇപ്പോഴും ഗവർണർ തീരുമാനം എടുത്തിട്ടില്ലാത്തതിനാൽ ലോകായുക്തയുടെ തീർപ്പ് എതിരായാൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങൾ നീളുമായിരുന്നു. എന്നാൽ ലോകായുക്തയെ തന്നെ അപ്രസക്തമാക്കാൻ ഇറങ്ങിത്തിരിച്ച സർക്കാരിന് ലോകായുക്തയിൽ നിന്നുതന്നെ അനുകൂല തീരുമാനം വന്നത് അനുഗ്രഹമായി.

പരാതിക്കാരനായ ആർ.എസ്.ശശികുമാർ വിധിയെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾ:

1. കേസിന്റെ നിലനിൽപ് സംബന്ധിച്ച് ലോകായുക്തക്ക് സംശയമുണ്ടെങ്കിൽ പിന്നെയെന്തിനാണ് കേസിന്റെ മെറിറ്റിലേക്ക് കടന്ന് ഒന്നര മാസം നീണ്ട വാദപ്രതിവാദങ്ങൾ നടത്തിയത്? എങ്ങനെയാണ് കേസ് വിധി പറയാൻ മാറ്റിവച്ചത്?

2. കേസിന്റെ നിലനിൽപ് സംബന്ധിച്ച് ലോകായുക്തയുടെ ഫുൾബെഞ്ച്, വിശദമായ വാദം കേട്ടശേഷം 2019 ജനുവരി 14 ന് പുറപ്പെടുവിച്ച ഉത്തരവ് നിലവിലുള്ളപ്പോൾ എങ്ങനെയാണ് അതിനു വിരുദ്ധമായി ഇപ്പോൾ ഉത്തരവിടാനാകുക? മാത്രമല്ല ആദ്യ ഉത്തരവിനെ ഞാനോ എതിർകക്ഷികളോ അപ്പീൽ കോടതികളിൽ ചോദ്യം ചെയ്തിട്ടുമില്ല.

3. കേസിന്റെ നിൽനിൽപ് സംബന്ധിച്ചാണ് ലോകായുക്തയ്ക്ക് സംശയമെങ്കിൽ പിന്നെന്തിനാണ് ഈ വിധി പറയാൻ ഒരു വർഷത്തിലധികം എടുത്തത്? അതും ഞാൻ‌ ഹൈക്കോടതിയെ സമീപിച്ച ശേഷം.

4. ഭിന്നാഭിപ്രായ വിധിയാണെങ്കിൽ ലോകായുക്തയുടെയും ഉപലോകായുക്തയുടെയും നിലപാട് എന്തെന്ന് ആ വിധിയിൽ വ്യക്തമാക്കേണ്ടതല്ലേ ? എന്തുകൊണ്ടാണ് വിധിയിൽ ഇൗ വ്യക്തത വരുത്താത്തത്?

5. കേസിലെ മെറിറ്റ് സംബന്ധിച്ചും ലോകായുക്തമാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ട് എന്നാണ് വിധിയിൽ പറയുന്നത്. ദുരിതാശ്വാസ നിധിയുടെ വിതരണം സംബന്ധിച്ച് കൃത്യമായ, നിയതമായ വ്യവസ്ഥകൾ ഉണ്ടായിരിക്കെ, അതെല്ലാം അട്ടിമറിച്ച് മന്ത്രിസഭ തീരുമാനം എടുത്തതിനു കൃത്യമായ തെളിവുകളാണ് ലോകായുക്തയ്ക്കു മുന്നിലുള്ളത്.

6. ഇനി എന്നാണ് ഫുൾ ബെഞ്ച് ചേരുന്നത് എന്നു പോലും ഉത്തരവിൽ വ്യക്തമായി പറയാത്തതെന്താണ്? ഇത് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനു വേണ്ടിയല്ലേ?

English Summary: Confusion over lok ayukta verdict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS