ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.സിസ തോമസിന്റെ ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. തുടർ നടപടി സ്വീകരിക്കുമ്പോൾ ഡോ.സിസയുടെ ഭാഗം കൂടി കേൾക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചു.

ഈ സാഹചര്യത്തിൽ സ്വന്തം നിലപാട് വിശദീകരിക്കുന്നതിന് ഇന്നു 11.30ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറി വി.എസ്.അനിൽകുമാറിനു മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡോ.സിസയ്ക്കു സർക്കാർ നോട്ടിസ് നൽകി. ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ സ്ഥാനത്തിനു പുറമേയാണ് ഡോ.സിസ വിസിയുടെ ചുമതല കൂടി വഹിക്കുന്നത്. ഇന്നു സർവീസിൽ നിന്നു വിരമിക്കാനിരിക്കെ സിസയ്ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ നീക്കം. വിരമിച്ചു കഴിഞ്ഞാലും നടപടി എടുക്കാൻ സാധിക്കും.

വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ മറുപടി തയാറാക്കാൻ മതിയായ സമയം പോലും നൽകാതെ നോട്ടിസ് അയച്ച സാഹചര്യത്തിൽ അവർ ഇന്ന് അഡീഷനൽ സെക്രട്ടറി മുൻപാകെ ഹാജരാകുമോ എന്ന് ഉറപ്പില്ല. വിസിയുടെയും പ്രിൻസിപ്പലിന്റെയും ചുമതലകൾ കൈമാറി സർവീസിൽ നിന്നു യാത്ര പറയുന്നതിന്റെ തിരക്കുകളും ഇന്ന് ഉണ്ട്.

സർക്കാരിന്റെ അനുമതി വാങ്ങാതെ ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് ഡോ.സിസയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഗവർണറും സർക്കാരുമായുള്ള പോരിൽ ഡോ.സിസയെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയിൽ പറയുന്നു.

ഡോ.സജി ഗോപിനാഥിന് സാധ്യത

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലർ ഡോ.സിസ തോമസ് ഇന്നു വിരമിക്കുമ്പോൾ പകരം ഡിജിറ്റൽ സർവകലാശാലാ വിസി ഡോ.സജി ഗോപിനാഥിനു ചുമതല നൽകാൻ സാധ്യത. സജി ഗോപിനാഥ് ഉൾപ്പെടെ 3 പേരുടെ പാനൽ ഗവർണർക്കു സർക്കാർ സമർപ്പിച്ചെങ്കിലും അദ്ദേഹം തീരുമാനം എടുത്തിട്ടില്ല. സജിക്കു പുറമേ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.ബൈജു ഭായി, സീനിയർ പ്രഫസർ ഡോ.അബ്ദുൽ നാസർ എന്നിവരുടെ പേരുകളാണ് പാനലിൽ ഉള്ളത്.

English Summary: Dr.Ciza Thomas plea dismissed by tribunal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com