ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലർ ഡോ.സിസ തോമസിനു വിരമിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സർക്കാർ കുറ്റാരോപണ മെമ്മോ നൽകി. വിരമിച്ച സാഹചര്യത്തിൽ ‍അവരെ സസ്പെൻഡ് ചെയ്തില്ല. ഡോ.സിസയുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വയ്ക്കുകയും അവരെ ബുദ്ധിമുട്ടിക്കരുതെന്നു കേരള അ‍ഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനു നിർദേശം നൽകുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ നടപടികളിലേക്കു സർക്കാർ കടന്നാൽ കോടതി അലക്ഷ്യമായി മാറും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറി വി.എസ്.അനിൽകുമാറിനു മുന്നിൽ ഇന്നലെ രാവിലെ ഹാജരായി വിശദീകരണം നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡോ.സിസ എത്തിയില്ല. വിരമിക്കുന്ന ദിവസമായതിനാൽ തിരക്കുണ്ടെന്ന് അവർ അറിയിച്ചു. തുടർന്നാണ് കുറ്റാരോപണ മെമ്മോ അതിവേഗത്തിൽ നൽകിയത്. 15 ദിവസത്തിനകം മറുപടി നൽകണം. ഇതിനിടെ രേഖകൾ പരിശോധിക്കാനും നേരിട്ടു വിശദീകരണം നൽകാനും സിസയ്ക്ക് അവസരം നൽകും.

അച്ചടക്ക നടപടി പെൻഷനെ ബാധിക്കില്ല. എന്നാൽ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ നടപടി അവസാനിപ്പിക്കണം. അധിക പ്രതിഫലം വാങ്ങാതെയാണ് കെടിയു വിസിയുടെ ചുമതല കൂടി സിസ വഹിച്ചത്. ഇതിന്റെ പേരിൽ കൂടുതൽ ബുദ്ധിമുട്ടിച്ചാൽ കോടതിയെ സമീപിച്ചേക്കും. 

സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസി സ്ഥാനം ഏറ്റെടുത്തെന്നാണ് കുറ്റാരോപണ മെമ്മോയിലെ പ്രധാന ആരോപണം. ഇതിലൂടെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ എന്ന നിലയിൽ ചുമതല നിർവഹിച്ചില്ല, ഫയലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തു, വച്ചു താമസിപ്പിച്ചു എന്നിവയാണ് മറ്റ് ആരോപണങ്ങൾ.

ഗവർണറും സർക്കാരുമായുള്ള പോരിൽ ഡോ.സിസയെ ബലിയാടാക്കരുതെന്നും തുടർ നടപടി സ്വീകരിക്കുമ്പോൾ അവരുടെ ഭാഗം കേൾക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. സമാധാനപരമായി വിരമിക്കാൻ അനുവദിക്കണം, ഡോ.സിസയുടെ വിശദീകരണം തുറന്ന മനസ്സോടെ സ്വതന്ത്രമായി വിലയിരുത്തണം, 32 വർഷം മികച്ച സേവനം അനുഷ്ഠിച്ച ആളാണ് എന്നതും തീരുമാനം എടുക്കുമ്പോൾ പരിഗണിക്കണം തുടങ്ങിയ നിർദേശങ്ങളും വിധിയിൽ ഉണ്ട്. ഡോ.സിസ തോമസ് ഇന്നലെ കെടിയു വിസിയുടെയും ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജ് പ്രിൻസിപ്പലിന്റെയും ചുമതല ഒഴിഞ്ഞു.

English Summary: Govt. action against KTU VC Ciza Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com