പുതിയ അബ്കാരി നയം: വിദേശ മദ്യ സ്പിരിറ്റിന് കേരളത്തിൽ ‘ചിയേഴ്സ്’

HIGHLIGHTS
  • ഷാപ്പ് ദൂരപരിധി 100 മീറ്റർ വരെ കുറയും
  • ബാർ ലൈസൻസ് ഫീ 5 ലക്ഷം കൂട്ടും
liquor
SHARE

തിരുവനന്തപുരം ∙ ഇന്ത്യൻ നിർമിത വിദേശ മദ്യം നിർമിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ ഉൽപാദനം പ്രോത്സാഹിപ്പിക്കണമെന്നും അതിനുള്ള ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും സംസ്ഥാനത്ത് അനുമതി നൽകണമെന്നും പുതിയ അബ്കാരി നയത്തിൽ ശുപാർശ. നിലവിൽ സംസ്ഥാനത്തിനു പുറത്തു നിന്നാണ് വിദേശ മദ്യത്തിനുള്ള സ്പിരിറ്റ് കൊണ്ടുവരുന്നത്.

വിദ്യാഭ്യാസ, മത സ്ഥാപനങ്ങളിൽ നിന്നും ശ്മശാനങ്ങളിൽ നിന്നും കള്ളുഷാപ്പുകളിലേക്കുള്ള ദൂരപരിധി 100 മീറ്റർ വരെയായി കുറയ്ക്കാനും എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ തയാറാക്കി സർക്കാരിനു സമർപ്പിച്ച കരടു നയത്തിൽ പറയുന്നു. കള്ളു ഷാപ്പുകൾക്ക് സ്റ്റാർ ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തിയ ശേഷമാകും ദൂരപരിധി ഇളവു നൽകുക. നിലവിൽ 400 മീറ്ററാണ് ദൂരപരിധി.

ടൂറിസം വകുപ്പു വഴിയാകും സ്റ്റാർ ക്ലാസിഫിക്കേഷൻ. 5 സ്റ്റാർ ക്ലാസിഫിക്കേഷനുള്ള കെട്ടിടത്തിൽ ആരംഭിക്കുന്ന കള്ളുഷാപ്പുകളുടെ ദൂരപരിധി 100 മീറ്റർ, 4 സ്റ്റാർ 150 മീറ്റർ, 3 സ്റ്റാർ 200 മീറ്റർ, 2 സ്റ്റാർ 250 മീറ്റർ, 1 സ്റ്റാർ 300 മീറ്റർ എന്നിങ്ങനെ പുനർനിർണയിക്കും. ക്ലാസിഫിക്കേഷൻ ഇല്ലാത്തവയ്ക്കു നിലവിലെ ദൂരപരിധി തുടരും.

ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്നു 35 ലക്ഷമായി വർധിപ്പിക്കാനും ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക കാലയളവിൽ ‘സീസണൽ ബീയർ–വൈൻ’ ലൈസൻസ് നൽകാനും ശുപാർശയുണ്ട്. ധാന്യേതര കാർഷിക ഉൽപന്നങ്ങൾ ഉപയോഗിച്ചു നിശ്ചിത വീര്യത്തിൽ നിർമിക്കുന്ന വൈൻ ബവ്കോ വഴി വിൽക്കാനും നിർദേശമുണ്ട്. ഭരണമുന്നണിയി‍ൽ ചർച്ച ചെയ്ത ശേഷം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് അവതരിപ്പിക്കുമെന്നാണു സൂചന.

സംസ്ഥാനത്തു 740 ബാറുകളുണ്ട്. ബാർ ലൈസൻസ് ഫീസ് 3 വർഷമായി വർധിപ്പിച്ചിട്ടില്ല. 5170 കള്ളുഷാപ്പുകളും നിലവിലുണ്ട്. ഇവയുടെ ലൈസൻസ് 2 മാസത്തേക്കു സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. നയം പ്രാബല്യത്തിൽ വരുമ്പോൾ സർക്കാർ നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന സത്യവാങ്മൂലം ബാറുടമകളിൽ നിന്നു വാങ്ങി ഏപ്രിൽ 2 മുതൽ പ്രവർത്തിക്കാൻ അനുമതി നൽകും.

English Summary: New excise policy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS