തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായ പുലിമുട്ട് നിർമാണത്തിനു സംസ്ഥാന സർക്കാരിന്റെ വിഹിതമായി 100 കോടി രൂപ അദാനി ഗ്രൂപ്പിനു കൈമാറി. നിർമാണ ചെലവിന്റെ ആദ്യ ഗഡുവാണു നൽകിയത്. മാർച്ച് 31 നു മുൻപു പുലിമുട്ട് നിർമാണ ചെലവിന്റെ 25 ശതമാനമായ 347 കോടി രൂപ സംസ്ഥാനം നൽകണമെന്നായിരുന്നു വ്യവസ്ഥ. സാമ്പത്തിക പ്രതിസന്ധി കാരണം കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നു വായ്പയെടുത്താണു 100 കോടി രൂപ നൽകിയത്. ബാക്കി തുക ഈ മാസം നൽകാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) മാനേജിങ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള പറഞ്ഞു.
വിഹിതം നൽകാൻ ഹഡ്കോ വായ്പയ്ക്കു സംസ്ഥാനം ശ്രമിച്ചെങ്കിലും വായ്പ വൈകിയ സാഹചര്യത്തിലാണു കെഎഫ്സിയിൽ നിന്നെടുത്തത്. റെയിൽവേ പദ്ധതിക്കും സ്ഥലം ഏറ്റെടുക്കലിനും 100 കോടി രൂപ വീതം സംസ്ഥാനം നൽകാനുണ്ട്. ഇതുൾപ്പെടെ 550 കോടി രൂപ സഹകരണ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കാൻ സംസ്ഥാനം ശ്രമിച്ചിരുന്നു.
3400 കോടി രൂപയുടെ വായ്പയാണു ഹഡ്കോയിൽ നിന്നു സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിൽ 1170 കോടി രൂപ വിഴിഞ്ഞം– ബാലരാമപുരം റെയിൽവേ പദ്ധതിക്കു വേണ്ടിയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ കേന്ദ്രം 818 കോടിയും സംസ്ഥാനം 400 കോടിയുമാണ് അദാനി ഗ്രൂപ്പിനു നൽകേണ്ടത്.
English Summary: Vizhinjam port: Governmnet paid Rs 100 crore to Adani group