മുഖ്യമന്ത്രി മുതൽ ശൈലജ വരെ; ലോകായുക്തയിൽ പരാതികളേറെ

HIGHLIGHTS
  • ജലീലിന്റെ മന്ത്രിസ്ഥാനം തെറിച്ചത് ലോകായുക്ത ഉത്തരവിലൂടെ
pinarayi-vijayan-and-kk-shylaja
പിണറായി വിജയൻ, കെ.കെ. ശൈലജ
SHARE

തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു കെ.ടി.ജലീലിന്റെ മന്ത്രിസ്ഥാനം തെറിച്ചത് ലോകായുക്ത ഉത്തരവിലൂടെയായിരുന്നു. ദുരിതാശ്വാസനിധി വകമാറ്റിയതിനു പിണറായി വിജയൻ മുതൽ കോവിഡ് രോഗപ്രതിരോധ സാമഗ്രികളുടെ ഇടപാടിൽ കെ.കെ.ശൈലജ വരെയുള്ളവർക്കെതിരെ ലോകായുക്തയിൽ പരാതികളുണ്ട്. അതിനാലാണ്, 1999ൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമത്തിന്റെ പല്ലു പറിക്കാൻ സിപിഎം തുനിഞ്ഞിറങ്ങിയത്.

മുൻ മന്ത്രി കെ.ടി.ജലീൽ തന്റെ ഉറ്റ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചു. ഇതിനെതിരെ യൂത്ത് ലീഗ് ആരോപണവുമായി വന്നു. ലോകായുക്തയിൽ പരാതി എത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വാദം പൂർത്തിയായെങ്കിലും വോട്ടെടുപ്പിനും വോട്ടെണ്ണലിനും മധ്യേ ഏപ്രിൽ 9നു വിധി വന്നു: ക്രമക്കേട് നടന്നു; മന്ത്രി സ്ഥാനത്തു തുടരാൻ ജലീലിന് അർഹതയില്ല. ലോകായുക്തയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിപിഎം ജലീലിനോടു നിർദേശിച്ചു. പക്ഷേ ജലീലിനെതിരെയുള്ള വിധിയിൽ പ്രയോഗിച്ച വകുപ്പ് അനുസരിച്ച്, വിധി വന്നാൽ രാജിവയ്ക്കാതെ അപ്പീൽ പോലും സാധ്യമല്ല. ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്ത പരാതിയിലും ഇതേ 14ാം വകുപ്പ് അനുസരിച്ചാണ് കേസ്.

നിയമസഭ കൂടുമ്പോൾ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കാത്തിരിക്കാതെ യുഎസിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓൺലൈനിൽ പങ്കെടുത്ത മന്ത്രിസഭായോഗം ലോകായുക്ത ഭേദഗതി ഓർഡിനൻസ് അംഗീകരിച്ചു. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി വന്നാൽ അപ്പീൽ അധികാരിയായി ഗവർണറെ നിശ്ചയിച്ചുകൊണ്ടായിരുന്നു ഭേദഗതി. ലോകായുക്ത നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥ ഉണ്ടെന്ന ന്യായീകരണമാണു സർക്കാർ ഉയർത്തിയത്. ഇതുവരെ ഇല്ലാത്ത ഭരണഘടനാപ്രശ്നം ഇപ്പോൾ ഉയർന്നതെങ്ങനെയെന്നും തിടുക്കപ്പെട്ട് ഓർഡിനൻസ് എന്തിനാണെന്നും പ്രതിപക്ഷം ചോദ്യമുന്നയിച്ചു. ഓർഡിനൻസിൽ ഒപ്പുവയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടിച്ചു. യുഎസിൽ നിന്നെത്തിയ മുഖ്യമന്ത്രി രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടു. 2022 ഫെബ്രുവരി 6നു നടന്ന കൂടിക്കാഴ്ചക്കു ശേഷം ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചു.

സർവകലാശാലാ വിഷയങ്ങളിൽ ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു നിയമസഭ സമ്മേളനം. ഓർഡിനൻസ് ബില്ലാക്കാൻ നിർബന്ധിതരായ സർക്കാരിനു മുന്നിൽ ഗവർണർ അപ്പീൽ അധികാരിയായി വരുന്നതു വലിയ ചോദ്യമായി. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി വന്നാൽ അപ്പീൽ അധികാരം നിയമസഭയ്ക്കു നൽകുന്ന വ്യവസ്ഥ ചേർത്തു. മന്ത്രിമാർക്കെതിരെ വിധി ഉണ്ടായാൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരെ വിധി ഉണ്ടായാൽ സ്പീക്കറുമാണ് അപ്പീൽ അധികാരികൾ. കോടതിവിധിക്കു നിയമസഭയെ അപ്പീൽ ഏൽപിക്കുന്ന വിചിത്ര തീരുമാനത്തിനെതിരെ നിയമവിദഗ്ധർ ഉൾപ്പെടെ രംഗത്തുവന്നെങ്കിലും സർക്കാർ ചെവികൊടുത്തില്ല.

സർക്കാരുമായി പോരിലുള്ള ഗവർണറാകട്ടെ ബില്ലിൽ ഒപ്പിടാതെ മാറ്റിവച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ അനുവാദത്തോടെയാണു നായനാരുടെ കാലത്ത് ബിൽ അവതരിപ്പിച്ചതെന്നും ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി വേണമെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, ബിൽ രാഷ്ട്രപതിക്ക് ഇതുവരെ അയച്ചിട്ടില്ല.

English Summary: Complaints in Kerala Lok Ayukta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS