ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന പരാതിയിന്മേലുള്ള വിധി ഫുൾ ബെഞ്ചിനു വിട്ടു നീട്ടിയ ലോകായുക്ത തീരുമാനം രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നു കടുത്ത വിമർശനം നേരിടുന്നു. സിപിഎമ്മിനു പോലും വിധിയിൽ മതിപ്പു പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. താൽക്കാലികാശ്വാസം ലഭിച്ച മുഖ്യമന്ത്രിക്കും അതു പ്രകടിപ്പിക്കാനായില്ല. 

രാഷ്ട്രീയപ്രവർത്തകരുടെ അഴിമതിക്കെതിരെ ചൂരലെടുക്കാൻ അധികാരമുള്ള ഏജൻസിയായ ലോകായുക്ത തന്നെയാണ് ഇതുവഴി രാഷ്ട്രീയപ്രവർത്തകരുടെയും അവിശ്വാസം പിടിച്ചുപറ്റുന്നത്. ലോകായുക്തയുടെതന്നെ ഫുൾബെഞ്ചാണ് നേരത്തേ ഈ കേസ് പരിശോധിച്ച് ഫയലിൽ സ്വീകരിച്ചത്. അതേ കേസ് നിലനിൽക്കുമോ എന്നു പരിശോധിക്കാൻ പുതിയ ഫുൾ ബെഞ്ചിനെ ചുമതലപ്പെടുത്തിയ ഉത്തരവ് ഒരുപിടി ചോദ്യങ്ങളുയർത്തുന്നു. 

നേരത്തേ ബന്ധുനിയമനക്കേസിൽ കെ.ടി.ജലീലിനെ കുറ്റക്കാരനായി വിധിക്കാനുള്ള ആർജവം ലോകായുക്ത പ്രകടിപ്പിച്ചപ്പോഴും വിധിയുടെ ‘ടൈമിങ്’ വിമർശനങ്ങൾക്കു കാരണമായിരുന്നു. തെളിവെടുപ്പും വാദവും കഴിഞ്ഞ് വിധി തയാറായിട്ടും 2021 ലെ വോട്ടെടുപ്പിനു മുൻപ് അതു പ്രഖ്യാപിച്ചില്ല. വോട്ടെടുപ്പ് കഴിഞ്ഞയുടൻ വിധി വന്നു. ഭരണനേതൃത്വത്തിന് കഴിയുന്നതും അസൗകര്യമുണ്ടാക്കാത്ത സമീപനമാണോ ലോകായുക്ത സ്വീകരിക്കുന്നതെന്ന സന്ദേഹം ഈ വിധിയും ഉയർത്തും. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ക്രമക്കേടു സംബന്ധിച്ച ഈ പരാതി സർക്കാരിനെ ഭയപ്പെടുത്തിയെന്നത് ലോകായുക്തയുടെ ചിറകരിഞ്ഞ നിയമഭേദഗതി നീക്കത്തിൽനിന്നു വ്യക്തമായിരുന്നു. ആ ബില്ലിൽ ഗവർണർ ഒപ്പിട്ടിരുന്നെങ്കിൽ ഇപ്പോൾ പ്രതികൂല വിധി വന്നിരുന്നെങ്കിലും പിണറായി വിജയന് ആകുലപ്പെടേണ്ടി വരുമായിരുന്നില്ല. കാരണം, മുഖ്യമന്ത്രിക്കെതിരെ വിധി വന്നാൽ അതു നിയമസഭയുടെ തീർപ്പിനു വിടണമെന്നാണു ഭേദഗതിയിലുള്ളത്. ഫുൾ ബെഞ്ചിനു വിട്ടതോടെ ഉടൻ ഒരു ഭീഷണി സർക്കാരിനുമേലില്ല. ഇതിനിടയിൽ ഗവർണറെ സമ്മർദത്തിലാക്കി ഒപ്പിടീക്കാൻ കഴിഞ്ഞാൽ അവശേഷിക്കുന്ന ആശങ്കയും ഇല്ലാതാകും. 

വാദത്തിന്റെ ഘട്ടത്തിൽ ലോകായുക്ത ഉന്നയിച്ച ചോദ്യങ്ങൾ പലതും സർക്കാരിനെതിരായിരുന്നു. രാഷ്ട്രീയനേതാക്കളുടെയും അവരുടെ സഹായികളുടെയും ദുരിതം ഒപ്പാനുള്ളതല്ല ഏതൊരു സർക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നതുകൊണ്ടുതന്നെ അനുകൂല വിധി നീതിയുക്തമാകില്ലെന്ന പ്രതീതിയും ശക്തമായി. ഈ പ്രതിസന്ധി മറികടക്കാനാണോ വിധിതന്നെ ഒരു വർഷം നീട്ടിയതും ഇപ്പോൾ ഫുൾബെഞ്ച് എന്ന അനിശ്ചിതത്വത്തിനു വിട്ടതും എന്ന ചോദ്യമാണ് ഉയരുന്നത്. അഴിമതിക്കെതിരെ ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പ്രതീകമായി 1996 ലെ നായനാർ സർക്കാർ അവതരിപ്പിച്ച സ്ഥാപനം മറ്റൊരു ഇടതു സർക്കാരിന്റെ കാലത്ത് അധികാരത്തിലും വിശ്വാസ്യതയിലും വെള്ളം ചേർക്കപ്പെട്ടതിന്റെ ഗുരുതര പ്രതിസന്ധി നേരിടുന്നു. 

സുപ്രീം കോടതിയിൽ തീർപ്പാകാതെ നീളുന്ന ലാവ്‌ലിൻ കേസ് ആണ് പിണറായി വിജയനു മുന്നിലുള്ള മറ്റൊരു പ്രതിബന്ധം. പിണറായി ഉൾപ്പെടെയുള്ളവർക്ക് എതിരെയുള്ള കുറ്റപത്രം റദ്ദാക്കിയ തിരുവനന്തപുരം സിബിഐ കോടതിവിധിക്കെതിരെയുള്ള കേസ് 34 തവണയാണ് ലിസ്റ്റ് ചെയ്ത ശേഷം മാറ്റിവച്ചത്. ലോകായുക്ത കേസ് ഫയലിൽ സ്വീകരിച്ചിട്ട് 3 വർഷമായെങ്കിൽ സുപ്രീംകോടതിയിൽ ഇത് അഞ്ചാം വർഷമാണ്. 

English Summary: Lok Ayukta verdict raises questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com