ADVERTISEMENT

തിരുവനന്തപുരം/കോഴിക്കോട് ∙ ഇൻഷുറൻസ് കമ്പനിക്കു നൽകാൻ സർക്കാരിന്റെ പക്കൽ പണമില്ലാത്തതു കാരണം മെഡിസെപ്പിനു കീഴിൽ മുട്ടും ഇടുപ്പും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിൽ നടത്തുന്നതിനു ധനവകുപ്പു വിലക്ക് ഏർപ്പെടുത്തി. ഇനി മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുള്ള സർ‌ക്കാർ ആശുപത്രികളിൽ മാത്രമേ ഇൗ ശസ്ത്രക്രിയകൾ നടത്താനാകൂ. പദ്ധതിയിൽ ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി മാറ്റിവച്ചിരുന്ന 35 കോടി രൂപയുടെ കോർപസ് ഫണ്ട് കാലിയായതിനെ തുടർന്ന് അധിക പണം ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി സർക്കാരിനു കത്തയച്ചിരുന്നു. എന്നാൽ, പണമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ഒഴിവാക്കുകയാണു സർ‌ക്കാർ ചെയ്തത്. തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിലായി. 

ഇനി അവയവം മാറ്റിവയ്ക്കുന്നതിനുള്ള കോർപസ് ഫണ്ട് ഒരു മാസം 3 കോടി രൂപ മാത്രമേ അനുവദിക്കൂ. ശസ്ത്രക്രിയകൾക്കു സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന തുടരും. മുട്ട്, ഇടുപ്പ് എന്നിവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അനാവശ്യമായി നടത്തുന്നെന്ന പേരിലാണു സ്വകാര്യ ആശുപത്രികളിൽ സേവനം അവസാനിപ്പിക്കുന്നത്. ഓർത്തോ സർജൻ, അനസ്തെറ്റിസ്റ്റ്, മികച്ച ശസ്ത്രക്രിയ തിയറ്റർ, സൗകര്യങ്ങൾ അടക്കമുള്ള ആശുപത്രികളിലേ ഈ ശസ്ത്രക്രിയകൾ ചെയ്യാനാകൂ. സർക്കാരിനു കീഴിൽ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി തലങ്ങളിലാണ് ഈ ശസ്ത്രക്രിയ സൗകര്യമുള്ളത്. 

ഇവിടങ്ങളിലെ ഓർത്തോ വിഭാഗത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കേസുകളാണ് ഇപ്പോഴുള്ളത്. മെഡിസെപ് രോഗികൾ കൂടിയാകുമ്പോൾ ശസ്ത്രക്രിയകൾ ഏറെ വൈകും. കഴിഞ്ഞ 9 മാസത്തിനുള്ളിൽ 1575 മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. 30.22 കോടി രൂപ ക്ലെയിം അനുവദിച്ചു. 114 ഇടുപ്പു മാറ്റിവയ്ക്കലിനായി 2.02 കോടി രൂപയും അനുവദിച്ചിരുന്നു. എല്ലാത്തരം ശസ്ത്രക്രിയകൾക്കും ഇനി അനുമതി കിട്ടില്ല. മെഡിക്കൽ ബോർഡ് പരിശോധിച്ച് അടിയന്തരമെന്നു നിശ്ചയിക്കുന്നവയ്ക്കു മാത്രമേ അനുമതി ലഭിക്കൂ..

English Summary : Some surgeries under Medisep only in Government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com