ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ കേന്ദ്ര സർക്കാർ പകുതിയായി കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം പകുതിയോളം കുറച്ചതിനു പിന്നാലെയാണു തുടർച്ചയായി വീണ്ടും കേരളത്തിന് ഇരുട്ടടി. സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്കാകും ഇതിന്റെ ഏറ്റവും വലിയ തിരിച്ചടി.

പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) വഴി നൽകുന്ന മണ്ണെണ്ണയുടെ വിഹിതം 3888 കിലോ ലീറ്ററിൽ (38.88 ലക്ഷം ലീറ്റർ) നിന്ന് 1944 കിലോ ലീറ്ററായി (19.44 ലക്ഷം ലീറ്റർ) കുറച്ചപ്പോൾ മത്സ്യബന്ധന മേഖലയ്ക്കു വിതരണം ചെയ്യാൻ ലഭിച്ചിരുന്ന നോൺ പിഡിഎസ് വിഹിതം 2160 കിലോ ലീറ്ററിൽ (21.60 ലക്ഷം ലീറ്റർ) നിന്ന് 1296 കിലോ ലീറ്ററാക്കി (12.96 ലക്ഷം ലീറ്റർ). ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തേക്കുള്ള വിഹിതം അറിയിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021–22ൽ 6480 കിലോ ലീറ്ററായിരുന്ന കേരളത്തിന്റെ പിഡിഎസ് വിഹിതം 2022–23ൽ 3888 കിലോ ലീറ്ററായി കുറച്ചിരുന്നു.

മണ്ണെണ്ണ ഇന്ധനമാക്കിയുള്ള ഔട്ബോർഡ് എൻജിനുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യമേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ ലക്ഷക്കണക്കിനു പേർക്ക് ഇപ്പോഴത്തെ തീരുമാനം ഇരുട്ടടിയാണ്. പതിനാലായിരത്തിൽപരം ഔട്ബോർഡ് എൻജിനുകൾക്ക് പെർമിറ്റ് പ്രകാരം കഴിഞ്ഞ വർഷം മൂന്നു മാസത്തോളമാണു മണ്ണെണ്ണ വിതരണം ചെയ്യാനായത്. അതു തന്നെ മുഴുവൻ വിഹിതവും നൽകാനായിരുന്നില്ല. വിഹിതം വീണ്ടും കുറച്ചതോടെ ഉയർന്ന വിലയ്ക്കു മണ്ണെണ്ണ പുറംവിപണിയിൽനിന്നു കണ്ടെത്തുകയോ മത്സ്യബന്ധനം ഒഴിവാക്കുകയോ ചെയ്യേണ്ടി വരുന്നതോടെ മേഖല പ്രതിസന്ധിയിലാകും.

റേഷൻ കടകൾ വഴി കാർഡ് ഉടമകൾക്ക് മൂന്നു മാസത്തിലൊരിക്കൽ ലഭിക്കുന്ന അര ലീറ്റർ മണ്ണെണ്ണ അതേ അളവിലോ ഇടവേളയിലോ തുടർന്നു നൽകാനും സാധിക്കാതെ വന്നേക്കും. മണ്ണെണ്ണയുടെ ഉപയോഗം പടിപടിയായി കുറച്ചു കൊണ്ടുവരുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. എന്നാൽ, കേരളത്തിൽ പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ മറ്റ് ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള എൻജിൻ വള്ളങ്ങൾ നാമമാത്രമാണ്. പുതിയ സാങ്കേതിക സംവിധാനങ്ങൾക്കായുള്ള മുടക്കുമുതൽ ഭീമമായതിനാൽ പലരും ഇതിലേക്കു മാറിയിട്ടില്ല.

മത്സ്യ, കാർഷിക മേഖലകൾക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കി മണ്ണെണ്ണ ആവശ്യാനുസരണം അനുവദിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് 2012 മുതൽ നിലവിലുണ്ട്. ഇത്തരം ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരാണു കത്തു നൽകേണ്ടത്. എന്നാൽ, ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ച് കേന്ദ്രശ്രദ്ധ നേടുന്നതിൽ സംസ്ഥാനത്തെ ജനപ്രതിനിധികൾക്കു വീഴ്ച വന്നതായാണു വിലയിരുത്തൽ. അതിനാൽ ഇക്കാര്യം കേന്ദ്രവും ഗൗരവത്തിലെടുത്തില്ല.

English Summary: Kerala Kerosene quota has cut by Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com