ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുമ്പോഴും പരമ്പരാഗത മത്സ്യബന്ധനമേഖലയ്ക്കു ബദൽ സംവിധാനം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ ഇപ്പോഴും പരീക്ഷണഘട്ടത്തിൽ. എൽപിജി ഇന്ധനമാക്കി ആലപ്പുഴയിൽ 10 മത്സ്യബന്ധന വള്ളങ്ങൾ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു വിജയിച്ചതാണ് ആകെ നേട്ടം.

14 വർഷം മുൻപ് എൽപിജി ഇന്ധനമാക്കിയ സംരംഭം പരാജയപ്പെട്ടിരുന്നു. എൽപിജി ആയാൽ ഇന്ധനച്ചെലവു പകുതിയോളം കുറയ്ക്കാം. എന്നാൽ, ഇന്ധനം സൂക്ഷിക്കാൻ ഭാരം കൂടിയ സിലിണ്ടറുകൾ ഒരു തടസ്സമാണ്. മറ്റു സംസ്ഥാനങ്ങൾ ഇത്തരം പരീക്ഷണങ്ങളിൽ ഏറെ മുന്നിൽ പോയി. മത്സ്യത്തൊഴിലാളികൾക്കു ലീറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകും എന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ പിന്നീടു മന്ത്രിമാർ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞു. മണ്ണെണ്ണ വില കൂടുതലായിരിക്കുമ്പോഴും ആവശ്യത്തിനു നൽകാതിരിക്കുക, വില കുറയ്ക്കാൻ സർക്കാർ ശ്രമം നടത്താതിരിക്കുക, ബദൽ മാർഗങ്ങൾ വികസിപ്പിക്കുന്നതിൽ പിന്തുണയും പ്രോത്സാഹനവും പേരിനു മാത്രമാകുക എന്ന തരത്തിലാണു ഫിഷറീസ്, ഭക്ഷ്യപൊതുവിതരണ വകുപ്പുകളുടെ നിലപാട്. 

സംസ്ഥാനത്തു പെർമിറ്റ് ലഭിച്ച 14,481 ഔട്ബോഡ് എൻജിൻ വള്ളങ്ങളിൽ ഏറെയും 9 കുതിര ശക്തിയുള്ളവയാണ്. ഇവ ഒരു മണിക്കൂർ പ്രവർത്തിപ്പിച്ചു മത്സ്യബന്ധനം നടത്താൻ 8 ലീറ്റർ മണ്ണെണ്ണ വേണം. ഒരു ദിവസം 7 മണിക്കൂർ എന്ന തോതിൽ ഒരു മാസം 25 ദിവസം പ്രവർത്തിപ്പിച്ചാൽ 1400 ലീറ്റർ വേണം. സർക്കാരിൽ നിന്നും മത്സ്യഫെഡിൽ നിന്നും ലഭിക്കുന്ന മണ്ണെണ്ണ 3 ദിവസത്തിനു പോലും തികയില്ല. 

അര ലീറ്റർ മണ്ണെണ്ണ മഞ്ഞ, പിങ്ക് കാർഡിനു മാത്രമാകും

കേന്ദ്ര സർക്കാർ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം പകുതിയായി വെട്ടിക്കുറച്ച സാഹചര്യത്തിൽ മൂന്നു മാസത്തിൽ ഒരിക്കലുള്ള അര ലീറ്റർ മണ്ണെണ്ണ വിഹിതം ഇനി മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാർഡ് ഉടമകൾക്കു മാത്രമായി പരിമിതപ്പെടുത്തേണ്ട അവസ്ഥ ഉണ്ടാകുമെന്നു ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ ഓഫിസ് അറിയിച്ചു. നിലവിൽ വൈദ്യുതി കണക്‌ഷൻ ലഭ്യമായിട്ടുള്ള എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും അര ലീറ്റർ വീതവും വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത കാർഡുടമകൾക്ക് 6 ലീറ്ററും മണ്ണെണ്ണ മൂന്നു മാസത്തിലൊരിക്കലാണു നൽകി വരുന്നത്.

14,332 മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്കു നൽകാൻ മാസം 2300 കിലോ ലീറ്റർ ആവശ്യമാണെങ്കിലും നൽകാനാവാത്ത സാഹചര്യമാണ്. മത്സ്യബന്ധന മേഖലയ്ക്കു നൽകാൻ ഉദ്ദേശിച്ച്, ഈ സാമ്പത്തിക വർഷം 25,000 കിലോ ലീറ്റർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനു കത്തു നൽകിയതായും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

English Summary: Kerosene crisis in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com