ADVERTISEMENT

തിരുവനന്തപുരം∙ വാട്ടർ ചാർജ് അടിസ്ഥാന താരി‍ഫിൽ കേന്ദ്രനിർദേശപ്രകാരമുള്ള 5% വർധന ഈ സാമ്പത്തിക വർഷം വേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനം. ഈ സാമ്പത്തിക വർഷം മാത്രമാണ് വർധന ഒഴിവാക്കുന്നതെന്ന് ജലവിഭവ സെക്രട്ടറി അശോക് സിങ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, അടുത്ത ഏപ്രിൽ ഒന്നിന് വാട്ടർ ചാർജ് 5% കൂട്ടുമെന്നും ഉറപ്പായി.  

അധിക വായ്പ അനുവദിക്കുന്നതിനുള്ള വ്യവസ്ഥ‍പ്രകാരം 2021 മുതൽ 5% വർധന വരുത്തണ‍മെന്നായിരുന്നു കേന്ദ്ര നിർദേശം. ഇതു പ്രകാരം 2021 മുതൽ തുടർന്നുള്ള എല്ലാ വർഷവും ഏപ്രിലിൽ വർധന വരുത്തിയിരുന്നു. എന്നാൽ, സംസ്ഥാനത്ത് ലീറ്ററിന് 1 പൈസ വർധിപ്പിക്കാൻ കേരള സർക്കാർ തീരുമാനമെടുക്കുകയും, ഫെബ്രുവരി 3 മുതൽ ഇതു പ്രാബല്യത്തിലാക്കുകയും ചെയ്തു. ഇതിനിടെ, കേന്ദ്ര നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ മാസം ഒന്നു മുതൽ അടിസ്ഥാന താരി‍ഫിൽ 5 % വർധന വരുത്താനുള്ള നീക്കവും ഉണ്ടായി. 

ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് 5%  വർധന ഈ  വർഷം നടപ്പാക്കേണ്ടെന്നു തീരുമാനിച്ചത്.  ലീറ്ററിന് ഒരു പൈസ വർധിപ്പിച്ചതി‍ലൂടെ ജലഅതോറിറ്റിക്ക് വർഷം 400 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നു ചൂണ്ടിക്കാട്ടി ജലഅതോറിറ്റി എംഡി ഫെബ്രുവരി 21 ന് സർക്കാരിനു കത്തു നൽകിയിരുന്നു. ഇതു കൂടി പരിഗണിച്ച ശേഷമാണ് തീരുമാനം. 

5% വർധന നടപ്പാക്കാൻ കഴിയില്ലെന്നു സംസ്ഥാന ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി വി.വേണു കേന്ദ്ര ജലവിഭവ വകുപ്പിന് കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

English Summary : Water charge five percentage hike not to be implemented in this financial year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com