‘അരിക്കൊമ്പന്മാരാണ് പ്രശ്നക്കാർ’: നിലയ്ക്കുനിർത്താൻ കുങ്കിയാനകളെ പ്രയോജനപ്പെടുത്തണമെന്ന് കുന്നപ്പിള്ളി

HIGHLIGHTS
  • ‘അരിക്കൊമ്പന്മാരെ നിലയ്ക്കു നിർത്തണം’
k-muraleedharan-sashi
കെ.മുരളീധരൻ, ശശി തരൂർ (Screengrab: Manorama News)
SHARE

തിരുവനന്തപുരം ∙ കെപിസിസി നേതൃയോഗത്തിൽ കെ.മുരളീധരനും ശശി തരൂരിനും കടുത്ത വിമർശനം. പാർട്ടിയിലെ അരിക്കൊമ്പന്മാരെ നിലയ്ക്കു നിർത്തണമെന്നു മുരളിയെ ലക്ഷ്യമിട്ട് അൻവർ സാദത്ത് ആഞ്ഞടിച്ചു. പ്രാദേശിക കക്ഷി നേതാക്കൾക്കു യുപിഎയുടെ നേതൃപദവി നൽകണമെന്ന തരൂരിന്റെ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി വേണമെന്നു പി.ജെ.കുര്യൻ ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമാപനച്ചടങ്ങിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചില്ലെന്ന മുരളീധരന്റെ ആക്ഷേപത്തിനെതിരെ സംഘാടക സമിതിക്കു നേതൃത്വം നൽകിയ വി.പി.സജീന്ദ്രനും എം.ലിജുവും തിരിഞ്ഞതോടെയാണു മറ്റുള്ളവരും ഏറ്റുപിടിച്ചത്.

സിനിമയിലെ നെടുമുടി വേണുവിന്റെ കഥാപാത്രത്തെപ്പോലെ വയറുനിറച്ച് ആഹാരം കഴിച്ച ശേഷം ‘ഇവിടെയൊന്നും കിട്ടിയില്ലേ’ എന്നു പറയുന്നവരായി ചില നേതാക്കൾ മാറിയെന്നു സജീന്ദ്രൻ പറഞ്ഞു. ഒന്നും കിട്ടാത്ത ഒരുപാടു പേർ പുറത്തുണ്ട്. സത്യഗ്രഹവുമായി ബന്ധപ്പെട്ട ജാഥകളിൽ പങ്കെടുക്കാൻ മുരളിയെ പലതവണ വിളിച്ചതു സജീന്ദ്രനും ലിജുവും വിവരിച്ചു. അപ്പോഴെല്ലാം തിരക്കു ചൂണ്ടിക്കാട്ടി മാറിനിന്ന ശേഷമാണ് ഒടുവി‍ൽ സമാപനച്ചടങ്ങിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചതു മൂലമാണു മുരളി ഉൾപ്പെടെ ചിലർക്ക് അവിടെ പ്രസംഗിക്കാൻ കഴിയാതെ പോയത്. ഗംഭീരമായ പരിപാടിയിൽ പങ്കെടുത്തിട്ടു തിരിച്ചു വീട്ടിലെത്തുമ്പോൾ ടെലിവിഷനിൽ നാണംകെട്ട ആരോപണങ്ങൾ കാണുന്നതു നിർഭാഗ്യകരമാണെന്നു ചൂണ്ടിക്കാട്ടി മറ്റു നേതാക്കളും ഇരുവരെയും പിന്തുണച്ചു.

അരിക്കൊമ്പന്മാരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് അൻവർ സാദത്ത് പറഞ്ഞപ്പോൾ അവരെ നിലയ്ക്കുനിർത്താൻ കുങ്കിയാനകളെ പ്രയോജനപ്പെടുത്തണമെന്ന് എൽദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു. പാർട്ടിക്കെതിരെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ചിലർക്ക് ഉറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് എം.എം.നസീർ പരിഹസിച്ചു. ഈ നേതാക്കൾ തന്നെയാണു വീണ്ടും തിരഞ്ഞെടുപ്പിനു നിൽക്കാൻ തയാറെടുക്കുന്നത്. എന്നിട്ടു പ്രശ്നം ഉണ്ടാക്കുന്നതും അവർ തന്നെ. തരൂർ പലപ്പോഴും ലക്ഷ്മണ രേഖ ലംഘിക്കുന്നതായി പി.ജെ.കുര്യൻ ആരോപിച്ചു. തരൂരിനെതിരെ നടപടി വേണമെന്നു ജോൺസൺ ഏബ്രഹാമും കെ.പി.ശ്രീകുമാറും ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്കു വേണ്ടി മൂവർണക്കൊടിയുമായി ഒറ്റക്കെട്ടായി നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണു സാധിക്കുകയെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. അച്ചടക്കമേ വേണ്ടെന്ന സ്ഥിതി ആപത്താണെന്ന് അച്ചടക്കസമിതി ചെയർമാൻ കൂടിയായ തിരുവഞ്ചൂ‍ർ ചൂണ്ടിക്കാട്ടി. വൈക്കം ജാഥയ്ക്കായി ഉപയോഗിച്ച മന്നത്തിന്റെ ചിത്രത്തെക്കുറിച്ചു വിമർശനം വന്നതായി തിരുവഞ്ചൂർ ചൂണ്ടിക്കാട്ടിയപ്പോൾ എം.ലിജു ശക്തമായി ഖണ്ഡിച്ചു.

നേതാക്കളുടെ തമ്മിലടി കാരണം കോൺഗ്രസുകാർക്കു വീടുകളിൽ പോകാൻ കഴിയാത്ത സ്ഥിതിയാണെന്നു ജ്യോതികുമാർ ചാമക്കാല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പിന്നിൽ ഐക്യത്തോടെ അണിനിരക്കാനെങ്കിലും കേരളത്തിലെ നേതാക്കൾ തയാറാകണമെന്നു പഴകുളം മധു ആവശ്യപ്പെട്ടു. എംപിമാർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു കെ.സുധാകരൻ മറുപടി നൽകിയില്ല. ചിലർ കുറ്റം കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. നമ്മുടെ മുന്നിൽ ഇരിക്കുന്ന ഉഴുന്നുവടയ്ക്ക് എണ്ണ കൂടിയതിനും കെപിസിസി പ്രസിഡന്റിനെ ഇക്കൂട്ടർ കുറ്റം പറയും–സതീശൻ പരിഹസിച്ചു.

പുനഃസംഘടനയ്ക്കായി തൊഴുതപേക്ഷിച്ച് സുധാകരൻ

തിരുവനന്തപുരം ∙ കോൺഗ്രസ് പുനഃസംഘടന നടത്തിത്തരണമെന്ന് ഇരുകൈകളും കൂപ്പി അഭ്യർഥിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പുനഃസംഘടന വേണോ, വേണ്ടേ? നിങ്ങൾ പറയൂ. തിരഞ്ഞെടുപ്പിനു മുൻപ് അതു ചെയ്യണം. അതിനായി എല്ലാവരും സഹകരിക്കണം. ഞാൻ അപേക്ഷിക്കുകയാണ്– സുധാകരൻ പറഞ്ഞു.

പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ എംപിമാർ ആരും യോഗത്തിൽ ഉണ്ടായില്ല. യോഗം മാറ്റിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്വീകരണ ദിനമായ 11നു മുൻപു മറ്റൊരു ദിവസം പ്രായോഗികമായിരുന്നില്ലെന്നു സുധാകരൻ നേതാക്കളെ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ അനുവാദത്തോടെയാണു യോഗം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

രമേശ് ചെന്നിത്തല, എം. എം.ഹസൻ എന്നിവരും രാഷ്ട്രീയകാര്യസമിതിയിലെ പല അംഗങ്ങളും എത്തിച്ചേർന്നില്ല. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉച്ചയ്ക്കു ശേഷമാണു പങ്കെടുത്തത്. ഡിസിസി പ്രസിഡന്റുമാരിൽ ചിലരും എത്തിയില്ല.

English Summary: Collective criticism against K Muraleedharan and Shashi Tharoor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA