ADVERTISEMENT

കോഴിക്കോട് ∙ മലബാറിന്റെ അഭിമാന പദ്ധതിയായ കോഴിക്കോട് – വയനാട് തുരങ്കപാത നിർമാണത്തിനായി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നൽകി. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം. 5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണം.

മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. വയനാട് ജില്ലയിലെ നാലു വില്ലേജുകളിലായി 7.40 ഹെക്ടർ സ്ഥലമാണ് ആദ്യം ലഭിച്ചത്. സൗത്ത് വയനാട് ഡിവിഷനിൽ പെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മണൽവയൽ, മടപ്പറമ്പ് ഭാഗങ്ങളിലായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയാണിത്.

നാലു വില്ലേജുകളിലെ ഭൂമിക്കു പുറമേ, കുറിച്ചിപട്ട തേക്ക് തോട്ടത്തിലെ നശിച്ചുപോയ മരങ്ങൾ വെട്ടിമാറ്റിയാൽ 10.6 ഹെക്ടർ ഭൂമിയിൽ കൂടി മരം വച്ചുപിടിപ്പിക്കാമെന്ന് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി. സംസ്ഥാന – ദേശീയ പാതകളുമായി ബന്ധമില്ലാത്തതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പദ്ധതിക്കു തേടേണ്ടതില്ല. സംസ്ഥാനം സ്വന്തം നിലയിൽ പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചിട്ടുണ്ട്. കിറ്റ്കോ നടത്തുന്ന പഠനം അടുത്ത ജൂലൈയിൽ പൂർത്തിയാവും.

തുരങ്കപാത പദ്ധതി

∙ ആകെ ദൂരം: 8.735 കി.മീ. ∙ കണക്കാക്കുന്ന ചെലവ്: 2134 കോടി ∙ ആകെ ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി: 14.995 ഹെക്ടർ
∙ ഖനനമാലിന്യ നിർമാർജനത്തിന് വേണ്ടി: 10 ഹെക്ടർ
∙ ഉപയോഗിക്കേണ്ട വനഭൂമി: 34.30 ഹെക്ടർ (ഇതിൽ 34.10 ഹെക്ടർ ഭൂഗർഭപാത) ∙ അനുബന്ധ റോഡുകൾക്കായി
വേണ്ട വനഭൂമി: 0.21 ഹെക്ടർ.

English Summary: Kozhikode – Wayanad Tunnel Road: Approval By Ministry of Environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com