ADVERTISEMENT

താമരശ്ശേരി(കോഴിക്കോട്)∙ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെ(38) രാത്രി വീട്ടിൽ നിന്ന് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി 2 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാതെ അന്വേഷണ സംഘം. സംശയമുള്ള കേന്ദ്രങ്ങളിൽ അരിച്ചു പെറുക്കിയിട്ടും കാര്യമായ സൂചനകളൊന്നും ഇന്നലെ രാത്രി വരെ ലഭിച്ചിട്ടില്ല.

കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും അന്വേഷണ സംഘത്തിൽപെടവരുടെയും യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. കോഴിക്കോട് റൂറൽ എസ്പി ആർ.കറപ്പ സ്വാമി, വയനാട് എസ്പി ആർ.ആനന്ദ്, താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫ് തെങ്ങലക്കണ്ടി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാന പ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 5 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനും സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.

സ്വർണം, ഹവാല ഇടപാടുമായി ബന്ധപ്പെട്ട് നേരത്തേയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഏതു സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന കാര്യത്തിൽ പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതേ തുടർന്ന് ഇത്തരം ഇടപാടുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നേരത്തേ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിലെ 2 പേർ പൊലീസ് കസ്റ്റഡിയിലാണ്.

ഗൾഫിലെ പണം ഇടപാടുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപ് കൊടുവള്ളി സ്വദേശിയുടെ നേതൃത്വത്തിൽ മുഹമ്മദ് ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഘത്തെയാണ് വീട്ടുകാരും പൊലീസും പ്രധാനമായും സംശയിക്കുന്നത്. ഇവർക്കെതിരെ അന്ന് മുഹമ്മദ് ഷാഫി താമരശ്ശേരി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തിയ കൊടുവള്ളി സ്വദേശിയുമായി ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാട് ഉണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന. എന്നാൽ 3 വർഷം മുൻപ് സൗദിയിൽ 300 കിലോ സ്വർണം തട്ടിയെടുത്ത് മറിച്ചുവിറ്റ സംഭവത്തിൽ മുഹമ്മദ് ഷാഫി വാക്കു പാലിക്കാതെ വൻ തുക കൈക്കലാക്കിയതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയതെന്നും സംശയിക്കുന്നതിനാൽ ‍പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിൽ കുന്നമംഗലം, പരപ്പൻപൊയിൽ, പോർങ്ങോട്ടൂർ സ്വദേശികളായ 3 പേർ സൗദി പൊലീസിന്റെ പിടിയിലായിരുന്നു. ഈ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് കണ്ണൂരിൽ നിന്നുള്ള ഗുണ്ടാ സംഘം ഷാഫിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും പൊലീസിൽ പരാതി നൽകിയിട്ടില്ല. ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ചിലരുടെ സംസാരം കണ്ണൂർ ശൈലിയിലായിരുന്നുവെന്ന വെളിപ്പെടുത്തലും പൊലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്. ഇതിനു ശേഷമാണ് ദുബായിൽ കൊടുവള്ളി സ്വദേശിയുമായി സാമ്പത്തിക ഇടപാടിൽ പങ്കാളിയായത്. നേരത്തേ ഷാഫിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയ കൊടുവള്ളി സംഘത്തിലെ പ്രധാനികളും ഒളിവിലാണ്.

English Summary : NRI kidnap case follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com