ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർവകലാശാലകളിലെയും സർക്കാർ, എയ്ഡഡ് കോളജുകളിലെയും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി ഉയർത്തി. നിലവിൽ 40 വയസ്സാണ്. സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, ട്രെയ്നിങ് കോളജുകൾ, ലോ കോളജുകൾ, സംസ്കൃത കോളജുകൾ, അറബിക് കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് 50 വയസ്സാക്കിയത്. ഇതനുസരിച്ചു കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷൽ റൂൾസിലും സർവകലാശാലാ ചട്ടങ്ങളിലും ഭേദഗതി വരുത്തും.

സർവകലാശാലാ അധ്യാപകരുടെ പെൻഷൻ പ്രായം 60 ആണ്. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ ശേഷം കോളജുകളിലും പെൻഷൻ പ്രായം 60 ആയി. ഈ സാഹചര്യത്തിൽ 50 വയസ്സിൽ നിയമനം ലഭിക്കുന്നവർക്ക് 10 വർഷം തുടരാം. അധ്യാപക നിയമനത്തിനുള്ള യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി പറയുന്നില്ല. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള സർവകലാശാലകളിലെ അധ്യാപകർക്കും ഗവേഷകർക്കും ഇവിടേക്ക് വരുന്നതിന് പ്രായപരിധി തടസ്സമാണ്. മികച്ച അധ്യാപകരെ കൂടുതലായി ആകർഷിക്കാൻ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന് അധികൃതർ പറയുന്നു.

പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ഉള്ളവരെയാണ് സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനു പ്രധാനമായും പരിഗണിക്കുന്നത്. ഇവ നേടാൻ കൂടുതൽ സമയം വേണ്ടതിനാൽ നിലവിലുള്ള പ്രായപരിധി തടസ്സം സൃഷ്ടിക്കുന്നു.

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിനു നിയോഗിച്ച ശ്യാം ബി.മേനോൻ കമ്മിഷൻ ഇക്കാര്യം ശുപാർശ ചെയ്തിരുന്നതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഇതു സംബന്ധിച്ചു കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം. അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിക്കുന്നയാളിന് അസോഷ്യേറ്റ് പ്രഫസർ ആകാൻ 12 വർഷം എങ്കിലും വേണം. ഈ സാഹചര്യത്തിൽ 10 വർഷം മാത്രം സർവീസ് ഉള്ളവർക്കു ജോലിയിൽ പ്രവേശിച്ച തസ്തികയിൽ തന്നെ വിരമിക്കേണ്ടി വരും.

പ്രഫസർ, അസോഷ്യേറ്റ്: നേരിട്ടുള്ള നിയമനത്തിന് ഉയർന്ന പ്രായപരിധി ഇല്ല

സർവകലാശാലകളിലെ നേരിട്ടുള്ള അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി പൂർണമായി ഒഴിവാക്കും. ഇതിനായി യുജിസി ചട്ടങ്ങൾക്കനുസരിച്ചു സർവകലാശാലാ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

English Summary: Assistant professor appointment age limit in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com