ADVERTISEMENT

കടുത്തുരുത്തി ∙ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ട കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവർത്തകർക്കുനേരെ പൊലീസ് കയ്യേറ്റം ഉണ്ടാവുകയും ചെയ്തതറിഞ്ഞ് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്കു സ്റ്റേഷനിലേക്ക് ആദ്യം പ്രവേശനം നിഷേധിച്ച് പൊലീസ്. സ്റ്റേഷനു മുന്നിലെത്തിയ തിരുവഞ്ചൂരിനു ഗേറ്റ് പൂട്ടിയിരുന്നതിനാൽ അകത്തേക്കു കയറാനായില്ല.

സ്റ്റേഷനിൽ ഉണ്ടായിരുന്ന എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖുമായി സംസാരിക്കണമെന്നു തിരുവഞ്ചൂർ ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ സമയം കാത്തുനിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കുമായി ഫോണിൽ സംസാരിച്ചു. സ്റ്റേഷനു മുൻപിൽ കുത്തിയിരുന്നു സമരം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചതോടെ എംഎൽഎയെ മാത്രം സ്റ്റേഷനകത്തേക്കു പ്രവേശിപ്പിച്ചു.

∙ 10 പേർക്കെതിരെ കേസ്

സംഭവത്തിൽ 3 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചും പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രതിക്കു ചോർത്തി നൽകിയെന്നാരോപിച്ചും യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റാഷ്മോൻ ഒറ്റാട്ടിൽ എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 10 പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പിന്നീടു കേസെടുത്തു.

ഇന്നലെ രാവിലെ പത്തോടെ സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസുമായി സംസാരിക്കുകയും മറുപടി തൃപ്തികരമാകാത്തതിനെത്തുടർന്നു കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതോടെ പൊലീസും സമരക്കാരുമായി ഉന്തുംതള്ളുമായി.

കൂടുതൽ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തിയതോടെ വൈക്കം എഎസ്പി നഖുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി ബലമായി സമരക്കാരെ പുറത്താക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥലത്തെത്തി എഎസ്പിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന്, അറസ്റ്റിലായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു.

English Summary: Thiruvanchoor Radhakrishnan not allowed to enter police station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com