ADVERTISEMENT

തിരുവനന്തപുരം ∙ റോഡിലെ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ടു കെൽട്രോണിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ക്യാമറ പദ്ധതിയിലെ കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ സംബന്ധിച്ച മുഴുവൻ രേഖകളും ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ നിർദേശം നൽകി.

ഇന്നലെ രാവിലെ പത്തേകാലോടെയാണ് ആദായ നികുതി വകുപ്പിന്റെ 10 പേരടങ്ങുന്ന സംഘം കെൽട്രോണിൽ പരിശോധനയ്ക്കെത്തിയത്. കരാറും ഉപകരാറും സംബന്ധിച്ച മുഴുവൻ രേഖകളും ആവശ്യപ്പെട്ടെങ്കിലും കെൽട്രോൺ അധികൃതർ രണ്ടാഴ്ച സാവകാശം ചോദിച്ചു. മറ്റ് ഓഫിസുകളിൽ നിന്നു കൂടി രേഖകൾ ശേഖരിക്കണമെന്ന കാര്യം പറഞ്ഞാണു സമയം തേടിയത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ രേഖകളും ഹാജരാക്കണമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. 

റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപകരാറിലെ ക്രമക്കേടുകളും അഴിമതി ആരോപണവും ഉയർന്ന പശ്ചാത്തലത്തിൽ അക്കൗണ്ടന്റ് ജനറൽ (എജി) ഓഡിറ്റ് വിഭാഗവും കെൽട്രോണിൽ പരിശോധന തുടരുകയാണ്. മൂന്ന് ഉദ്യോഗസ്ഥരെയാണു കെൽട്രോണിൽ ഇതിനായി എജീസ് ഓഫിസിൽ നിന്നു നിയോഗിച്ചിട്ടുള്ളത്. സംസ്ഥാന വിജിലൻസിന്റെയും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും അന്വേഷണങ്ങളും നടക്കുന്നുണ്ട്.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് നാളെ അന്വേഷണ റിപ്പോർട്ട് വ്യവസായ മന്ത്രിക്കു കൈമാറും. ഹനീഷിന് ആരോഗ്യവകുപ്പിലേക്കു മാറ്റമായതിനാലാണു റിപ്പോർട്ട് പരമാവധി വേഗത്തിൽ നൽകുന്നത്. ഇതിനു ശേഷമേ പുതിയ ചുമതല ഏറ്റെടുക്കുകയുള്ളൂ. 

English Summary: Income tax raid at Keltron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com