ADVERTISEMENT

തിരുവനന്തപുരം ∙ എക്സൈസ് പിടികൂടുന്ന ലഹരിവസ്തു ഇനി പൊലീസിന്റെ ക്യാംപുകളിൽ സൂക്ഷിക്കില്ല. ഓരോ ഏജൻസിയും പിടിക്കുന്ന ലഹരിവസ്തു സ്വന്തം ഗോഡൗണിൽ സൂക്ഷിക്കണമെന്നു നിർദേശിച്ചു കേന്ദ്ര ധനകാര്യ മന്ത്രാലയം ലഹരിമരുന്നു സംബന്ധിച്ചുള്ള എൻഡിപിഎസ് ചട്ടം പുതുക്കി.  ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംസ്ഥാനത്ത് 10 ലഹരി ഗോഡൗണുകൾ തുറക്കും. 

നെടുമങ്ങാട്, കൊല്ലം, അടൂ‍ർ, ചേർത്തല, പൊൻകുന്നം, വടക്കാഞ്ചേരി, കൂത്തുപറമ്പ്, ഹോസ്ദുർഗ് സർക്കിൾ ഓഫിസുകളിലും, പൈനാവ്, എറണാകുളം സ്ക്വാഡ് ഓഫിസുകളിലുമാകും ഇവ. പാലക്കാട്, മലപ്പുറം ജില്ലകളുടേതു വടക്കാഞ്ചേരിയിലും കോഴിക്കോട്, വയനാട് ജില്ലകളുടേതു കൂത്തുപറമ്പിലും സൂക്ഷിക്കും. ഗോഡൗണുകൾക്ക് ഇരട്ടപ്പൂട്ടുണ്ടാകും. സിഐയ്ക്കാണു ചുമതല. മൂന്നു മാസത്തിലൊരിക്കൽ അസി.കമ്മിഷണർ പരിശോധിച്ചു സ്റ്റോക്ക് തിട്ടപ്പെടുത്തണം. 

കഴിഞ്ഞ നാലു മാസത്തിനിടെ 932 കി.ഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. സംസ്ഥാന ഏജൻസികൾ പിടിക്കുന്ന മുഴുവൻ ലഹരിവസ്തുക്കളും എആർ ക്യാംപുകളിലാണ് ഇപ്പോൾ സൂക്ഷിക്കുന്നത്. നൂറുകണക്കിനു കിലോഗ്രാം കെട്ടിക്കിടക്കുന്നുണ്ട്. ലഹരിവസ്തു നശിപ്പിക്കാൻ വിചാരണ തീരുന്നതുവരെ കാത്തിരിക്കേണ്ടെന്നും സാംപിൾ പരിശോധനാഫലം കോടതി അംഗീകരിച്ചാൽ മതിയെന്നും 2014ൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനു സംസ്ഥാനങ്ങൾ മടിച്ചതോടെയാണു കേന്ദ്രം ചട്ടം പുതുക്കിയത്.  പൊലീസും പ്രത്യേക ഗോഡൗണുകൾ തുറക്കണമെന്നു ചട്ടത്തിൽ പറയുന്നു. സാംപിൾ ശേഖരണം, നിർമാർജനം എന്നിവയുടെ മാനദണ്ഡങ്ങളും പുതുക്കി. 

രണ്ടു സാംപിൾ 

നിർബന്ധം

മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ ഒരു യഥാർഥ സാംപിളും ഒരു ഡ്യൂപ്ലിക്കറ്റ് സാംപിളും എടുത്തശേഷം ബാക്കിയുള്ള ലഹരിവസ്തു ഗോഡൗണിലേക്കു മാറ്റണം. ഓപിയം, കഞ്ചാവ്, ഹഷീഷ് എന്നിവ 24 ഗ്രാം, മറ്റുള്ളവ 5 ഗ്രാം വേണം സാംപിളിൽ. മജിസ്ട്രേട്ട് സാക്ഷ്യപ്പെടുത്തിയ സാംപിൾ പരിശോധനയ്ക്കായി ലാബിൽ അയയ്ക്കണം. 

പരിശോധനാഫലം സ്വീകരിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള ലഹരിവസ്തു പുറത്തെടുത്തു നിർമാർജനം ചെയ്യാം.

∙ സമിതി നേരിട്ടു പരിശോധിക്കണം

നിർമാർജനത്തിനു ജില്ലകളിൽ ഡിസ്പോസൽ സമിതിയുണ്ട്. സാംപിൾ, ചിത്രം, വസ്തുവിവരപ്പട്ടിക (ഇൻവെന്ററി) എന്നിവ കേസിന്റെ ആവശ്യത്തിനായി അന്വേഷണ ഉദ്യോഗസ്ഥൻ സൂക്ഷിക്കണം. ശേഷിക്കുന്നവ നിർമാർജനം ചെയ്യാൻ മജിസ്ട്രേട്ടിന്റെ അനുമതി വാങ്ങണം. ഡിസ്പോസൽ സമിതി ഗോഡൗൺ പരിശോധിച്ചു സ്റ്റോക്കിന്റെ കൃത്യത ഉറപ്പാക്കണം. ഹെറോയിൻ 5 കി.ഗ്രാം, ഹഷീഷ് 100 കി.ഗ്രാം, ഹഷീഷ് ഓയിൽ 20 കി.ഗ്രാം, കഞ്ചാവ് 1000 കി.ഗ്രാം, കൊക്കെയ്ൻ 2 കി.ഗ്രാം, മൻഡ്രാക്സ് 3000 കിലോഗ്രാം, മറ്റുള്ളവ 500 കിലോഗ്രാം വരെ എന്നിങ്ങനെയാണു സമിതിയുടെ അധികാരപരിധി. അളവ് ഇതിനു മുകളിലെങ്കിൽ വകുപ്പുമേധാവി പ്രത്യേക സമിതി രൂപീകരിക്കണം. 

ലേലം ചെയ്യാം, കത്തിക്കാം

ഓപിയം, മോർഫിൻ തുടങ്ങിയ ലഹരിവസ്തുക്കൾ സർക്കാർ മേഖലയിലെ ഓപിയം, ആൽകലോയിഡ് ഫാക്ടറികൾക്കു നൽകണം. മരുന്ന്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കാവുന്നവ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം ലേലം ചെയ്യാം. ലേലത്തുക ട്രഷറിയിലേക്ക്. ബാക്കിയുള്ളവ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇൻസിനറേറ്ററിൽ കത്തിക്കാം. വിറ്റതിന്റെയും കത്തിച്ചതിന്റെയും കണക്കു മൂന്നു മാസത്തിലൊരിക്കൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കു നൽകണം.

English Summary : Drugs seized by excise may no longer stored in police camps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com