ADVERTISEMENT

തിരുവനന്തപുരം∙ കർണാടകയിൽ ആഞ്ഞുവീശിയ കോൺഗ്രസ് തരംഗം കേരളത്തിലെ പാർട്ടിയെയും യുഡിഎഫിനെയും ത്രസിപ്പിക്കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിലേക്കു കടക്കുമ്പോൾ അയൽ സംസ്ഥാനത്തു കോൺഗ്രസ് കുതിച്ചുയർന്നതു കെപിസിസിക്ക് ആവേശവും ആത്മവിശ്വാസവും നൽകും. 

കേരളവും കർണാടകയുമാണു ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്റെ ഡബിൾ എൻജിൻ എന്നു തന്നെയാണ് ഈ നേട്ടം വിളിച്ചോതുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് എന്ന ദീർഘദൂര ഓട്ടത്തിൽ ദക്ഷിണേന്ത്യയിൽ നിന്നു പാർട്ടിക്കു മെഡലുകൾ വാരിക്കൂട്ടേണ്ടതും ഈ സംസ്ഥാനങ്ങളിൽ നിന്നു തന്നെ. പഴയ പ്രതാപത്തിലേക്കു പാർട്ടി  മടങ്ങിവരുന്നുവെന്ന സൂചനകൾ ഉയരേണ്ടതു കേരളത്തിലും തിരിച്ചുവരവിന് അത്യന്താപേക്ഷിതമായി നേതാക്കൾ കരുതുന്നു.

ശക്തമായ പ്രാദേശിക നേതൃത്വം മുന്നിൽ നിന്നു നയിച്ച വിജയമാണ് ഇതെന്നതു  കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനും പ്രതീക്ഷ പകരുന്നതാണ്. സിദ്ധരാമയ്യ–ഡി.കെ.ശിവകുമാർ ദ്വയം ഭിന്നതകൾ മാറ്റി ഐക്യം പ്രകടിപ്പിച്ചു. ഇരു നേതാക്കൾക്കും കലവറയില്ലാത്ത പിന്തുണ എഐസിസി നൽകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എഐസിയുടെ ആ പിന്തുണ കേരളത്തിനു ലഭിച്ചതാണ്. എന്നാൽ പാർട്ടിക്കും മുന്നണിക്കും കെട്ടുറപ്പില്ലെന്ന പ്രതീതി ശക്തമായിരുന്നു. 

ആസൂത്രിതവും ഫലപ്രദവുമായ തിരഞ്ഞെടുപ്പ് മാനേജ്മെന്റും കർണാടകയിലെ മടങ്ങിവരവിനു കാരണമായതായി കേരള നേതാക്കൾ വിലയിരുത്തുന്നു. 2021 ലെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണു കേരളത്തിൽ ആ  തയാറെടുപ്പുകൾ തുടങ്ങിയതെങ്കിൽ കർണാടകയിൽ രണ്ടു വർഷത്തോളം മുൻപേ ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ എന്നിവരും അതിന്റെ ഭാഗമായി. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്ന ‘കേരള ആർമി’ക്കും ഇത് അഭിമാന നിമിഷമാണ്. മുന്നണി രാഷ്ട്രീയമല്ല കർണാടകയിൽ എന്നതിനാൽ തന്നെ ബിജെപിയെ കെട്ടുകെട്ടിച്ചതിന്റെ നേട്ടം കോൺഗ്രസിനു മാത്രം അവകാശപ്പെട്ടതാണ്. ബിജെപി തന്നെയാണു മുഖ്യശത്രു എന്ന പ്രചാരണം അഴിച്ചുവിടാൻ ബത്തേരിയിലെ കോൺഗ്രസ് നേതൃസംഗമം തീരുമാനിച്ചതിനു തൊട്ടു പിന്നാലെ ഉണ്ടായ നേട്ടം ന്യൂനപക്ഷ വിഭാഗങ്ങൾക്കു പാർട്ടിയോടുള്ള വിശ്വാസം ഉറപ്പിക്കാനും പര്യാപ്തമാകും.

പ്രശംസിക്കാൻ മടിച്ചു സിപിഎം

ദക്ഷിണേന്ത്യ ബിജെപി മുക്തമായതിന്റെ സന്തോഷം കേരളത്തിലെ സിപിഎം പങ്കിട്ടെങ്കിലും അതു സാധിച്ചെടുത്ത കോൺഗ്രസിനു ക്രെഡിറ്റ് കൈമാറാൻ തുനിഞ്ഞിട്ടില്ല എന്നതു ശ്രദ്ധേയമാണ്. ജനതാദളി (എസ്)ന്റെ പിന്തുണയോടെ ബാഗേപ്പളളി സീറ്റ് തിരിച്ചു പിടിക്കാമെന്നു പ്രതീക്ഷിച്ച സിപിഎമ്മിന്റെ പ്രതീക്ഷ ആ മണ്ഡലത്തിലും കെടുത്തിക്കളഞ്ഞതു കോൺഗ്രസ് തന്നെയാണ്. മത്സരിച്ച ആറു സീറ്റിൽ ഒഴിച്ച് എല്ലായിടത്തും കോൺഗ്രസിനെ പരസ്യമായി പിന്തുണച്ച സിപിഐക്ക് ഉചിതവും പ്രായോഗികവുമായ രാഷ്ട്രീയ തീരുമാനം വീണ്ടും എടുത്തെന്നു കരുതാം. കേരളത്തിലെ ദളിനും കോൺഗ്രസിന്റെ നേട്ടം ആശ്വാസം പകരുന്നതാണ്. 

English Summary: Proud moment for Congress kerala leaders also in Karnataka Assembly Election 2023 victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com