ഡോ.വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് അധികൃതർ

Mail This Article
തിരുവനന്തപുരം ∙ ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിൽ മാനസിക പ്രശ്നങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്നില്ലെന്നു ജയിൽ അധികൃതർ. ഭക്ഷണം കഴിക്കുന്നുണ്ട്. മാതാവുമായി വളരെ അടുപ്പം പുലർത്തിയിരുന്നതായി ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞു. ശനിയാഴ്ച പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിൽ എത്തി ഇയാളെ പരിശോധിച്ചു. നിലവിൽ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല.
നാട്ടുകാരുമായുള്ള പ്രശ്നത്തെ തുടർന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതെന്ന് ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞു. ആശുപത്രിയിൽ പരിശോധിക്കുന്നതിനിടെ ചിലരുടെ സംസാരം പ്രകോപനമുണ്ടാക്കി. അവിടെയുള്ളവർ ആക്രമിക്കുമെന്ന സംശയത്തിലാണ് കത്രികയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനാണ് ലക്ഷ്യമിട്ടത്.
ഡോ.വന്ദന ദാസിനെ ലക്ഷ്യം വച്ചില്ലെന്നാണ് ഇയാളുടെ ഏറ്റുപറച്ചിൽ. ആശുപത്രിയിൽ പോകാനായി ആദ്യം പൊലീസിനെ വിളിച്ച സന്ദീപ് ഉദ്യോഗസ്ഥർ എത്തുന്നതിനിടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കുറ്റിക്കാട്ടിൽ ഒളിച്ചു. നാട്ടുകാർ ബൈക്കിൽ പിൻതുടരുന്നെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. താൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാണെന്നാണ് സന്ദീപ് ജയിൽ അധികൃതരോട് പറഞ്ഞത്.
ഇയാൾ സാധാരണ നിലയിലായതോടെയാണ് ജയിൽ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കാൽക്കുഴയിലെ പരുക്കിന് ബാൻഡേജ് ചുറ്റിയിട്ടുണ്ട്. ജയിൽ ഡോക്ടർ ദിവസവും പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
English Summary: Sandeep has no mental problems; 'He did not like the talk of the people in the hospital and targeted the male doctor'