ADVERTISEMENT

തിരുവനന്തപുരം∙ റോഡ് ക്യാമറ ഇടപാടിൽ ആരോപണം ഉപകരാറുമായും ഉപകരണങ്ങളുടെ നിരക്കുമായും ബന്ധപ്പെട്ടാണെന്നിരിക്കെ, കരാറിനെക്കുറിച്ചു മാത്രം അന്വേഷണം നടത്തിയാണ് വിവാദങ്ങൾ അവസാനിച്ചതായി സർക്കാർ പ്രഖ്യാപിച്ചത്. ടെൻഡറിൽ ‘ഉപകരാർ നൽകൽ’ എന്ന ഭാഗത്തു പറയുന്നതിങ്ങനെ: ‘ഉപകരാർ നൽകുന്നത് എന്തൊക്കെയെന്നും ആർക്കൊക്കെയെന്നുമുള്ള വിശദാംശങ്ങൾ കരാർ നേടുന്ന കമ്പനി കെൽട്രോണിനെ അറിയിച്ചിരിക്കണം. അവരെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാനുള്ള അവകാശം കെൽട്രോണിനായിരിക്കും.’

ഉപകരാർ കമ്പനികളെക്കുറിച്ച് അന്വേഷിക്കേണ്ട ചുമതല കെൽട്രോൺ നിർവഹിച്ചോ എന്ന കാര്യം പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിച്ചില്ല. എന്തൊക്കെ ഘടകങ്ങളിലാണ് ഉപകരാർ എന്നതു കെൽട്രോണിനെ എസ്ആർഐടി അറിയിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നോ എന്നതും അന്വേഷണപരിധിയിൽ വന്നിട്ടില്ല.

അൽഹിന്ദ്, പ്രസാഡിയോ കമ്പനികളുടെ പേരുകൾ കെൽട്രോണുമായുള്ള കരാറിൽ ഉൾപ്പെടുത്തിയത് ആ കമ്പനികളുടെ നിർബന്ധം മൂലമാണെന്ന് എസ്ആർഐടി സിഇഒ വെളിപ്പെടുത്തിയിരുന്നു. ഇതിനായി കെൽട്രോണിലും സമ്മർദമുണ്ടായെന്നു വ്യക്തമാക്കുന്നതാണു മന്ത്രി പി.രാജീവിന്റെ വെളിപ്പെടുത്തൽ. കെൽട്രോൺ ആദ്യം തയാറാക്കിയ കരാറിൽ അൽഹിന്ദിന്റെയും പ്രസാഡിയോയുടെയും പേരുണ്ടായിരുന്നില്ലെന്നാണു മന്ത്രി പറഞ്ഞത്. കരാറുകളിൽ അങ്ങനെയൊരു രീതിയില്ലെന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിലുമുണ്ട്. അങ്ങനെയെങ്കിൽ ഇരു കമ്പനികളുടെയും പേര് കരാറിൽ ഉൾപ്പെടുത്താൻ എന്തുതരം സമ്മർദമാണുണ്ടായതെന്നും കീഴ്‌വഴക്കം തെറ്റിച്ചു കരാർ തയാറാക്കിയതിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നുമുള്ള അന്വേഷണത്തിലേക്കു പ്രിൻസിപ്പൽ സെക്രട്ടറി പോയിട്ടില്ല.

ഉപകരാർ കമ്പനികളുടെ പേര് കരാറിൽ ഉൾപ്പെടുത്തിയതും സമഗ്ര ഭരണാനുമതി ലഭിക്കുന്നതിനു മുൻപ് ഉപകരണങ്ങൾ വാങ്ങിയതും കെൽട്രോണിന്റെ വീഴ്ചയാണെന്നു പറയുമ്പോഴും ഇവ നിസ്സാരവൽക്കരിക്കാനാണു സർക്കാർ ശ്രമം. വിശദമായ അന്വേഷണമോ നടപടിയോ ഇല്ല.

ഇതൊക്കെ ഇനി ആര് അന്വേഷിക്കും

1. ടെൻഡറിൽ പങ്കെടുത്തതു ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ. ഒത്തുകളി (ബിഡ് റിഗ്ഗിങ്) നടന്നോ?

2. പദ്ധതിയിൽ സുതാര്യതയില്ലെന്നാരോപിച്ച് അൽഹിന്ദ് നൽകിയ കത്തിൽ എന്തന്വേഷണം നടന്നു?

3. ഉപകരാർ കമ്പനികളുമായി ബന്ധമില്ലെന്നു പറഞ്ഞ കെൽട്രോൺ, അൽഹിന്ദ് നൽകിയ സെക്യൂരിറ്റി ഡിപ്പോസിറ്റ് സ്വീകരിച്ചതെന്തിന്?

4. പദ്ധതി വൈകിപ്പിച്ച എസ്ആർഐടിക്കെതിരെ കരാർ ലംഘനത്തിനു നടപടിയെടുത്തോ?

5. സമഗ്ര ഭരണാനുമതി ലഭിക്കുംമുൻപേ ഉപകരണങ്ങൾ വാങ്ങാൻ ധൃതിവച്ചതെന്തിന്?

6. ഉപകരണങ്ങളുടെ യഥാർഥ വില അന്വേഷിച്ചോ?

7. ഭരണതലത്തിൽ പ്രസാഡിയോ കമ്പനിയുടെ ഉന്നതബന്ധങ്ങളെന്തൊക്കെ?

8. ഒരു രൂപ പോലും മുടക്കാത്ത പ്രസാഡിയോ എങ്ങനെ പദ്ധതി വഴിയുള്ള ലാഭത്തിൽ 60% അവകാശപ്പെട്ടു?

9. ഉപകരണങ്ങളെല്ലാം വാങ്ങിയതു ട്രോയ്സ് വഴി. അതേ ട്രോയ്സിന്റെ എംഡി ജിതേഷ് എങ്ങനെ എസ്ആർഐടിയും കെൽട്രോണുമായുള്ള കരാറിൽ സാക്ഷിയായി?

അവിടെ എസ്എസ്എൽസി, ഇവിടെ ക്യാമറ റിപ്പോർട്ട്; വിവാദം വീണ്ടും  ചൂടാകുന്നത്  ഒഴിവാക്കാൻ തന്ത്രം

തിരുവനന്തപുരം∙ ക്യാമറ വിവാദത്തിൽ  പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ വ്യവസായമന്ത്രി പറഞ്ഞത്, എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ്. എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പല സ്ഥലംമാറ്റങ്ങൾക്കും വിദേശയാത്രയ്ക്കുമൊടുവിൽ മൂന്നാഴ്ചയെടുത്താണു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് വിശദീകരിക്കാൻ വ്യവസായമന്ത്രി വാർത്താസമ്മേളനം വിളിച്ചതാകട്ടെ വിദ്യാഭ്യാസമന്ത്രി നടത്തിയ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് അരമണിക്കൂർ മുൻപ്. മറ്റു പല വിഷയങ്ങളാൽ ഒരാഴ്ചയായി തണുത്തുനിന്ന ക്യാമറ വിവാദം വീണ്ടും ചൂടാകുന്നത് ഒഴിവാക്കാനാണ് ഈ സമയം തിരഞ്ഞെടുത്തതെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ 26ന് അന്വേഷണം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ അന്വേഷണോദ്യോഗസ്ഥനായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിനെ ഒപ്പമിരുത്തി കരാറിനെയും കെൽട്രോണിനെയും മന്ത്രി ന്യായീകരിച്ചിരുന്നു. ഇക്കാരണത്താൽ അന്വേഷണത്തിൽ വിശ്വാസമില്ലെന്നു പ്രതിപക്ഷം നിലപാടെടുക്കുകയും ചെയ്തു. അന്വേഷണഘട്ടത്തിൽ വ്യവസായ വകുപ്പിൽനിന്നു മാറ്റിയ ഹനീഷിനെ ആദ്യം റവന്യു വകുപ്പിലും 24 മണിക്കൂറിനകം മാറ്റി ആരോഗ്യവകുപ്പിലും നിയമിച്ചു. തുടർന്ന് ഒരാഴ്ച വിദേശ സന്ദർശനത്തിനയച്ചു. അന്വേഷണ റിപ്പോർട്ട് നൽകിയപാടേ വ്യവസായ വകുപ്പിന്റെ ചുമതല തിരിച്ചു നൽകുകയും ചെയ്തു. ഇതിലെല്ലാം പ്രതിപക്ഷം ദുരൂഹത സംശയിക്കുന്നുണ്ട്.

English Summary: Probe report on AI road camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com