ADVERTISEMENT

കൊട്ടാരക്കര∙ ഡോ.വന്ദനയെ കൊലപ്പെടുത്തിയ ക്രൂരത വിവരിച്ചു പ്രതി ജി.സന്ദീപ്. സംഭവം നടന്ന ദിവസത്തേതിന് സമാനമായി ഇന്നലെ പുലർച്ചെ 4.31നു സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് 15 മിനിറ്റ് തെളിവെടുത്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൻ പൊലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. യാതൊരു ഭാവഭേദവും കുറ്റബോധവും സന്ദീപിൽ പ്രകടമായില്ല. ആദ്യം പ്രൊസീജ്യർ റൂമിൽ എത്തിച്ചു. ചികിത്സയ്ക്കായി അന്നു കിടത്തിയ മേശയ്ക്കു മുന്നിൽ നിന്ന് ഇയാൾ പൊലീസിനോടു സംഭവം വിവരിച്ചു.

 കത്രിക കൈവശപ്പെടുത്തിയതും പിന്നാലെ ബന്ധുവിനെ ചവിട്ടി വീഴ്ത്തിയതും ബിനുവിനെയും ഹോംഗാർഡ് അലക്സ് കുട്ടിയെയും പൊലീസ് ഉദ്യോഗസ്ഥൻ മണിലാലിനെയും കുത്തിപ്പരുക്കേൽപ്പിക്കുന്നതും എങ്ങനെയെന്നും വിശദീകരിച്ചു. 

അവരെ കുത്തിപ്പരുക്കേൽപിച്ചത് എവിടെവച്ചെന്നും ചൂണ്ടിക്കാട്ടി. ഡോ.വന്ദനാദാസിനെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ ഒബ്സർവേഷൻ മുറിയിലെത്തിയപ്പോൾ അൽപനേരം മൗനം പാലിച്ചു. പിന്നീടു കാര്യങ്ങൾ വിശദീകരിച്ചു.  ആക്രമണത്തിന് ഉപയോഗിച്ച കത്രിക കസേരയ്ക്കടിയിൽ ഉപേക്ഷിച്ചത് എങ്ങനെയെന്നും കാണിച്ചു. കസേരയിൽ ഇരുന്നാണു കത്രിക അടിയിലേക്ക് എറിഞ്ഞത്. ആശുപത്രിയുടെ ഭിത്തിയിൽ സ്ഥാപിച്ച കുടിവെള്ളപൈപ്പിൽ നിന്നു

വെള്ളം കുടിച്ചതും കത്രിക കഴുകി ഉപേക്ഷിച്ചതും കാണിച്ചു. ആശുപത്രി ജീവനക്കാരും പൊലീസും ചേർന്നു കീഴ്പ്പെടുത്തിയ വിധവും ഇയാൾ തന്നെ പൊലീസിനോടു വിശദീകരിച്ചു. തെളിവെടുപ്പ് സമയത്ത് ശാരീരിക അവശതകളൊന്നും പ്രകടമായിരുന്നില്ല.

ഇരുകാലുകളിലും ബാൻഡേജ് ഉണ്ടായിരുന്നു. മൂത്ര തടസ്സം കാരണം യൂറിൻ ബാഗും ഘടിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ്, കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്ഐമാരായ നിസാമുദീൻ, ബേബിജോൺ, സി.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്.10ന് പുലർച്ചെ 4.30നാണ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് അക്രമം കാട്ടിയത്. 

അന്ന് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇന്നലെയും ഉണ്ടായിരുന്നു. പുലർച്ചെ തെളിവെടുപ്പിന് ശേഷം സന്ദീപിനെ തിരികെ ക്രൈംബ്രാഞ്ച്‍ ഓഫിസിൽ എത്തിച്ചു.

 

 

English Summary: Vandana murder; evidence collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com