ADVERTISEMENT

തിരുവനന്തപുരം ∙ 1998ൽ കേരള നിയമസഭയ്ക്കു വേണ്ടി 70 കോടി രൂപ ചെലവാക്കി നിർമിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രി ഇ.കെ.നായനാർ ചോദിച്ചു: ‘‘നിയമസഭയ്ക്ക് ഇത്രയും വലിയ കെട്ടിടം വേണമായിരുന്നോ?’’ 

നായനാർ മാത്രമല്ല, അന്ന് പലരും ഇതേ ചോദ്യം മനസ്സിലെങ്കിലും ചോദിച്ചു. ഡൽഹിയിൽ കാലാവസ്ഥ അനൂകൂലമല്ലാത്ത സാഹചര്യങ്ങളിൽ കേരളത്തിലേക്കു പാർലമെന്റ് സമ്മേളനം മാറ്റാമെന്നതടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്രയും വലിയ മന്ദിരം പണിയുന്നതെന്ന് അന്ന് ഉദ്യോഗസ്ഥർ നായനാരെ ധരിപ്പിച്ചു. എങ്കിലും അദ്ദേഹത്തിന്റെ സന്ദേഹം മാറിയില്ല. ‘‘ഇനിയിപ്പോൾ ലോക്സഭാ സമ്മേളനം ഇവിടെ എന്നെങ്കിലും കൂടുമോ? എംപിമാരെ വിളിച്ചാൽ അവർ വരുമോ?’’– നായനാർ ചോദിച്ചു.  നായനാരുടെ അന്നത്തെ ചോദ്യം ന്യായമായിരുന്നു. 25 വർഷത്തിനിടെ ഒരു ലോക്സഭാ സമ്മേളനം പോലും കേരളത്തിൽ നടന്നില്ല. പക്ഷേ, നിയമസഭാ മന്ദിരത്തിന്റെ വലുപ്പവും സൗകര്യങ്ങളും ഇന്നൊരു വലുപ്പമേയല്ല. മറ്റു സംസ്ഥാനങ്ങൾ ഇപ്പോൾ ചിന്തിച്ചു നടപ്പാക്കുന്നതു കേരളം 25 വർഷം മുൻപ് നടപ്പാക്കി. 

ഇന്നു പുതിയ നിയമസഭാ മന്ദിരങ്ങൾ നിർമിക്കുന്നതിനായി ഡിസൈനും പ്ലാനും എസ്റ്റിമേറ്റും ഒക്കെ തയാറാക്കുന്നതിനു മുൻപ് പല സംസ്ഥാനങ്ങളും ആദ്യം എത്തുന്നതു കേരളത്തിലേക്കാണ്. അന്നു നിർമിച്ച മന്ദിരം ഇന്നാണു നിർമിക്കുന്നതെങ്കിൽ ചെലവ് എത്രയോ മടങ്ങായി വർധിക്കുമായിരുന്നു. 

മലയാളിയായ രാഷ്ട്രപതി കെ.ആർ.നാരായണൻ ഉദ്ഘാടനം ചെയ്ത നിയമസഭാ സമുച്ചയത്തിനു ഇന്ന് 25 വയസ്സ്. 1979ൽ അന്നത്തെ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി ശിലയിട്ട മന്ദിരമാണ് ഏറെക്കുറെ രണ്ടു പതിറ്റാണ്ടു കാത്തിരുന്ന് 1998 മേയ് 22 നു കെ.ആർ.നാരായണൻ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി നായനാർക്കു പുറമേ മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരൻ, എ.കെ.ആന്റണി, പി.കെ.വാസുദേവൻ നായർ, സ്പീക്കർ എം.വിജയകുമാർ തുടങ്ങി അര ഡസനിലേറെ പ്രഗല്ഭർ അണിനിരന്ന പ്രൗഢഗംഭീരമായ വേദിയിലായിരുന്നു ഉദ്ഘാടനം. ചരിത്ര സംഭവത്തിനു മിഴിവേകാനായി എംഎൽഎമാർ പഴയ നിയമസഭാ മന്ദിരത്തിൽ നിന്നു നടന്നാണു പുതിയ മന്ദിരത്തിലേക്ക് എത്തിയത്. 

എട്ടു നിലയുള്ള മന്ദിരത്തിനു തിലകക്കുറി പോലെ കാണുന്ന കേരള സർക്കാരിന്റെ മുദ്രയ്ക്കു മാത്രം 8 ടണ്ണാണു ഭാരം. 22 കഷണങ്ങളായി വാർത്തെടുത്ത് ഓരോന്നായി ഉയർത്തി വിളക്കിച്ചേർക്കുകയായിരുന്നു. തുരുമ്പിക്കാതിരിക്കാൻ ഗൺ മെറ്റൽ കൊണ്ടാണു മുദ്ര നിർമിച്ചത്. തൂണുകൾ ഇല്ലാത്ത വിശാലമായ ഹാൾ. 29 മീറ്റർ ഉയരത്തിൽ തൂവെള്ള മേൽക്കൂര. അതിൽ പൂശിയിരിക്കുന്നതു ചിലന്തിക്കു വല കെട്ടാൻ കഴിയാത്ത ഇറക്കുമതി ചായം. മന്ദിരത്തിനുള്ളിൽ തേക്ക് പലക പാകിയ തറ, തേക്കു കൊണ്ടുള്ള അറവാതിലുകൾ, കമാനങ്ങൾ. 

സഭയിലെ രംഗങ്ങൾ പോലെ കൗതുകവും ആശ്ചര്യവും ജനിപ്പിക്കുന്നതാണു കെട്ടിടത്തിന്റെ മനോഹരമായ നിർമിതി.

English Summary: Kerala assembly building jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com