ADVERTISEMENT

കൊച്ചി ∙ സിലക്‌ഷൻ ട്രയൽസ് നടക്കേണ്ട ഗ്രൗണ്ടിന്റെ ഗേറ്റ് പി.വി.ശ്രീനിജിൻ എംഎൽഎ പൂട്ടിയിട്ടതോടെ, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നെത്തിയ നൂറോളം കുട്ടികളും മാതാപിതാക്കളും പുറത്തുനിൽക്കേണ്ടിവന്നത് 4 മണിക്കൂർ. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ അണ്ടർ–17 സിലക്‌ഷൻ ട്രയൽസിനു സ്പോർട്സ് കൗൺസിലിന്റെ പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമിയിൽ എത്തിയതായിരുന്നു കുട്ടികൾ. പനമ്പിള്ളി നഗർ ഗവ.എച്ച്എസ്എസിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൗണ്ട്. 

സ്കൂൾ കോർപറേഷന്റെ ചുമതലയിലാണെന്നും ഗേറ്റ് ഉടൻ തുറക്കണമെന്നും സ്ഥലത്തെത്തിയ കോൺഗ്രസ് കൗൺസിലർമാർ നിർബന്ധം പിടിച്ചു. ഒടുവിൽ ഈ ഗേറ്റ് സെക്യൂരിറ്റി ജീവനക്കാർ തുറന്നു. പിന്നീട് സ്പോർട്സ് അക്കാദമി അധികൃതരെത്തി ഗ്രൗണ്ടിലേക്കുള്ള ഗേറ്റും തുറന്നുകൊടുത്തു. രാവിലെ 6.30നു തുടങ്ങേണ്ട സിലക്‌ഷൻ നടപടികൾ തുടങ്ങിയപ്പോഴേക്കും 10.45 കഴിഞ്ഞു.

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സിലക്‌‌ഷൻ ട്രയൽസിന് എത്തിയ കുട്ടികൾ, സ്കൂളിന്റെ ഗേറ്റ് പൂട്ടിയതോടെ പുറത്തു കാത്തുനിൽ‌ക്കുന്നു. ചിത്രം: ആറ്റ്‍‌ലി ഫെർണാണ്ടസ് ∙ മനോരമ
കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സിലക്‌‌ഷൻ ട്രയൽസിന് എത്തിയ കുട്ടികൾ, സ്കൂളിന്റെ ഗേറ്റ് പൂട്ടിയതോടെ പുറത്തു കാത്തുനിൽ‌ക്കുന്നു. ചിത്രം: ആറ്റ്‍‌ലി ഫെർണാണ്ടസ് ∙ മനോരമ

സിപിഎമ്മിന്റെ കുന്നത്തുനാട് എംഎൽഎയായ ശ്രീനിജിനാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റ്. ജില്ലാ സ്പോർട്സ് കൗൺസിലിനു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഒക്ടോബർ മുതലുള്ള ഗ്രൗണ്ട് വാടക നൽകാനുള്ളതിനാലാണു ഗേറ്റ് പൂട്ടിയിട്ടതെന്നാണു ശ്രീനിജിന്റെ വാദം. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ കരാർ തങ്ങളുമായിട്ടാണെന്നും ഈ മാസം വരെയുള്ള വാടക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പിന്നാലെ വ്യക്തമാക്കി. ഇതോടെ സംസ്ഥാന–ജില്ലാ സ്പോർട്സ് കൗൺസിലുകൾ തമ്മിലുള്ള അധികാരത്തർക്കവും പുറത്തുവന്നു.

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സിലക്‌‌ഷൻ ട്രയൽസിന് എത്തിയ കുട്ടികൾ, സ്കൂളിന്റെ ഗേറ്റ് പൂട്ടിയതോടെ പുറത്തു കാത്തിരിക്കുന്നു . ചിത്രം: ആറ്റ്‍‌ലി ഫെർണാണ്ടസ് ∙ മനോരമ
കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സിലക്‌‌ഷൻ ട്രയൽസിന് എത്തിയ കുട്ടികൾ, സ്കൂളിന്റെ ഗേറ്റ് പൂട്ടിയതോടെ പുറത്തു കാത്തിരിക്കുന്നു . ചിത്രം: ആറ്റ്‍‌ലി ഫെർണാണ്ടസ് ∙ മനോരമ

ഷറഫലി കേരള സ്പോർട്സ് നിയമം പഠിച്ചിട്ടു സംസാരിക്കണമെന്നും പനമ്പിള്ളിനഗറിലെ ഗ്രൗണ്ട് ജില്ലാ സ്പോർട്സ് കൗൺസിൽ സ്വന്തം നിലയിൽ ആർജിച്ചതാണെന്നും ശ്രീനിജിൻ പറഞ്ഞതോടെ തർക്കം മൂത്തു. മൈതാനങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ചു കേരള സ്പോർട്സ് നിയമത്തിൽ കൃത്യമായി പറയുന്നുണ്ടെന്നും ശ്രീനിജിന് അതു മനസ്സിലാകാത്തത് എന്തുകൊണ്ടെന്നറിയില്ലെന്നും ഷറഫലി പ്രതികരിച്ചു.

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സിലക്‌‌ഷൻ ട്രയൽസിന് എത്തിയ കുട്ടികൾ, സ്കൂളിന്റെ ഗേറ്റ് പൂട്ടിയതോടെ പുറത്തു കാത്തുനിൽ‌ക്കുന്നു. ചിത്രം: ആറ്റ്‍‌ലി ഫെർണാണ്ടസ് ∙ മനോരമ
കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സിലക്‌‌ഷൻ ട്രയൽസിന് എത്തിയ കുട്ടികൾ, സ്കൂളിന്റെ ഗേറ്റ് പൂട്ടിയതോടെ പുറത്തു കാത്തുനിൽ‌ക്കുന്നു. ചിത്രം: ആറ്റ്‍‌ലി ഫെർണാണ്ടസ് ∙ മനോരമ

ജില്ലാ തലത്തിലെ കരാറിനു നിയമസാധുതയില്ലെന്നു കേരള സ്പോർട്സ് കൗൺസിൽ വ്യക്തമാക്കിയതിനാൽ പുതിയ കരാറിൽ ഏർപ്പെടുകയായിരുന്നെന്നും എല്ലാ വാടക കുടിശികയും അടച്ചുകഴിഞ്ഞതായും വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോർട്സ് കൗൺസിലിനു നൽകിയ കത്തും പുറത്തുവന്നു. ഇനി പ്രതികരണത്തിനില്ലെന്നു ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

English Summary: Kerala Blasters and Sports Council controversy over rent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com