ADVERTISEMENT

വൈക്കം ∙ സാമൂഹിക മുന്നേറ്റത്തിലൂടെ അകറ്റിനിർത്തിയ ദുരാചാരങ്ങൾ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ചെറുത്തു തോൽപിക്കാൻ എല്ലാവരുടെയും യോജിപ്പ് വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെപിഎംഎസ് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ ജീർണതകൾ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കു മനുഷ്യർ ഒന്നാണെന്നു പറയുന്നതു ദഹിക്കുന്നില്ല. സമൂഹത്തിൽ ജാതീയമായും മതപരമായും വേർതിരിവു സൃഷ്ടിക്കുക മാത്രമാണ്  ലക്ഷ്യം. നേട്ടങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഉൽപതിഷ്ണുക്കൾ ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മന്ത്രി പി.പ്രസാദ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം, ദലിത്– ആദിവാസി സംയുക്ത സമിതി ചെയർമാൻ കെ.കെ.സുരേഷ്, കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.സനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.   വൈക്കം സത്യഗ്രഹത്തിന്റെ രക്തസാക്ഷി ആമചാടി തേവന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ആമചാടിത്തുരുത്തിൽ നിന്നു സ്മൃതിയാത്രയും നടത്തി.

വിട്ടുനിൽക്കുന്ന സംഘടനകൾക്ക് പരോക്ഷ വിമർശനം

വൈക്കം ∙  സത്യഗ്രഹ ശതാബ്ദിയാഘോഷ പരിപാടികളിൽ നിന്നു വിട്ടുനിൽക്കുന്ന സംഘടനകളെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും. യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ നിലപാടെടുത്ത ഉൽപതിഷ്ണുക്കളുടെ പിന്മുറക്കാർക്ക് ഒന്നിച്ചു നിൽക്കാനാകുന്നില്ലെന്നു സ്വാഗതപ്രസംഗത്തിൽ പുന്നല ശ്രീകുമാർ വിമർശിച്ചു.  ഇതു ശരിയെന്നു പറഞ്ഞ മുഖ്യമന്ത്രി വിമർശനത്തിന് ഇരയായവർ അതിന്റെ സത്ത ഉൾക്കൊണ്ടു മുന്നോട്ടു പോകട്ടെ എന്നു പറഞ്ഞു. വൈക്കം സത്യഗ്രഹത്തിൽ ഒന്നിച്ചു നിന്നവരുടെ പിന്മുറക്കാർക്ക് ഒന്നിച്ചു നിൽക്കാൻ കഴിയുന്നില്ലെന്ന വിമർശനത്തിന്റെ അർഥം വൈക്കം സത്യഗ്രഹത്തിന്റെ പൈതൃകത്തിനു നീതി പുലർത്താൻ കഴിയുന്നില്ല എന്നാണ്. ഇതിൽ തിരുത്തൽ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിഎംഎസ് സംസ്ഥാന സമ്മേളനം ഇന്നുമുതൽ

വൈക്കം ∙ കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് വൈക്കത്ത് തുടക്കം. വൈക്കം ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിന് രാവിലെ 10ന് വൈസ് പ്രസിഡന്റ് പി.എ.അജയഘോഷ് പതാക ഉയർത്തും. 10.30ന് പ്രതിനിധി സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. 

എൽ.രമേശൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് വൈക്കം സത്യഗ്രഹത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. ടി.എം.ഹർഷൻ മോഡറേറ്ററാകും. പ്രഫ. എം.കെ.സാനു മുഖ്യ പ്രഭാഷണം നടത്തും. 7ന് ഊരാളി ബാൻഡ് അവതരിപ്പിക്കുന്ന കലാസന്ധ്യ. നാളെ രാവിലെ 11ന് സുഹൃദ്സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ അധ്യക്ഷത വഹിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ എൻ.ബിജു, വൈസ് പ്രസിഡന്റ് എ.സനീഷ് കുമാർ എന്നിവർ അറിയിച്ചു.

English Summary: KPMS Vaikom conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com