വാടകമുറിയിൽ ലക്ഷങ്ങൾ; നാട്ടിലുള്ളത് പണി തീരാത്ത വീട്

HIGHLIGHTS
  • തിരുവനന്തപുരം മലയിൻകീഴിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി
suresh-kumar-money-seized
പിടിയിലായ വി.സുരേഷ് കുമാർ, സുരേഷ് കുമാറിന്റെ ഒറ്റമുറി താമസസ്ഥലത്തുനിന്ന് കണ്ടെടുത്ത പണം
SHARE

മലയിൻകീഴ് (തിരുവനന്തപുരം) ∙ മണ്ണാർക്കാട്ട് കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മലയിൻകീഴ് ഗോവിന്ദമംഗലം കുഞ്ചുവീട്ടിൽ സുരേഷ് കുമാറിന് (50) നാട്ടിലുള്ളതു പണി പൂർത്തിയാകാത്ത വീട്. നിക്ഷേപങ്ങളും പണവും ഉൾപ്പെടെ ഒന്നരക്കോടി രൂപയുടെ വസ്തുവകകൾ സുരേഷിൽ നിന്നു വിജിലൻസ് കണ്ടെടുത്തിരിക്കെയാണു വീടിന്റെ അവസ്ഥ ചർച്ചയാകുന്നത്. ഈ വീട്ടിൽ വിജിലൻസ് സംഘം ചൊവ്വാഴ്ച രാത്രി 2 മണിക്കൂറോളം പരിശോധന നടത്തി. പണമോ രേഖകളോ ഒന്നും ലഭിച്ചില്ലെന്നാണു വിവരം. 

സുരേഷ് ജോലിയിൽ പ്രവേശിച്ച ശേഷമാണ് ബന്ധുവിൽ നിന്നു ഭൂമി വാങ്ങിയതും വീടു പണി തുടങ്ങിയതും. പണി പൂർത്തിയാകാത്ത ഒറ്റനില വീടാണ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിൽ എത്തുമ്പോൾ ഈ വീട്ടിലാണു താമസം. അറസ്റ്റ് വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെയാണ് സുരേഷ് കുമാറിനെ സംബന്ധിച്ച കാര്യങ്ങൾ നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. 

സാമ്പത്തിക പ്രശ്നം കാരണമാണ് വീടു പണി മുടങ്ങിയതെന്നും പണം കിട്ടിയിരുന്നെങ്കിൽ നിർമാണം പൂർത്തിയാക്കാമായിരുന്നു എന്നും നാട്ടിലെ പലരോടും സുരേഷ് പറഞ്ഞിരുന്നു. വീടു പണി നിർത്തിവയ്ക്കാൻ കരാറുകാരനോടു പറഞ്ഞ കാരണവും സാമ്പത്തികപ്രശ്നമായിരുന്നു. 

അവിവാഹിതനായ സുരേഷ് കുമാർ 20 വർഷത്തിലേറെയായി പാലക്കാട് ആണ്. പിഎസ്‌സി വഴിയാണു ജോലിയിൽ പ്രവേശിച്ചത്. പിതാവ് ചായക്കട നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. സമീപത്തെ സഹോദരിയുടെ വീട്ടിൽ പോകാറുണ്ടെങ്കിലും നാടുമായി ഇപ്പോൾ വലിയ അടുപ്പമില്ല. നാട്ടിൽ സ്വന്തമായി മറ്റു വീടോ സ്വത്തുവകകളോ നിക്ഷേപങ്ങളോ ഉള്ളതായി ബന്ധുക്കൾക്കും നാട്ടുകാർക്കും അറിയില്ല. 

പുതപ്പും ബാഗും സാനിറ്റൈസറും മാസ്കും കെട്ടു പൊട്ടിക്കാതെ 

പാലക്കാട് ∙ കണ്ടാൽ ഗോഡൗൺ ആണെന്നു തോന്നും. പക്ഷേ അല്ല, വിജിലൻസ് അറസ്റ്റ് ചെയ്ത വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാർ താമസിച്ചിരുന്ന മുറിയായിരുന്നു അത്. സുരേഷ് കുമാറിന്റെ മണ്ണാർക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള മുറി പരിശോധിച്ചപ്പോൾ വിജിലൻസ് ഞെട്ടി. 

പണവും നിക്ഷേപ രേഖകളും മാത്രമായിരുന്നില്ല മുറിയിൽ. പാക്കറ്റ് പൊട്ടിക്കാത്ത വസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, പുതപ്പ്, ബാഗ്, പേനകൾ തുടങ്ങിയവയെല്ലാം പ്രളയ ബാധിതർക്ക് എത്തിക്കാൻ 2018 ൽ സുമനസ്സുകൾ എത്തിച്ചതാണ്. കോവിഡ് കാലത്ത് അട്ടപ്പാടിയിൽ വിതരണം ചെയ്യാനായി എത്തിച്ച സാനിറ്റൈസറും മാസ്കും ഇവിടെ ‘സുരക്ഷിതമായി’ ഉണ്ട്. തീർന്നില്ല, കൈക്കൂലിയായി ലഭിച്ച കുടംപുളി, തേൻ, ജാതിക്ക എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 35 ലക്ഷം രൂപ സൂക്ഷിച്ചിരുന്നതു മേശയുടെ താഴെ രഹസ്യ അറയുണ്ടാക്കിയാണ്. 

ഫാൻ പോലും പ്രവർത്തിക്കാത്ത ഒറ്റ മുറിയിലായിരുന്നു കഴിഞ്ഞ 10 വർഷത്തോളമായി താമസം. സമീപത്തുള്ള ചെറിയ ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. കൃത്യസമയത്ത് ഓഫിസിലെത്തും. ജോലി കഴിഞ്ഞാൽ നേരെ മുറിയിലേക്ക്. പുറത്ത് കാര്യമായി ഇറങ്ങാറില്ല. ആരുമായും ബന്ധങ്ങളുമില്ല. 

തിരുവനന്തപുരം സ്വദേശിയായ സുരേഷ് കഴിഞ്ഞ 20 വർഷമായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിൽ ജോലി ചെയ്തു വരികയാണ്. സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റം ലഭിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അതിനു ശ്രമിച്ചില്ല. 

English Summary : Village field assistant Suresh Kumar bribe case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA